Kerala
രണ്ടുവര്‍ഷം മുമ്പത്തെ പോലീസ് മര്‍ദ്ദനം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസുകാരെ പിരിച്ചുവിടണമെന്ന് ചെന്നിത്തല
പോലീസ് പൂഴ്ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ ദീര്‍ഘമായ വിവരാവകാശ നിയമ പോരാട്ടത്തിലൂടെയാണ് സുജിത് പുറത്തു കൊണ്ടുവന്നത്

തിരുവനന്തപുരം | രണ്ടുവര്‍ഷം മുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായി. തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ ഉടനടി സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പോലീസ് പൂഴ്ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ ദീര്‍ഘമായ വിവരാവകാശ നിയമ പോരാട്ടത്തിലൂടെയാണ് സുജിത് പുറത്തു കൊണ്ടുവന്നത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന രീതിയില്‍ ക്രൂരമായി ഒരു ചെറുപ്പക്കാരനെ തല്ലിച്ചതക്കാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തതെന്നു ചെന്നിത്തല ചോദിച്ചു. ഇത്തരം നരാധമന്മാരെ പോലീസ് സേനയില്‍ വെച്ച് പൊറുപ്പിക്കാതെ ഉടനടി പിരിച്ചു വിടുകയാണ് വേണ്ടത്. പോലീസ് സ്റ്റേഷനുകള്‍ മര്‍ദ്ദന കേന്ദ്രങ്ങള്‍ അല്ല. പ്രതിപക്ഷത്തെ തല്ലി ചതക്കാനും അടിച്ചൊതുക്കാനും ഉള്ള നാസി തടങ്കല്‍ പാളയങ്ങളുമല്ല. പോലീസ് ജനങ്ങളുടെ സേവകര്‍ ആവുകയാണ് ആദ്യം വേണ്ടത്. കൂട്ടുകാരെ തെറി പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് ഈ യുവാവിന് ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കി എന്ന എഫ് ഐ ആര്‍ ഇട്ട് കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടന്നു.
എന്നാല്‍ ഇതിനെതിരെ നിയമവഴിയിലൂടെ പോരാടിയ സുജിത്ത് കോടതിയില്‍ നിന്ന് വിടുതല്‍ നേടി പുറത്തുവരികയും പോലീസ് പൂഴ്ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ ദീര്‍ഘമായ വിവരാവകാശ നിയമ പോരാട്ടത്തിലൂടെ പുറത്തു കൊണ്ടുവരികയും ചെയ്തു. ഈ ദൃശ്യങ്ങളില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ തന്നെ അടിയന്തര ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.അല്ലാത്ത പക്ഷം അവര്‍ക്ക് അധികം താമസിയാതെ കണക്ക് പറയേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.