Connect with us

National

ബഹുഭാര്യത്വം ക്രിമിനൽ കുറ്റം; ഏഴ് വർഷം വരെ തടവ്; അസമിൽ ബിൽ പാസ്സായി

ബിൽ ഇസ്‌ലാമിന് എതിരല്ലെന്നും, 'യഥാർത്ഥ ഇസ്‌ലാം മതവിശ്വാസികൾ' ഇതിനെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

Published

|

Last Updated

ഹിമന്ത ബിശ്വ ശർമ

ഗുവാഹത്തി | ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ അസം നിയമസഭ പാസാക്കി. ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവും നിലവിലെ പങ്കാളിയെക്കുറിച്ചുള്ള വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിക്കുന്നവർക്ക് പത്ത് വർഷം വരെ തടവും ബിൽ വ്യവസ്ഥ ചെയ്യുന്നു.

ബിൽ ഇസ്‌ലാമിന് എതിരല്ലെന്നും, ‘യഥാർത്ഥ ഇസ്‌ലാം മതവിശ്വാസികൾ’ ഇതിനെ സ്വാഗതം ചെയ്യുമെന്നും ബിൽ പാസാക്കുന്നതിന് മുൻപ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സഭയിൽ പറഞ്ഞു. അടുത്ത വർഷം വീണ്ടും മുഖ്യമന്ത്രിയായാൽ ആദ്യ സെഷനിൽ തന്നെ ഏകീകൃത സിവിൽ കോഡ് (യു സി സി) നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബില്ലിനെ എതിർത്ത എ ഐ യു ഡി എഫ്. നേതാവ് അമിനുൽ ഇസ്ലാം ഇത് ഭരണഘടനയുടെ ചില അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ആരോപിച്ചു.

പ്രത്യേക തടവ് നിയമങ്ങൾ (Sixth Schedule) നിലനിൽക്കുന്ന ബോഡോലാന്റ് ടെറിട്ടോറിയൽ റീജിയൺ, ദിമാ ഹസാവോ, കാർബി ആംഗ്ലോങ്, വെസ്റ്റ് കാർബി ആംഗ്ലോങ് തുടങ്ങിയ ജില്ലകൾക്കും പട്ടിക വർഗ്ഗക്കാർക്കും ഈ നിയമം ബാധകമല്ല.

ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവർക്ക് പുറമെ ഇതിന് കൂട്ടുനിൽക്കുന്ന മാതാപിതാക്കൾ, ഗ്രാമ അധികാരികൾ, മത പുരോഹിതന്മാർ എന്നിവർക്കും രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതൊരു ‘കോഗ്നിസബിൾ’ ക്രിമിനൽ കുറ്റമാക്കിയതോടെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിക്കാനും പൊലീസിന് അധികാരമുണ്ട്. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവർക്ക് അസം സർക്കാർ ധനസഹായം നൽകുന്ന പൊതുതൊഴിലുകൾക്കും പദ്ധതികൾക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യത കൽപ്പിക്കും.

നിയമവിരുദ്ധമായ ബഹുഭാര്യത്വത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

Latest