National
വിബി ജി റാംജി പദ്ധതി; പ്രത്യേക ഗ്രാമസഭകള്‍ ചേരാന്‍ കേന്ദ്ര നിര്‍ദേശം
ഈ മാസം 26ന് മുമ്പ് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കണം എന്നാണ് നിര്‍ദേശം.
ന്യൂഡല്‍ഹി|മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കു പകരം കൊണ്ടുവന്ന വിബി ജി റാം ജി പദ്ധതി നടപ്പാക്കാനായി പ്രത്യേക ഗ്രാമസഭകള്‍ ചേരാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഗ്രാമസഭകളില്‍ തൊഴിലാളികളുടെയും സ്ത്രീകളുടെയും ദളിത്-പിന്നാക്ക വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണം. ഇക്കാര്യം ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. ഈ മാസം 26ന് മുമ്പ് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കണം എന്നാണ് നിര്‍ദേശം. ഗ്രാമസഭകള്‍ വിളിക്കുന്നത് അടക്കമുള്ള നടപടികള്‍ കേന്ദ്രഗ്രാമ വികസന മന്ത്രാലയം നിരീക്ഷിക്കും.
പദ്ധതിയെക്കുറിച്ചും നിയമവശത്തെക്കുറിച്ചുള്ള ബോധവല്‍ക്കണമാണ് ഗ്രാമസഭകളിലൂടെ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ഗ്രാമസഭകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ചിത്രങ്ങളും വീഡിയോകളും സഹിതം നിര്‍ണയ് ആപ്പില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശമുണ്ട്.
പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ലോക്സഭയിലും രാജ്യസഭയിലും ബില്‍ പാസാക്കിയത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി.

