Kerala
സംഘ്പരിവാർ അനുകൂല പ്രസ്താവന: മാർ ജോസഫ് പാംപ്ലാനിക്കെതിരെ മന്ത്രി വി ശിവൻകുട്ടി
ഛത്തീസ്ഗഡിലും മണിപ്പൂരിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ സി പി എമ്മിനെ ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്നത് പരിഹാസ്യം

തിരുവനന്തപുരം | സംഘ്പരിവാർ അനുകൂല പ്രസ്താവന നടത്താറുള്ള തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയണമെന്നും പാംപ്ലാനിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ബി ജെ പിയുടെ ക്രൈസ്തവ വേട്ടക്കെതിരെ മൗനം പാലിക്കുകയും എന്നാൽ സ്വന്തം താത്പര്യങ്ങൾക്കായി അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന പാംപ്സാനിയുടെ സമീപനമാണ് ഇത്തരം ചർച്ചകൾക്ക് കാരണം. ബി ജെ പിയെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളെ എം വി ഗോവിന്ദൻ തുറന്നുകാട്ടിയപ്പോൾ അതിനെ സഭക്കെതിരായ നീക്കമായി ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനാണ്. ഛത്തീസ്ഗഡിലും മണിപ്പൂരിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ സി പി എമ്മിനെ ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണെന്നും ശിവൻകുട്ടി കുറിപ്പിൽ പറയുന്നു.
സി പി എം ഒരു കാലത്തും ക്രൈസ്തവ സമൂഹത്തിന് എതിരായി പ്രവർത്തിച്ചിട്ടില്ല. എന്നാൽ സ്വന്തം താത്പര്യങ്ങൾക്കായി വിശ്വാസികളെ ഒറ്റി സംഘപരിവാർ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ മുന്നോട്ടുവെക്കുകതന്നെ ചെയ്യുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.