prathivaram athmayanam
അവസരങ്ങളിതാ നിങ്ങളുടെ മുന്നിൽ
യഥാർഥത്തിൽ ആയുസ്സെന്നത് ജനനം മുതൽ മരണം വരെയുള്ള കാലയളവല്ല; മറിച്ച്, ഒരാൾക്ക് നന്മകളാലും സദ്‌കർമങ്ങളാലും അല്ലാഹുവിങ്കൽ രേഖപ്പെട്ടുകിടക്കുന്ന കാലയളവാണത്. ചിലയാളുകൾ നൂറ്റാണ്ടിലേറെ ജീവിച്ചെന്നു വരും; അവർ ചെയ്തതോ വട്ടപ്പൂജ്യമായിരിക്കും. ചിലർ ജീവിച്ചത് ഹ്രസ്വകാലമെങ്കിലും ചെയ്തത് എണ്ണമറ്റതായിരിക്കും. സൗഭാഗ്യം ലഭിച്ചവരാണവർ. ജനങ്ങളിൽ ആരാണ് ശ്രേഷ്ഠരെന്ന ചോദ്യത്തിന് തിരുനബി(സ)യുടെ പ്രതികരണം: "നന്മ ചെയ്യാൻ കാലാവധി നീണ്ടുകിട്ടിയവൻ' (തിർമുദി) എന്നായിരുന്നു. ചെറുതാണെങ്കിലും ഓരോ നിമിഷത്തെയും നന്മകൾകൊണ്ട് അലങ്കരിക്കാൻ നമുക്ക് സാധിക്കണം.
നാളെ മുതൽ ചെയ്യാം, അടുത്ത വർഷമാകാം, റമസാൻ വരട്ടെ എന്നിട്ടാകാം, 1ാം തിയ്യതി മുതൽ ശരിയാക്കാം, നല്ലൊരു അവസരം വരട്ടെ അന്നേരം നോക്കാം അങ്ങനെയങ്ങനെ നീണ്ട് നീണ്ട് പോകുന്ന തീരുമാനങ്ങളുണ്ടാകാറുണ്ട് നമുക്ക്. നന്മകൾ ചെയ്യാൻ സമയവും അവസരവും കാത്തുനിന്ന് മുമ്പിലുള്ള നിമിഷത്തെയും അവസരമാക്കാവുന്ന സന്ദർഭങ്ങളെയും നമ്മൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അതീവ ശ്രദ്ധയോടെ ഒന്നാലോചിക്കൂ. നമ്മളിപ്പോഴിത് വായിക്കുമ്പോൾ തന്നെ നമുക്കല്ലാഹു ജീവൻ തന്നുകൊണ്ടിരിക്കുന്നു. അനുനിമിഷം അത് പുതുക്കപ്പെടുന്നു. തരുന്ന ഓരോ ജീവനും ഓരോ പരീക്ഷണങ്ങളാണ്. മികച്ച കർമങ്ങൾക്ക് വേണ്ടി പ്രയോഗിക്കുന്നുണ്ടോയെന്ന പരിശോധന! സൂറ: മുൽക്കിന്റെ 2ാം സൂക്തം ഓർമപ്പെടുത്തിയതുപോലെ ജീവൽ മരണങ്ങൾ മുഴുക്കെ നിങ്ങൾ ഏറ്റവും മികച്ച കർമങ്ങൾ ചെയ്യുന്നുവോ എന്നറിയാനുള്ള പരീക്ഷണങ്ങളത്രേ. അങ്ങനെയിരിക്കെ ചെയ്യാനുള്ള നന്മകളെ നമുക്കെങ്ങനെ നീട്ടിവെക്കാനാകും ?
കാര്യങ്ങൾ നാളേക്കു മാറ്റിവെക്കുകയെന്നത് അവിവേകമാണ്. അതിനു പിന്നിൽ അപകടങ്ങൾ പതിയിരിപ്പുണ്ട്. നാളെ ജീവിക്കുമെന്ന എന്തുറപ്പാണ് നമുക്കുള്ളത്? പൊടുന്നനെയുള്ള വല്ല അത്യാഹിതമോ രോഗമോ ദുരന്തമോ പിടികൂടില്ലെന്ന് എന്ത് ധൈര്യമാണുള്ളത് ?
