Connect with us

From the print

വി എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് യുവ നേതാവ് ആവശ്യപ്പെട്ടതായി പിരപ്പന്‍കോട് മുരളി

'ഈ യുവ നേതാവിന് വളരെപ്പെട്ടെന്ന് പാര്‍ട്ടിയിലെ ഉന്നത പദവികളില്‍ എത്താന്‍ കഴിഞ്ഞു.'

Published

|

Last Updated

തിരുവനന്തപുരം | വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ്‌നല്‍കണമെന്ന് 2012ലെ തിരുവനന്തപുരം സമ്മേളനത്തില്‍ ഒരു യുവ നേതാവ് ആവശ്യപ്പെട്ടിരുന്നതായി മുന്‍ എം എല്‍ എയും മുതിര്‍ന്ന സി പി എം നേതാവുമായ പിരപ്പന്‍കോട് മുരളി. ഈ യുവ നേതാവിന് വളരെപ്പെട്ടെന്ന് പാര്‍ട്ടിയിലെ ഉന്നത പദവികളില്‍ എത്താന്‍ കഴിഞ്ഞു. ക്യാപിറ്റല്‍ പണിഷ്മെന്റ്‌ നല്‍കണമെന്ന് കോണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിക്കുന്നത് വെറും കെട്ടുകഥയാണെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നതിനിടെയാണ് 2012ലെ സമ്മേളനത്തില്‍ പ്രതിനിധിയായിരുന്ന പിരപ്പന്‍കോട് മുരളിയുടെ തുറന്നുപറച്ചില്‍.

രണ്ടായിരത്തിനു ശേഷം പാര്‍ട്ടി സമ്മേളനങ്ങള്‍ വി എസിനെതിരായ പകപോക്കല്‍ സമ്മേളനങ്ങളായി മാറി. വി എസിനെ ഒപ്പം നിന്നവര്‍ വഞ്ചിച്ചു. സ്ഥാനമാനത്തിനും മറ്റ് പ്രലോഭനങ്ങളുടെ പേരിലും മൂന്ന് പേര്‍ മാറി. അതില്‍ ഒരാള്‍ മന്ത്രിയായി, രണ്ട് പേരെ സംസ്ഥാന കമ്മിറ്റിയിലേക്ക് ശിപാര്‍ശ ചെയ്തിരുന്നുവെന്നും പിരപ്പന്‍കോട് മുരളി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളിയുടെ വെളിപ്പെടുത്തല്‍.

മാരാരിക്കുളത്ത് വി എസിന്റെ തോല്‍വിക്ക് ഇടയാക്കിയ ചതിയെക്കുറിച്ചും മുരളി തുറന്നടിച്ചു. അന്ന് അവിടെ ജയിച്ച പി ജെ ഫ്രാന്‍സിസ് തന്നോട് പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ നേതാക്കള്‍ സഹായിച്ചതു കൊണ്ടാണ് ജയിച്ചതെന്ന് ഫ്രാന്‍സിസ് എന്നോട് പറഞ്ഞു. രണ്ട് സി പി എം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഒരു സംസ്ഥാന കമ്മിറ്റി അംഗവും വി എസിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇവരെല്ലാം പാര്‍ട്ടി നടപടികളില്‍ നിന്ന് രക്ഷപ്പെട്ടു. 2011ലെ തുടര്‍ഭരണം പാര്‍ട്ടി സംസ്ഥാന നേതൃത്വം മനഃപൂര്‍വം നഷ്ടപ്പെടുത്തിയതാണ്. സുരക്ഷിതമായ പല സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ മനഃപൂര്‍വം തോല്‍പ്പിച്ചു. വി എസ് മുഖ്യമന്ത്രിയായി തുടരാതിരിക്കാനായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. വി എസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുചാടിക്കാനാണ് ഇവര്‍ ഉദ്ദേശിച്ചത്. തിരുത്തല്‍ ശക്തിയായി വി എസ് നിന്നു.

വിഎസിനെ മുഖ്യമന്ത്രിയാക്കണമെന്ന് 2016ല്‍ താന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് പാര്‍ട്ടി പ്രായാധിക്യത്തിന്റെ പേര് പറഞ്ഞ് തന്നെ ഒഴിവാക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വഭാവത്തില്‍ അല്ല ഇന്നത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം. വി എസിനെ പിന്തുണച്ചവര്‍ ഇന്നും പാര്‍ട്ടിയിലുണ്ട്. അവര്‍ക്ക് ഇപ്പോള്‍ ശബ്ദമില്ല. ശബ്ദിച്ചാല്‍ അവരും പുറത്താകുമെന്നും മുരളി ആരോപിച്ചു.

 

---- facebook comment plugin here -----

Latest