Connect with us

Kerala

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ഹൈക്കോടതി നിയോഗിച്ച സംഘം സന്നിധാനത്ത് പരിശോധന നടത്തി

രജിസ്റ്ററും മഹസറും സ്റ്റോക്കും തമ്മില്‍ വൈരുധ്യമുള്ളതായി കണ്ടെത്തിയതായാണ് സൂചന

Published

|

Last Updated

പത്തനംതിട്ട |  ശബരിമല സ്വര്‍ണതട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച സന്നിധാനത്ത് പരിശോധന നടത്തി. അറ്റകുറ്റപണികള്‍ക്കുശേഷം അടുത്തിടെ എത്തിച്ച ദ്വാരപാലക ശില്‍പപ്പാളികളും ഇവര്‍ പരിശോധിച്ചതായാണ് വിവരം. പാളികളില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട്സ് ക്രിയേഷന്‍ അധികൃതരും ഞായറാഴ്ച സന്നിധാനതെത്തിയിരുന്നു.

ശനിയാഴ്ച പരിശോധനയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ രജിസ്റ്ററും മഹസറും സ്റ്റോക്കും ഒത്തുനോക്കുന്ന നടപടികളാണ് നടത്തിയത്. എന്നാല്‍, രജിസ്റ്ററും മഹസറും സ്റ്റോക്കും തമ്മില്‍ വൈരുധ്യമുള്ളതായി കണ്ടെത്തിയതായാണ് സൂചന. ഇതോടെ ഞായറാഴ്ച ഒരോ വസ്തുക്കളും പ്രത്യേകമായി പരിശോധിച്ചു. ഒരോ വസ്തുക്കളുടെയും ഭാരമടക്കം ശേഖരിച്ച് രേഖപ്പെടുത്തുന്നുമുണ്ട്. സന്നിധാനത്തെ താല്‍ക്കാലിക സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്. തിങ്കളാഴ്ചയും സംഘം സന്നിധാനത്തുണ്ടാകും. ഇവിടുത്തെ പരിശോധന പൂര്‍ത്തിയാക്കിയശേഷമാകും ആറന്മുളയിലേക്ക് സംഘം എത്തുക. ഇതിനിടെ, ശബരിമല സ്വര്‍ണതട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും സന്നിധാനതെത്തി. വിവാദവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകള്‍ സംഘത്തിന് ദേവസ്വം വിജിലന്‍സ് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരാണ് രേഖകള്‍ പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയത്. മൂന്നംഗസംഘം ഉച്ചയോടെയാണ് ശബരിമലയിലെത്തിയത്. സന്നിധാനത്ത് ഇവര്‍ തെളിവെടുപ്പും നടത്തി. ദ്വാരപാലക ശില്‍പപ്പാളികളുടെ ഭാരമടക്കമുള്ള കണക്കുകളും ഇവര്‍ ശേഖരിച്ചു.

 

Latest