Kerala
കരയില്‍ പെഴ്സും മൊബൈല്‍ ഫോണും ചെരിപ്പും ; കാണാതായ വീട്ടമ്മയുടെ മൃതദേഹം കരമനയാറ്റില്‍
പേയാട് ചീലപ്പാറ സ്വദേശിനിയായ കെ എസ് ഷാജി(54)യുടെ മൃതദേഹമാണ് പേയാട് അരുവിപ്പുറം കരമനയാറ്റില്‍ കണ്ടെത്തിയത്

തിരുവനന്തപുരം | കാണാതായ വീട്ടമ്മയുടെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി. പേയാട് ചീലപ്പാറ സ്വദേശിനിയായ കെ എസ് ഷാജി(54)യുടെ മൃതദേഹമാണ് പേയാട് അരുവിപ്പുറം കരമനയാറ്റില്‍ കണ്ടെത്തിയത്.
പെഴ്സും മൊബൈല്‍ ഫോണും ചെരിപ്പും അരുവിപ്പുറം കുളിക്കടവ് വട്ടത്തിനുസമീപം കരമനയാറിന്‍ കരയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു കാട്ടാക്കട ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആറ്റിലെ മുളകളുടെ ഇടയില്‍ മൃതദേഹം കുരുങ്ങിയ നിലയിലായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവരെ കാണ്മാനില്ലായിരുന്നു. വിളപ്പില്‍ശാല പോലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മാറനല്ലൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭര്‍ത്താവിന്റെ മരണ ശേഷം ഇവര്‍ മാനസിക പ്രയാസത്തിലായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.