Connect with us

Qatar World Cup 2022

സഊദി പടയോട്ടം തടഞ്ഞ് പോളിഷ് വീര്യം

ഏകപക്ഷീയമായ രണ്ട് ഗോളിനാണ് സഊദിയെ ലെവന്‍ഡോസ്‌കിയും സംഘവും പരാജയപ്പെടുത്തിയത്.

Published

|

Last Updated

ദോഹ | അര്‍ജന്റീനയെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ മുന്നേറിയ സഊദി അറേബ്യയെ തളച്ച് പോളണ്ട്. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് സഊദിയെ ലെവന്‍ഡോസ്‌കിയും സംഘവും പരാജയപ്പെടുത്തിയത്. ലഭിച്ച പെനാല്‍റ്റി ഗോളാക്കാന്‍ സഊദിക്ക് കഴിഞ്ഞുമില്ല.

39ാം മിനുട്ടിലാണ് പോളണ്ട് ആദ്യ ഗോളടിച്ചത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ അസിസ്റ്റില്‍ പിയോതര്‍ സീലിന്‍സ്‌കിയായിരുന്നു സ്കോറർ. ആദ്യപകുതിയുടെ അധിക സമയത്താണ് സഊദി താരം സാലിം അല്‍ ദൗസരി പെനാല്‍റ്റി കിക്കെടുത്തത്. എന്നാല്‍ പോളണ്ട് ഗോളി വോയ്‌സീഷ് സ്‌ഴെസ്‌നി തടഞ്ഞു.

82ാം മിനുട്ടിലാണ് സഊദി പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത് ലെവന്‍ഡോസ്‌കി ഗോളടിച്ചത്. നിരവധി മുന്നേറ്റങ്ങള്‍ സഊദി നടത്തിയെങ്കിലും പലതും ഫിനിഷിംഗില്‍ പിഴച്ചു. പോളിഷ് ഗോളി വോയ്‌സീഷ് സ്‌ഴെസ്‌നി പല ശ്രമങ്ങളും തടഞ്ഞു. മറുഭാഗത്ത് ലെവന്‍ഡോസ്‌കിയുടെ നേതൃത്വത്തില്‍ സഊദി ഗോള്‍മുഖം പല പ്രാവശ്യം ആക്രമിച്ചിരുന്നു.

പന്ത് കൈവശം വെക്കുന്നതിലും ഗോള്‍മുഖത്തേക്കുള്ള ഷോട്ടുകളിലും സഊദി ബഹുദൂരം മുന്നിലായിരുന്നു. പലപ്പോഴും മത്സരം പരുക്കനായി. ആദ്യ പകുതിയില്‍ അഞ്ച് തവണയാണ് റഫറി വില്‍ട്ടന്‍ പെരേര സാംപായോ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയത്. മൂന്നെണ്ണം പോളണ്ടിൻ്റെ താരങ്ങൾക്കായിരുന്നു.

---- facebook comment plugin here -----

Latest