ആപത്തുകളും പ്രതിസന്ധികളും വരുന്നതിനു മുമ്പ് നമ്മൾ നന്മകളിൽ നിരതരാകണം. “നിങ്ങളെ നശിപ്പിക്കുന്ന സ്വത്തിനെ, അല്ലെങ്കിൽ എല്ലാം മറപ്പിച്ചു കളയുന്ന ദാരിദ്ര്യത്തെ, പ്രയാസമുണ്ടാക്കുന്ന രോഗത്തെ, ദുർബലമാക്കുന്ന വാർധക്യത്തെ, സജ്ജമായി നിൽക്കുന്ന മരണത്തെ, ദുഷിച്ച ദജ്ജാലിനെ, സുനിശ്ചിതമായി വന്നുഭവിക്കുന്ന അന്ത്യനാളിനെയൊക്കെയല്ലാതെ നിങ്ങൾ കാത്തിരിക്കുന്നുണ്ടോ?’ എന്ന് തിരുനബി(സ) നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. ഓരോ ദിവസത്തിനും അതിന്റേതായ പ്രവൃത്തികളുണ്ടായിരിക്കേ കാര്യങ്ങളെ നമുക്ക് എങ്ങനെ മാറ്റിവെക്കാനാകും? ചിലത് പിന്നീട് നിർവഹിക്കാൻ കഴിഞ്ഞേക്കുമെങ്കിലും സമയത്തോടുള്ള ബാധ്യത നിറവേറ്റാൻ കഴിയുമോ?
കൂട്ടുകാരേ… നമ്മുടെ മുമ്പിലുള്ളതെല്ലാം നന്മ ചെയ്യാനുള്ള അവസരങ്ങളാണ്. നടന്നു പോകുമ്പോൾ വഴിയിൽ വീണുകിടക്കുന്ന ഓല എടുത്തുമാറ്റാതിരിക്കാമായിരുന്നു. പക്ഷേ, നിങ്ങളതുമാറ്റി. ബസിൽ സീറ്റ് കിട്ടാത്തവർക്ക് എഴുന്നേറ്റ് കൊടുക്കേണ്ടിയിരുന്നില്ല. പക്ഷേ, നിങ്ങൾ എഴുന്നേറ്റു. ചുമട്ടുകാരനെ ചുമടെടുക്കാൻ സഹായിക്കേണ്ടിയിരുന്നില്ല. പക്ഷേ, നിങ്ങൾ സഹായിച്ചു. ഒരു പരിചയവുമില്ലാത്ത അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിക്കേണ്ടിയിരുന്നില്ല. പക്ഷേ, നിങ്ങൾ വശ്യമായി ചിരിച്ചു. ഭക്ഷണം കഴിക്കാൻ കാശ് ചോദിച്ച ആ മനുഷ്യനെ നിങ്ങൾക്ക് കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ, നിങ്ങളയാൾക്ക് ഭക്ഷണം വാങ്ങി നൽകി. കാശ് ചോദിച്ച ഉമ്മയോട് ശമ്പളം കിട്ടിയില്ലെന്ന് പറയാമായിരുന്നു. പക്ഷേ, നിങ്ങളത് എങ്ങനെയോ ഒപ്പിച്ച് കൊടുത്തു. നന്മ ചെയ്യാതിരിക്കാൻ കാരണങ്ങളും ന്യായീകരണങ്ങളും ഉണ്ടായിരിക്കെ നിങ്ങളെന്തിനാണ് കഷ്ടപ്പെട്ട് നല്ലതു ചെയ്തത്!?. നല്ല മനുഷ്യനായത് കൊണ്ട് തന്നെ. അതുമാത്രമാണ് അതിനുള്ള ഉത്തരം നന്മകൾ ചെയ്യുന്നതിലുള്ള അലംഭാവം പരാജയങ്ങളിലേക്കാണ് നയിക്കുക.കർത്തവ്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുമാറൽ മനുഷ്യസ്വഭാവമല്ല. ദ്രോഹമാണ്.
