Connect with us

International

പാക്-അഫ്ഗാന്‍ സേനകള്‍ ഏറ്റുമുട്ടി; 58 പാക് സൈനികരെ കൊലപ്പെടുത്തിയെന്ന് അഫ്ഗാന്‍

19 അഫ്ഗാന്‍ സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തെന്ന് പാകിസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 19 അഫ്ഗാന്‍ സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തെന്ന് പാകിസ്ഥാനും പാകിസ്ഥാന്റെ 58 സൈനികരെ കൊലപ്പെടുത്തിയെന്ന് അഫ്ഗാനും പ്രതികരിച്ചു. പാകിസ്ഥാന്റെ 30 സൈനികര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ അവകാശപ്പെട്ടു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് അഫ്ഗാനും പാകിസ്ഥാനും തമ്മില്‍ പോരാട്ടം നടന്നത്.

പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും പ്രതികരിച്ചത്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ അംഗൂര്‍ അദ്ദ, ബജൗര്‍, കുറം, ദിര്‍, ചിത്രാല്‍, ബലൂചിസ്ഥാനിലെ ബരാംച എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 20 പാകിസ്ഥാന്‍ സുരക്ഷാ ഔട്ട്പോസ്റ്റുകള്‍ നശിപ്പിച്ചെന്നും നിരവധി ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തുവെന്നും സബിഹുള്ള പറഞ്ഞു.
ഒമ്പത് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറും സൗദി അറേബ്യയും ഇടപെട്ടാണ് സംഘര്‍ഷം അഴസാനിപ്പിച്ചത്.

വ്യാഴാഴ്ച രാത്രി കാബൂളില്‍ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പാക് സൈന്യം ഉത്തരവാദിത്തം ഏറ്റെടുത്തില്ല. തുടര്‍ന്ന്, ശനിയാഴ്ച രാത്രി അഫ്ഗാന്‍ സുരക്ഷാ സേന പാകിസ്ഥാനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന പാക് സൈന്യം അഫ്ഗാന്‍ അതിര്‍ത്തി പോസ്റ്റുകളെ ലക്ഷ്യം വച്ച് പ്രത്യാക്രമണം നടത്തി. അഫ്ഗാന്‍ അതിര്‍ത്തിയിലെ 19 അഫ്ഗാന്‍ സൈനിക പോസ്റ്റുകള്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തുവെന്ന് പാകിസ്ഥാനിലെ ഔദ്യോഗിക മാധ്യമമായ പി ടി വി ന്യൂസ് എക്സില്‍ പോസ്റ്റ് ചെയ്തു. പാകിസ്ഥാന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് അഫ്ഗാന്‍ സൈന്യം പിന്മാറിയെന്നും ഈ പോസ്റ്റില്‍ പറയുന്നു.

പീരങ്കികള്‍, ടാങ്കുകള്‍, ലൈറ്റ്, ഹെവി ആയുധങ്ങള്‍, വ്യോമസേന, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. അഫ്ഗാന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോകള്‍ പി ടി വി ന്യൂസ് പുറത്തുവിട്ടു. ഇതില്‍ ചിലതിന് തീപിടിച്ച നിലയിലായിരുന്നു. കുറാമില്‍ പാകിസ്ഥാന്‍ സൈന്യത്തിന് കീഴടങ്ങുന്ന അഫ്ഗാന്‍ സൈനികരുടെ വീഡിയോയും ഇതില്‍ ഉണ്ടായിരുന്നു.

---- facebook comment plugin here -----

Latest