Connect with us

National

ഗുജറാത്തില്‍ സാന്നിധ്യമറിച്ചു; ദേശീയ പാര്‍ട്ടി പദവിയിലേക്ക് പറക്കാനൊരുങ്ങി എ എ പി

ബി ജെ പിയുടെ മണ്ണില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.

Published

|

Last Updated

ഗാന്ധിനഗര്‍ | ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോഴും സാന്നിധ്യമറിയിച്ച് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനെ മറികടന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനത്തേക്ക് ഉയരാനുള്ള നിര്‍ണായക ചുവടുവെപ്പാണ് എ എ പിയുടെ പ്രകടനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ എ എ പി ചരിത്രപരമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാനിരിക്കുകയാണ്. ഗുജറാത്തിലെ മികച്ച പ്രകടനത്തോടെ ദേശീയ പാര്‍ട്ടി എന്ന പദവിയിലേക്ക് പറക്കാനൊരുങ്ങുകയാണ് അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി. നിലവില്‍ ആറ് സീറ്റുകളില്‍ എ എ പിക്ക് ലീഡുണ്ട്. രണ്ട് സീറ്റും ആറ് ശതമാനം വോട്ടുമാണ് ദേശീയ പാര്‍ട്ടിയാകാന്‍ എ എ പിക്ക് വേണ്ടത്.

ഡല്‍ഹിയിലും പഞ്ചാബിലും നേടിയ തിളക്കമാര്‍ന്ന വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് എ എ പി ഗുജറാത്തിലും ഒരു കൈ നോക്കാനിറങ്ങിയത്. 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി ജെ പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനുമെതിരെ കളത്തിലിറങ്ങിയ എ എ പി ഇരു പാര്‍ട്ടികളുടെയും കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന പ്രകടനമാണ് നടത്തിയത്. ബി ജെ പിയുടെ മണ്ണില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.