ഏത് സമയത്തും നന്മകൾ ചെയ്യാൻ നമ്മൾ സജ്ജമായിരിക്കണം. സ്വഹാബത്തിന്റെ ജീവിതം നമുക്ക് വലിയ പാഠമാണ്. തബൂക്ക് യുദ്ധം ഓർക്കുന്നുണ്ടോ?. അവിടുത്തെ രംഗം ഖുർആൻ രേഖപ്പെടുത്തിയതാണ്. മുസ്‌ലിംകൾ കഠിന വെല്ലുവിളി അഭിമുഖീകരിച്ച യുദ്ധമാണത്. അന്ന് ലോകത്തെ ഏറ്റവും വലിയ സൈനിക- സാമ്രാജ്യ ശക്തിയായ റോമിനേയായിരുന്നു തബൂഖിൽ തിരുദൂതർക്കും അനുചരർക്കും നേരിടാനുണ്ടായിരുന്നത്. മദീന കടുത്ത ക്ഷാമവും വരൾച്ചയും അനുഭവിക്കുന്ന ഒരു സന്ദർഭവുമായിരുന്നു അത്. ഒരു യുദ്ധത്തിനൊരുങ്ങാൻ പറ്റുന്ന ഭൗതികവും മാനസികവുമായ സാഹചര്യം മുസ്‌ലിംകൾക്കില്ലായിരുന്നു. യുദ്ധത്തിൽ പങ്കെടുക്കുകയെന്നത് ഭീതിതമാണ്, ജീവൻ പണയംവെച്ചേ പറ്റൂ. അതിനാൽ വ്യത്യസ്ത കാരണങ്ങൾ ബോധിപ്പിച്ചുകൊണ്ട് മദീനയിലെ കപടവിശ്വാസികൾ തിരുനബിയോട് വിടുതൽ ചോദിച്ചു. ചോദിച്ചവർക്കൊക്കെ റസൂൽ (സ) അനുവാദവും കൊടുത്തു. ഇളവു കൊടുത്തപ്പോൾ സന്തോഷത്തോടെ അവർ അവരുടെ വീടുകളിലേക്ക് മടങ്ങി. എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ ആത്മാർഥമായി വിയർപ്പൊഴുക്കാനൊരുങ്ങിയ സത്യവിശ്വാസികൾ അവിടെയുണ്ടായിരുന്നു.
ദാരിദ്ര്യപാരവശ്യത്തിൽ ജീവിതമുന്തുന്നവർ. വർഷങ്ങളായി അല്ലാഹുവിന്റെ മാർഗത്തിൽ പോരാടിയ ഞങ്ങൾക്ക് നിർണായകമായ ഈ യുദ്ധത്തിൽ പങ്കെടുക്കാൻ അനുമതി വേണം എന്നായിരുന്നു അവരുടെ ആവശ്യം. പക്ഷേ, അവരെ തബൂഖിലേക്ക് കൊണ്ടുപോകാനുള്ള വാഹനസൗകര്യവും ഭൗതിക സാഹചര്യവും ഇല്ലാത്തതിനാൽ റസൂൽ(സ) അവരോട് നിർദേശിച്ചു, “നിങ്ങൾ വരേണ്ടതില്ല. നിങ്ങൾ വീടുകളിലേക്ക് തിരിച്ചുപോയ്ക്കോളൂ, അർഹമായ പ്രതിഫലം അല്ലാഹു നിങ്ങൾക്ക് നൽകും’. എന്നാൽ തിരിച്ചയച്ചപ്പോൾ ഹൃദയം വെന്തുകൊണ്ടാണവർ വീട്ടിലേക്ക് നടന്നത്. കണ്ണുകളിൽ കണ്ണീർക്കടൽ. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. ആ രംഗം വിശുദ്ധ ഖുർആൻ വിവരിക്കുന്നു.
