Kuwait
പ്രവാസികള്‍ക്ക് അപാര്‍ട്ട്‌മെന്റുകളുടെ ഉടമസ്ഥാവകാശം; നിര്‍ദേശം പരിഗണനയില്‍
ഉടമസ്ഥാവകാശത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തി കുവൈത്തില്‍ നിയമാനുസൃതമായ താമസക്കാരനായിരിക്കണം എന്നതാണ് നിര്‍ദേശത്തിലെ പ്രധാന വ്യവസ്ഥ.

കുവൈത്ത് സിറ്റി | കുവൈത്തില്‍ പ്രവാസികള്‍ക്ക് അപാര്‍ട്ട്‌മെന്റുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയില്‍. ഇതിനായി ചില വ്യവസ്ഥകള്‍ മുന്നോട്ടു വച്ചു കൊണ്ടാണ് നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിക്കപ്പെട്ടത്.
ഉടമസ്ഥാവകാശത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തി കുവൈത്തില്‍ നിയമാനുസൃതമായ താമസക്കാരനായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ അപേക്ഷകന് നിക്ഷേപ മേഖലയില്‍ സ്ഥിതി ചെയ്യുന്ന 350 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ കവിയാത്ത അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കാവുന്നതാണ്. അപേക്ഷകന്റെ പേരില്‍ രാജ്യത്ത് മറ്റൊരിടത്തും സ്വന്തമായി മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് ഉണ്ടായിരിക്കാന്‍ പാടില്ല. വിശ്വാസ വഞ്ചന പോലുള്ള കേസുകളില്‍ അപേക്ഷകന് എതിരെ കോടതി വിധിന്യായങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ആയിരിക്കും നിര്‍ദേശത്തിന് അനുമതി നല്‍കുക. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ജൂണ്‍ മധ്യത്തോടെ രൂപവത്ക്കരിക്കുന്ന മന്ത്രിസഭയില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യുകയും അന്തിമ തീരുമാനം ഉണ്ടാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികള്‍ രാജ്യം വിട്ടുപോകാതിരിക്കാനും രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിര്‍ദേശങ്ങള്‍ എന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.