Kerala
പി എം ശ്രീ പദ്ധതി: ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്ന് സണ്ണി ജോസഫ്
നാടിന്റെ പുരോഗതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കുമ്പോള്‍ അതില്‍ ഉപാധികള്‍ ഉണ്ടാകാന്‍ പാടില്ല. ഇരകൊളുത്തി ചൂണ്ടയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്.

കോഴിക്കോട് | പി എം ശ്രീ പദ്ധതിയില്‍ ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടക്ക് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങരുതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. നാടിന്റെ പുരോഗതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കുമ്പോള്‍ അതില്‍ ഉപാധികള്‍ ഉണ്ടാകാന്‍ പാടില്ല. ഇരകൊളുത്തി ചൂണ്ടയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്. കേന്ദ്രം നല്‍കുന്നത് നമ്മുടെ നികുതി പണമാണ്. അര്‍ഹതപ്പെട്ട പണം വാങ്ങുന്നത് അവകാശമാണ്. അവിടെ വ്യവസ്ഥകള്‍ക്ക് സ്ഥാനമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പി എം ശ്രീ പദ്ധതിയെ എതിര്‍ക്കുന്ന നിലപാടില്‍ സി പി ഐ ഉറച്ചുനില്‍ക്കുമോയെന്നത് കണ്ടറിയാം. ഈ വിഷയത്തില്‍ എല്‍ ഡി എഫില്‍ അനൈക്യം പ്രകടമാണ്. സി പി ഐയുടേത് ഉറച്ചനിലപാടാണോയെന്നതില്‍ കോണ്‍ഗ്രസ്സിന് സംശയമുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയിലും കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചു. ദേവസ്വം ബോര്‍ഡ് അറിയാതെ സ്വര്‍ണ മോഷണം നടക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കോടതി ആവര്‍ത്തിച്ച് ഇക്കാര്യം വ്യക്തമാക്കിയതാണ്. ഉന്നതരുടെ പങ്കില്ലാതെ ഇതുപോലൊരു ഭീകര സ്വര്‍ണക്കൊള്ള നടക്കില്ല. സംഘടിതമായ കൊള്ളയാണ് നടന്നത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് തെളിയിക്കുന്നതില്‍ അന്വേഷണ സംവിധാനങ്ങള്‍ക്ക് മെല്ലെപ്പോക്കുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് പ്രതികളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ശൈലിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേത്. അത് കൊലക്കേസായാലും ശബരിമല കൊള്ളയായാലും പാര്‍ട്ടിക്കാരെ സി പി എം സംരക്ഷിക്കും. പക്ഷെ അത് വിജയിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.