“നബിയേ, ഞങ്ങളെ കൂടി സൈന്യത്തിൽ ചേർത്തുകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷിത്വം വരിക്കാൻ അവസരം ആവശ്യപ്പെട്ടെത്തിയ വിഭാഗമുണ്ടല്ലോ, നിങ്ങളെ കൊണ്ടുപോകാൻ ഒരു വഴിയും എന്റെ മുന്നിലില്ല എന്ന് പറഞ്ഞുകൊണ്ട് താങ്കൾ അവരെ തിരിച്ചയച്ചപ്പോൾ അവരുടെ കണ്ണുകളിൽ നിന്ന് അല്ലാഹുവിന്റെ മാർഗത്തിൽ ഞങ്ങൾക്കൊന്നും സമർപ്പിക്കാൻ സാധിച്ചില്ലല്ലോ എന്ന അങ്ങേയറ്റത്തെ ദുഃഖഭാരത്താൽ കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഒഴിഞ്ഞുമാറാനുള്ള പഴുതിന് പകരം നന്മ ചെയ്യാനുള്ള അവസരത്തെ നിർമിക്കാനാണ് ആ മഹാരഥന്മാർ ശ്രമിച്ചത്. പക്ഷേ, സാഹചര്യം അവരെ അനുവദിച്ചില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് പ്രതിഫലമുണ്ടെന്ന് റസൂൽ (സ) അവരെ ബോധ്യപ്പെടുത്തിയത്. നന്മ ചെയ്യാൻ സജ്ജമാവുക എന്നതാണ് ഏറ്റവും നല്ല നന്മയെന്ന് സാരം.
യഥാർഥത്തിൽ ആയുസ്സെന്നത് ജനനം മുതൽ മരണം വരെയുള്ള കാലയളവല്ല; മറിച്ച്, ഒരാൾക്ക് നന്മകളാലും സദ്‌കർമങ്ങളാലും അല്ലാഹുവിങ്കൽ രേഖപ്പെട്ടുകിടക്കുന്ന കാലയളവാണത്. ചിലയാളുകൾ നൂറ്റാണ്ടിലേറെ ജീവിച്ചെന്നു വരും; അവർ ചെയ്തതോ വട്ടപ്പൂജ്യമായിരിക്കും. ചിലർ ജീവിച്ചത് ഹ്രസ്വകാലമെങ്കിലും ചെയ്തത് എണ്ണമറ്റതായിരിക്കും. സൗഭാഗ്യം ലഭിച്ചവരാണവർ. ജനങ്ങളിൽ ആരാണ് ശ്രേഷ്ഠരെന്ന ചോദ്യത്തിന് തിരുനബി(സ)യുടെ പ്രതികരണം: “നന്മ ചെയ്യാൻ കാലാവധി നീണ്ടുകിട്ടിയവൻ’ (തിർമുദി) എന്നായിരുന്നു. ചെറുതാണെങ്കിലും ഓരോ നിമിഷത്തെയും നന്മകൾകൊണ്ട് അലങ്കരിക്കാൻ നമുക്ക് സാധിക്കണം. അല്ലാഹു സഹായിക്കട്ടെ.
“ആ ഇത്തിരി നേരം കൂടി അല്ലാഹുവിനെ സ്മരിച്ചിരുന്നെങ്കിൽ’ എന്ന് സ്വർഗക്കാർ സങ്കടപ്പെടുമെന്ന് റസൂൽ (സ) പറഞ്ഞതോർക്കുന്നില്ലേ. ശരി, വായിച്ചു തീർന്നല്ലോ. നമുക്കിനി അടുത്ത നന്മയിലേക്ക് നീങ്ങാം; അണുമണിത്തൂക്കമാണെങ്കിലും അതിന്റെ സുകൃതങ്ങൾ നാളെ കാണാം.




