Kerala
അയ്യപ്പന്റെ യോഗദണ്ഡ്; വാര്‍ത്തകള്‍ തള്ളി മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍
തന്റെ മകന്റെ സമര്‍പ്പണമായി യോഗദണ്ഡില്‍ സ്വര്‍ണ്ണം പൂശി നല്‍കുക ആയിരുന്നു

പത്തനംതിട്ട | ശബരിമലയില്‍ നിന്നും അയ്യപ്പന്റെ യോഗദണ്ഡ് പുറത്തേക്ക് കൊണ്ടു പോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ തള്ളി. തന്റെ മകന്റെ സമര്‍പ്പണമായി യോഗദണ്ഡില്‍ സ്വര്‍ണ്ണം പൂശി നല്‍കുക ആയിരുന്നു. ഇത് വിജിലന്‍സ് അടക്കം ശബരിമലയിലെ ചുമതലക്കാരുടെ സാന്നിധ്യത്തിലാണ് നടന്നതെന്നും പത്മകുമാര്‍ പറഞ്ഞു
സന്നിധാനത്ത് യോഗദണ്ഡില്‍ സ്വര്‍ണം ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്ന ചിത്രവും അദ്ദേഹം പുറത്തു വിട്ടു. ഇതോടെ യോഗദണ്ഡ് രുദ്രാക്ഷമാല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ തന്റെ വാദം ഉറപ്പിക്കുകയാണ്. അയ്യപ്പ സ്വാമിയുടെ യോഗദണ്ഡ് സ്വര്‍ണം കെട്ടിയതും വെള്ളി കെട്ടിയ രുദ്രാക്ഷമാല കഴുകി വൃത്തിയാക്കിയതും മോടി കുട്ടിയതും സന്നിധാനം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വച്ചാണ് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കോഴഞ്ചേരി ടൗണിലുള്ള പമ്പാ ജൂവലറി ഉടമ അശോകിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ടൗണിലുള്ള പമ്പാ ജൂവലറി ഉടമ അശോകിന്റെ നേതൃത്വത്തില്‍ ആയിരുന്നു പണികള്‍ നടന്നത്. ഇവ വൃത്തിയാക്കുമ്പോള്‍ ദേവസ്വം വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ അനിലും മറ്റു ഉദ്യോഗസ്ഥരും പണിക്കാരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും സമീപത്ത് ഉണ്ടായിരുന്ന ചിത്രമാണ് പുറത്തുവന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ക്കായുള്ള സ്വര്‍ണം മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ മകന്‍ അരുണിന്റെ പേരില്‍ എ. പത്മകുമാര്‍ ആണ് തന്നതെന്നും അത് ഉപയോഗിച്ച് ഭഗവാന്റെ പതിനെട്ട് പടികളെ സങ്കല്‍പ്പിച്ച് 18 ചുറ്റുകളായിട്ടാണ് സ്വര്‍ണ്ണം പൊതിഞ്ഞതെന്നും വിശദീകരണമുണ്ട്. യോഗദണ്ഡിലെ അഴിച്ചെടുത്ത പൊട്ടിയ സ്വര്‍ണ്ണ പാളികള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍ത്തന്നെ കൈമാറിയതായും അശോകന്‍ പറയുന്നു
ശബരിമല സ്വര്‍ണ്ണ പാളി വിഷയത്തില്‍ തനിക്കെതിരേ എഫ് ഐ ആര്‍ ഉണ്ടെന്ന വിവരം അറിഞ്ഞിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.
ചോദ്യങ്ങള്‍ക്കെല്ലാം പറയേണ്ടിടത്ത് മറുപടി പറയും. ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിനെതിരേ എഫ് ഐ ആര്‍ എടുത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താഴികക്കുടം പമ്പയില്‍ കൊണ്ടുപോയ സമയത്ത് പ്രസിഡന്റ് താനല്ല. മാധ്യമ വാര്‍ത്തകള്‍ തെറ്റായി വരുന്നു. കേസില്‍ അന്നത്തെ ഭരണസമിതി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി നേരിടും. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും തെറ്റായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷയും ഏറ്റെടുക്കാന്‍ തയാറാണ്. നിയമപരമായ ബാധ്യത നിറവേറ്റേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ് എന്നും അദ്ദേഹം പറഞ്ഞു.