Connect with us

National

സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം; ഇന്ത്യയിലുള്ള പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് കാനഡ

സാമൂഹിക മാധ്യമങ്ങളില്‍ കാനഡക്കെതിരെ പ്രതിഷേധങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് കാനഡ, ഇന്ത്യയിലെ തങ്ങളുടെ പൗരന്മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി നയതന്ത്ര ബന്ധം വഷളായിരിക്കെ ഇന്ത്യയിലെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമായി കാനഡ. സാമൂഹിക മാധ്യമങ്ങളില്‍ കാനഡക്കെതിരെ പ്രതിഷേധങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് കാനഡ, ഇന്ത്യയിലെ തങ്ങളുടെ പൗരന്മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.കാനഡയിലെയും ഇന്ത്യയിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, സോഷ്യല്‍ മീഡിയയില്‍ കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. ദയവായി ജാഗ്രത പാലിക്കുക- കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമായത്.

അതേസമയം കാനഡയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സംഭവത്തില്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഒട്ടാവ പുറത്താക്കിയതിന് പിന്നാലെ മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി.

കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയും നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും കഴിഞ്ഞയാഴ്ച്ച അവസാനത്തോടെ വിസ സേവനങ്ങള്‍ നിര്‍ത്തുകയും ചെയ്തിരുന്നു

അതേ സമയം ഖാലിസ്ഥാന്‍ പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് പുറത്ത് സുരക്ഷ കര്‍ശനമാക്കി. ഖാലിസ്ഥാനി സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) പ്രതിഷേധ ആഹ്വാനത്തെത്തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് പുറത്ത് ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുക്ഷാവലയവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ലോക്കല്‍ പോലീസിനെയും ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest