Connect with us

Kerala

പി എസ് സി കോഴ: പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി

ജില്ലാ കമ്മിറ്റിക്ക് ശാസന

Published

|

Last Updated

കോഴിക്കോട് | പി എസ് സി കോഴ കേസില്‍ പണം കൈപ്പറ്റിയ സി പി എം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗവും സി ഐ ടി യു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി ശാസിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സെക്രട്ടറിയറ്റ് കൈകൊണ്ട നടപടി തീരുമാനം ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് പാര്‍ട്ടിയുടെ ടൗണ്‍ ഏരിയാ കമ്മിറ്റി വിളിച്ച് അവിടെയും റിപ്പോര്‍ട്ട് ചെയ്തു.
ഗുരുതരമായ ഒരു പ്രശ്‌നത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടും പരിഹരിക്കാതെ എട്ടു മാസത്തോളം വലിച്ചു നീട്ടി പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയതിന്റെ പേരിലാണ് ജില്ലാ കമ്മിറ്റിയെ ശാസിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി മുഹമ്മദ് റിയാസാണ്, തന്റെ പേര് ഉപയോഗിച്ച് പണം പറ്റിയതായി പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയത്. എന്നിട്ടു പോലും ജില്ലാ കമ്മിറ്റി ഗൗനിച്ചില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷവും ഇങ്ങനെയൊരു പരാതിയില്ലെന്ന നിലപാടിലായിരുന്നു ജില്ലാ സെക്രട്ടറി പി മോഹനന്‍. ഇതോടെ പി മോഹനന്‍ അടക്കമുള്ള നേതാക്കള്‍ സംശയത്തിന്റെ നിഴലിലായിരുന്നു.

രാവിലെ 11 മണിക്ക് ചേര്‍ന്ന ജില്ലാ കമ്മിറ്റി തീരുമാനം അംഗീകരിച്ച ശേഷമാണ് ഏരിയാ കമ്മിറ്റി വിളിച്ച് തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച യോഗത്തിലേക്ക് പ്രമോദിനെ വിളിച്ചിരുന്നില്ല. പ്രമോദിന്റെ വിശദീകരണം ജില്ലാ കമ്മിറ്റിക്ക് നേരത്തെ എഴുതി സമര്‍പ്പിച്ചിരുന്നു. ഇങ്ങനെ ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അറിയില്ല എന്നായിരുന്നു പ്രമോദും മാധ്യമങ്ങളോടു പറഞ്ഞത്. റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള വിഷയം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് സൂചന.

---- facebook comment plugin here -----

Latest