International
അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചു അപകടം; 50ലധികം പേര്‍ മരിച്ചു
ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് വ്യക്തമാക്കി.

കാബൂള്‍|പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചു അപകടം. അപകടത്തില്‍പെട്ട് 50ലേറെ പേര്‍ മരിച്ചു. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി പോയ ബസ് ഒരു ട്രക്കിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അധികം പേരും ബസിലുണ്ടായിരുന്നവരാണ്. ട്രക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍, മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരും മരിച്ചു. ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് വ്യക്തമാക്കി.
ഇറാനില്‍ നിന്ന് തിരിച്ചെത്തി തലസ്ഥാനമായ കാബൂളിലേക്ക് പോവുകയായിരുന്ന അഫ്ഗാനികളാണ് ബസിലുണ്ടായിരുന്നത്. മോശം റോഡ്, ഹൈവേകളിലെ അപകടകരമായ ഡ്രൈവിംഗ്, നിയന്ത്രണങ്ങളുടെ അഭാവം എന്നിവയാണ് ഈ അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മധ്യ അഫ്ഗാനിസ്ഥാനില്‍ ബസുകള്‍ ഇന്ധന ടാങ്കറിലും ട്രക്കിലും കൂട്ടിയിടിച്ച് വലിയ അപകടം ഉണ്ടായിരുന്നു. അന്ന് അപകടത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു.