Connect with us

against media

ചില മാധ്യമങ്ങളോട് തൊട്ടുകൂടായ്മയോ?

മന്ത്രിമാരും ഗവര്‍ണര്‍മാരും പത്രസമ്മേളനം നടത്തുന്നത് സര്‍ക്കാര്‍ ചെലവില്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ്. പിന്നെ ഏതടിസ്ഥാനത്തിലാണ് ചില മാധ്യമങ്ങളോട് അവര്‍ അസ്പൃശ്യത കാണിക്കുന്നത്?

Published

|

Last Updated

ന്തുകൊണ്ടാണ് സംഘ്പരിവാര്‍ നേതാക്കള്‍ ചില മാധ്യമങ്ങളെ വല്ലാതെ ഭയപ്പെടുന്നത്? ഇക്കഴിഞ്ഞ ജൂലൈ നാലിന് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ കേരള സന്ദര്‍ശന വേളയില്‍ സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ചില മാധ്യമങ്ങളെ പുറത്തു നിര്‍ത്തി. മാധ്യമ വ്യവസായത്തിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞത്. ഇത്തരമൊരു ചര്‍ച്ചയില്‍ തീര്‍ച്ചയായും എല്ലാ മാധ്യമങ്ങളെയും പങ്കെടുപ്പിക്കേണ്ടതായിരുന്നില്ലേ? ഇതിനിടെ കേരളീയനായ കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ഏഷ്യാനെറ്റ് ചാനലിനു വിലക്കേര്‍പ്പെടുത്തി. മിനിയാന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ കൈരളി, റിപോര്‍ട്ടര്‍, മീഡിയ വണ്‍, ജയ്ഹിന്ദ് ചാനലുകള്‍ക്ക് അനുമതി ലഭിച്ചില്ല. വി സിമാരുടെ രാജിയാവശ്യപ്പെട്ടുള്ള നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് അദ്ദേഹം മാധ്യമ സമ്മേളനം വിളിച്ചത്. കേരളത്തിലെ മാധ്യമ മേഖലയിലെ പലരും മാധ്യമ പ്രവര്‍ത്തകരുടെ വേഷം കെട്ടിയ പാര്‍ട്ടി കേഡര്‍മാരാണെന്നും അവരുമായി സംവദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണഘടനാ പദവികള്‍ അലങ്കരിക്കുന്ന മന്ത്രിമാരും ഗവര്‍ണര്‍മാരും മറ്റും പൊതുവേദികളില്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുപരി എല്ലാവരെയും ഒരു പോലെ കാണാനും ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനും ബാധ്യസ്ഥരാണ്. മാധ്യമ സമ്മേളനം നടത്തുമ്പോള്‍ രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തുന്നത് അവര്‍ വഹിക്കുന്ന പദവികളുടെ അന്തസ്സിന് ചേര്‍ന്നതോ, ജനാധിപത്യ വ്യവസ്ഥക്ക് യോജിച്ചതോ അല്ല. സര്‍ക്കാറിനും ഗവര്‍ണര്‍ക്കും ഇടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ വലിച്ചിടുന്ന പ്രവണത ശരിയല്ല. മന്ത്രിമാരും ഗവര്‍ണര്‍മാരും പത്രസമ്മേളനം നടത്തുന്നത് സര്‍ക്കാര്‍ ചെലവില്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ്. പിന്നെ ഏതടിസ്ഥാനത്തിലാണ് ചില മാധ്യമങ്ങളോട് അവര്‍ അസ്പൃശ്യത കാണിക്കുന്നത്? വിലക്ക് വിവാദമായതോടെ വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തു വന്നിട്ടുണ്ട്. “രാജ്ഭവനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റായ രീതിയിലാണ് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. രാജ്ഭവന്‍ പി ആര്‍ ഒ ആവശ്യപ്പെട്ടിട്ടും അത് തിരുത്താന്‍ അവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അത്തരം മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെ’ന്നാണ് അദ്ദേഹം പറയുന്നത്.

ഗവര്‍ണറുടെ ഈ പരാതി ശരിയെങ്കില്‍ അത്തരം മാധ്യമങ്ങളുടെ നിലപാട് വിമര്‍ശിക്കപ്പെടേണ്ടതു തന്നെ. വാര്‍ത്തകള്‍ എപ്പോഴും സത്യസന്ധമായി റിപോര്‍ട്ട് ചെയ്യണം. ആളുകള്‍ക്ക് ശരിയായ വിവരങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് മാധ്യമങ്ങളുടെ കടമ. റിപോര്‍ട്ട് ചെയ്തത് തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറാകുകയും വേണം. അതാണ് മാധ്യമ ധര്‍മം. അതേസമയം ഗവര്‍ണറുടെ ഏതെങ്കിലും നിലപാടിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് മേല്‍മാധ്യമങ്ങളെ പടിക്കു പുറത്തു നിര്‍ത്തിയതെങ്കില്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധവുമാണ്. എല്ലാ മാധ്യമങ്ങളും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നല്‍കണമെന്ന് ആരും ശഠിക്കരുത്. പൊതു താത്പര്യത്തിന്റെ ഏറ്റവും മികച്ച കാവലാളാണ് മാധ്യമങ്ങള്‍. അധികാരി വര്‍ഗത്തിന്റെ നയങ്ങളെയും നിലപാടുകളെയും പൊതു താത്പര്യം മുന്‍നിര്‍ത്തി വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. അത്തരം വിമര്‍ശനങ്ങളെ ബന്ധപ്പെട്ടവര്‍ സഹിഷ്ണുതയോടെ കാണുകയും അംഗീകരിക്കുകയും വേണം. സ്വന്തം അഭിപ്രായത്തിന് എന്നതുപോലെ വിരുദ്ധ അഭിപ്രായത്തിനും മൂല്യം കല്‍പ്പിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ സത്ത. വിരുദ്ധ അഭിപ്രായത്തിന് മൂല്യം കല്‍പ്പിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ അങ്ങനെ പറയരുതെന്ന നിലയിലേക്ക് അസഹിഷ്ണുത മൂര്‍ച്ഛിക്കുന്നത് ഫാസിസമാണ്.

ഭരണവര്‍ഗത്തെ അന്ധമായി പിന്തുണക്കുക, തെറ്റായ നയങ്ങളില്‍ നിന്ന് നേതാക്കന്‍മാരുടെ മുഖം മിനുക്കുക എന്നതല്ല മാധ്യമ ധര്‍മം. നയങ്ങളെ കൃത്യമായി പരിശോധിച്ച് വിമര്‍ശനാത്മകവും യുക്തിസഹവുമായ വിലയിരുത്തലുകളാണ് ഉണ്ടാകേണ്ടത്. “ഒരു ജനാധിപത്യ രാജ്യത്ത് സഹിഷ്ണുത കാണിക്കാന്‍ പഠിക്കണ’മെന്ന് മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കിയവരോട് 2017 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ഉപദേശിച്ച കാര്യം ശ്രദ്ധേയമാണ്. തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ബിഹാര്‍ മന്ത്രിയുടെ മകളുടെ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയില്‍ നിന്ന് ഈ പ്രതികരണം വന്നത്.

മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ഏത് വിധേനയും അവയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് അധികാര കേന്ദ്രങ്ങളുടെ ശ്രമം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പ്രത്യേകിച്ച് മോദി ഭരണത്തിന്റെ വരവോടെയാണ് ഈ പ്രവണത ശക്തമായത്. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ 2020 മാര്‍ച്ച് 25 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ 55ഓളം മാധ്യമ പ്രവര്‍ത്തകര്‍ എഫ് ഐ ആറില്‍ രേഖപ്പെടുത്തപ്പെടുകയോ ഭീഷണിക്കിരയാകുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തുവെന്നാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് ആന്‍ഡ് റിസ്‌ക് അനലൈസിസ് ഗ്രൂപ്പ് (ആര്‍ ആര്‍ എ ജി) അവരുടെ പഠന റിപോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്. കേന്ദ്രത്തിന്റെ ഈ ജനാധിപത്യവിരുദ്ധ നിലപാടിന്റെ ബലത്തിലായിരിക്കണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചില മാധ്യമങ്ങളോടുള്ള വിവേചനപരമായ സമീപനം. ഇത് തിരുത്താന്‍ അദ്ദേഹം തയ്യാറാകേണ്ടതാണ്.

Latest