Connect with us

Ongoing News

പി സി ആര്‍ ഒഴിവാക്കിയതില്‍ യു എ ഇയെയും കുവൈത്തിനെയും ഉള്‍പ്പെടുത്തിയില്ല; പ്രതിഷേധവുമായി പ്രവാസികള്‍

Published

|

Last Updated

ദുബൈ | ഇന്ത്യയിലേക്ക് വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയപ്പോള്‍ അപകട സാധ്യതയുള്ള 82 രാജ്യങ്ങളുടെ ലിസ്റ്റില്‍ യു എ ഇയും കുവൈത്തും ഉള്‍പ്പെടാത്തത് പ്രവാസികള്‍ക്ക് നിരാശയായി. ഫെബ്രുവരി 14 മുതലാണ് ഇന്ത്യയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. യാത്രക്ക് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ ടി പി സി ആര്‍ ടെസ്റ്റ് വേണ്ടതില്ലെന്നും ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയുന്നതിന് പകരം 14 ദിവസം സ്വയം നിരീക്ഷണം നടത്താനുമാണ് പുതിയ മാര്‍ഗനിദേശത്തില്‍ പ്രധാനം.

എന്നാല്‍, യു എ ഇയില്‍ നിന്ന് പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്ക് പരിശോധനാ ഇളവ് പ്രയോജനപ്പെടുത്താനാകില്ല. യു എ ഇ ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് എന്തുകൊണ്ടാണെന്നത് വ്യക്തമല്ല. ലോക തലത്തില്‍ തന്നെ കൊവിഡ് പ്രതിരോധത്തിലും പൂര്‍വ സ്ഥിതിയിലേക്ക് മാറുന്നതിലും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് യു എ ഇ. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വന്നു. വാക്‌സിന്‍ എടുത്തവരുടെ എണ്ണത്തിലും രാജ്യം ലോക തലത്തില്‍ മുന്നിലാണ്. ബുധനാഴ്ച, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ) കൊവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും ഫെബ്രുവരി പകുതിയോടെ പൂര്‍ണമായും നീക്കുമെന്ന് പ്രഖ്യാപിച്ചു. ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റും ഫെബ്രുവരി 15 മുതല്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അണുബാധ കുറയുകയും വീണ്ടെടുക്കല്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ ശക്തമായി നടപ്പിലാക്കുകയും ചെയ്യുന്ന രാജ്യമാണ് യു എ ഇ. മൊത്തം 23,806,373 കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കി. 100 പേര്‍ക്ക് 240.70 ഡോസ് എന്നതാണ് വിതരണ നിരക്ക്. 100 ശതമാനം ആളുകളില്‍ 94.84 ശതമാനം ആളുകള്‍ക്ക് പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ചു. വാക്സിനേഷന്‍ നിരക്കും ബൂസ്റ്റര്‍ ഷോട്ട് നിരക്കും യു എ ഇയില്‍ മഹാമാരിയുടെ സൂചകങ്ങള്‍ നന്നേ കുറഞ്ഞതായി വെളിപ്പെടുത്തുന്നതാണ്. എന്നിട്ടും ഇന്ത്യയുടെ ലിസ്റ്റില്‍ യു എ ഇയും കുവൈത്തും ഇടംപിടിക്കാത്തത് എന്തുകൊണ്ടാണെന്നതാണ് പ്രവാസികള്‍ ഉയര്‍ത്തുന്ന ചോദ്യം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മിഷനുകള്‍ അവസരോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിയെയും കോണ്‍സുലേറ്റിനെയും സമീപിക്കാനിരിക്കുകയാണ് പ്രവാസി സംഘടനകള്‍.

കുവൈത്തിലും രോഗവ്യാപ്തി കെട്ടടങ്ങുന്നതായി പ്രാദേശിക ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ദേശീയദിന ആഘോഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് രാജ്യം ആലോചിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദൈനംദിന രോഗബാധിതരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും തീവ്രപരിചരണ വിഭാഗം രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങളും എടുത്തുകളയാനുള്ള ശിപാര്‍ശക്ക് പാര്‍ലിമെന്റ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.