National
കോണ്‍ഗ്രസ് ധാരണക്കെതിരെ പിബിയില്‍ പിണറായി സംസാരിച്ചിട്ടില്ല: സീതാറാം യെച്ചൂരി
പിബിയുടെ അനുമതിയോടെ മാത്രമേ ഏത് പിബി അംഗവും സിസിയില്‍ സംസാരിക്കാറുള്ളൂ

ന്യൂഡല്‍ഹി| അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ സംബന്ധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്തൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്നതിനെക്കുറിച്ച് പിബി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് യെച്ചൂരി പറഞ്ഞു. നവംബര്‍ 13, 14 തീയതികളില്‍ നടക്കുന്ന പിബി യോഗത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കുമെന്നും സിതാറാം യെച്ചൂരി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോയില്‍ സംസാരിച്ചിട്ടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പിബി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരളഘടകത്തില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസ് ധാരണയെ ശക്തമായി എതിര്‍ത്തുവെന്ന മാധ്യമവാര്‍ത്തകള്‍ തള്ളിയാണ് സീതാറാം യെച്ചൂരി ഇക്കാര്യം പറഞ്ഞത്. പിബിയുടെ അനുമതിയോടെ മാത്രമേ ഏത് പിബി അംഗവും സിസിയില്‍ സംസാരിക്കാറുള്ളൂവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.