Connect with us

From the print

നെഞ്ചിൽ പഞ്ച്

ലാഹോറിലെ പാക് വ്യോമ പ്രതിരോധം തകർത്തു.മിസൈൽ, ഡ്രോൺ വീഴ്ത്തി. ഡൽഹിയിൽ തിരക്കിട്ട ചർച്ച.പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്താന് കനത്ത തിരിച്ചടി നല്‍കി വീണ്ടും ഇന്ത്യ. ലാഹോറും ഇസ്ലാമാബാദും കറാച്ചിയും  ഉള്‍പ്പെടെ പാകിസ്താന്റെ ഹൃദയഭാഗങ്ങളില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി.  ജമ്മുവില്‍ തുടര്‍ച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്- 16 ഇന്ത്യന്‍ സേന വീഴ്ത്തി. ഭൂതല- വ്യോമ മിസൈല്‍ സംവിധാനം (സാം) ഉപയോഗിച്ചാണ് പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടത്. 2 ജെ എഫ്- 17 യുദ്ധവിമാനവും തകര്‍ത്തു.

പാക് വ്യോമസേനയുടെ പ്രധാന താവളമായ സര്‍ഗോധ വ്യോമതാവളത്തില്‍ നിന്നാണ് എഫ് 16 വിമാനം ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പറന്നുയര്‍ന്നത്. സര്‍ഗോധക്ക് സമീപം വെച്ചുതന്നെ ഇന്ത്യയുടെ സാം പ്രതിരോധ സംവിധാനം യുദ്ധവിമാനം തകര്‍ക്കുകയായിരുന്നു.
ജമ്മുവില്‍ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമം ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് യുദ്ധവിമാനവും വെടിവെച്ചിട്ടത്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണശ്രമം. അമ്പതോളം ഡ്രോണുകളും എട്ട് പാക് മിസൈലുകളുമാണ് റഷ്യന്‍ നിര്‍മിത എസ്-400 ഉള്‍പ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ തകര്‍ത്തത്.
കൂടിക്കാഴ്ച നടത്തി
ജമ്മു കശ്മീരിലെ ആര്‍ എസ് പുര, അര്‍ണിയ, സാംബ, ഹിരാനഗര്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയത്. സംഘര്‍ഷം വ്യാപിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ 15 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പാക് ആക്രമണം സൈന്യം നേരത്തേ തകര്‍ത്തിരുന്നു. ഡ്രോണും മിസൈലും ഉപയോഗിച്ചുള്ള പാക് ആക്രമണം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായും ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമിച്ച് നിര്‍വീര്യമാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച രാത്രിയിലാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളില്‍ പാകിസ്താന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവിടങ്ങളിലെ സെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണത്തിന് പാക് സൈന്യം ശ്രമം നടത്തിയത്. എസ്- 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കിയത്.
സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്നും ഇന്ത്യ ആവര്‍ത്തിച്ചു. പാകിസ്താനിലെ  വിവിധ പ്രദേശങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഓപറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലാഹോര്‍, കറാച്ചി എന്നിവിടങ്ങളില്‍ ആക്രമണം നടന്നതായി പാകിസ്താനും അറിയിച്ചു.
ഓപറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാകിസ്താനിലെ സാധാരണ പൗരന്‍മാര്‍ക്ക് പരുക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി  ആവര്‍ത്തിച്ചു. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 സാധാരണക്കാര്‍ പാക് ഷെല്ലാക്രമണത്തില്‍ മരിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  നിയന്ത്രണരേഖയില്‍ പ്രകോപനമില്ലാതെ പാക് സൈന്യം വെടിവെപ്പ് തുടരുകയാണെന്നും മോര്‍ട്ടാറുകളും ഹെവി- കാലിബര്‍ പീരങ്കികളും ഉപയോഗിച്ചിട്ടുണ്ടെന്നും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് പറഞ്ഞു.
ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുല്ല, ഉറി, പൂഞ്ച്, മെന്ദാര്‍, രജൗരി മേഖലകളിലെ പ്രദേശങ്ങളിലാണ് വെടിവെപ്പ് തുടരുന്നത്. കേണല്‍ സോഫിയ ഖുറൈശിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സര്‍വകക്ഷി യോഗം ചേര്‍ന്നു
ഓപറേഷന്‍ സിന്ദൂറില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഓപറേഷന്‍ സിന്ദൂറിന്റെ വിശദവിവരങ്ങള്‍ രാജ്‌നാഥ് സിംഗ് ധരിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ജയ്ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യ ആസൂത്രകനുമായ അബ്ദുല്‍റഊഫ് അസ്ഹറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൈനിക നടപടി തുടരുന്നതിനാല്‍ ഓപറേഷനുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതായും അതിനെ തങ്ങള്‍ അംഗീകരിച്ചതായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഉന്നതതല യോഗം
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പും വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍  വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗം ചേര്‍ന്നു.
‘ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല’
ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിനെതിരെ ആക്രമണമുണ്ടായാല്‍ സമാനമായ തിരിച്ചടിയുണ്ടാകുമെന്നും പാകിസ്താനില്‍ നിന്നുള്ള ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും സര്‍വകക്ഷി യോഗത്തില്‍ രാജ്നാഥ് സിംഗ് പറഞ്ഞു. ഇനിയും ആക്രമണം നടത്താന്‍ താത്പര്യമില്ല. എന്നാല്‍, ഇന്ത്യയെ ആക്രമിച്ചാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു. പ്രധാനമന്ത്രി മോദി പങ്കെടുക്കാതിരുന്ന യോഗത്തില്‍ രാജ്‌നാഥ് സിംഗാണ് അധ്യക്ഷത വഹിച്ചത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടങ്ങിയവരാണ് യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. തീവ്രവാദത്തെ നേരിടുന്നതിനുള്ള സര്‍ക്കാറിന്റെ എല്ലാ നടപടികള്‍ക്കും തുറന്ന പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ അറിയിച്ചു.