Connect with us

National

ഛത്തീസ്ഗഢിൽ പാസഞ്ചർ ട്രെയിൻ ഗൂഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു പാളംതെറ്റി; നാല് മരണം; നിരവധി പേർക്ക് പരുക്ക്

ബിലാസ്പൂരിൽ കോർബ പാസഞ്ചർ ട്രെയിനാണ് ചരക്ക് വണ്ടിയുമായി കൂട്ടിയിടിച്ചത്

Published

|

Last Updated

ബിലാസ്പൂർ | ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ലാൽഖഡാന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളം തെറ്റി ചുരുങ്ങിയത് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കോർബ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയുമായാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ബിലാസ്പൂർ സ്റ്റേഷന് സമീപമാണ് അപകടം.

ഒരു മെമു ട്രെയിനിന്റെ കോച്ച് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ  പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറി. എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു. കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന് കാര്യമായ നാശനഷ്ടമുണ്ടായി. മൂന്ന് കമ്പാർട്ടുമെന്റുകൾ തകർന്നു. ട്രെയിനിൽ ഒട്ടേറെ യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഭയവിഹ്വലരായ യാത്രക്കാർ ചിതറി ഓടുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

റെയിൽവേ ഉദ്യോഗസ്ഥരും അടിയന്തര രക്ഷാപ്രവർത്തന സേനയും ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിക്കുകയും ചെയ്തു. ബിലാസ്പൂരിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള മെഡിക്കൽ യൂണിറ്റുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പാളത്തിലെ തടസ്സങ്ങൾ നീക്കാനും തിരക്കേറിയ ഈ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ഈ ഭാഗത്തുള്ള ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest