National
ഓപ്പറേഷന്‍ സിന്ദൂര്‍: ഒമ്പതു തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തതായും നൂറിലധികം തീവ്രവാദികളെ വധിച്ചതായും രാജ്‌നാഥ് സിംഗ്
ലോക്‌സഭയില്‍ 16 മണിക്കൂര്‍ ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഒമ്പതു തീവ്രവാദ കേന്ദ്രങ്ങള്‍ കൃത്യമായി തകര്‍ത്തതായും നൂറിലധികം തീവ്രവാദികളെ വധിച്ചതായും ലഷ്‌ക്കര്‍ ഇ-തയ്ബ, ഹിസ്ബുള്‍ മുജാഹുദീന്‍ സംഘടനകളുടെ ആസ്ഥാനങ്ങള്‍ തകര്‍ത്തതായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ലോക്‌സഭയില്‍ 16 മണിക്കൂര്‍ ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന്‍ സിന്ദൂര്‍ കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ലെന്നും അത് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ യശസുയര്‍ത്തിയ ഓപ്പറേഷന്‍ സിന്ദൂറിലൂടെ സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞു. ഐതിഹാസികമായ ഈ നടപടിയുടെ പേരില്‍ രാജ്യത്തിന്റെ സൈനിക ബലത്തെ നമിക്കുന്നു.
മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകര പ്രവര്‍ത്തനത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമായിരുന്നു. പാക് ആര്‍മിയുടെയും ഐ എസ് ഐയുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നു. മെയ് ഏഴിനു രാത്രി ഒരു മണി അഞ്ചു മിനുട്ടില്‍ ഭാരതീയ സേന ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം തുടങ്ങി. പ്രധാനമന്ത്രി നടപടികള്‍ ഏകോപിപ്പിച്ചു. 22 മിനുട്ടില്‍ ഓപ്പറേഷന്‍ ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണടക്കം സംവിധാനങ്ങളുമായി പാകിസ്ഥാന്‍ തിരിച്ചടിച്ചു.
ഇന്ത്യ ശക്തമായ മറുപടി നല്‍കിയതില്‍ ഭയന്ന പാകിസ്ഥാന്‍ ചര്‍ച്ചക്ക് തയ്യാറായി. ഹനുമാന്‍ ലങ്കയില്‍ ചെയ്തപോലെ ഇന്ത്യ പ്രവര്‍ത്തിച്ചു. കര, വായു, സേനകള്‍ ശക്തമായ മറുപടി നല്‍കി. ഇന്ത്യയുടെ യുദ്ധ സംവിധാനങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. ആധുനിക യുദ്ധസംവിധാനങ്ങള്‍ ഇന്ത്യ പ്രയോജനപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിരോധമായിരുന്നുവെന്നും പ്രകോപനമായിരുന്നില്ലെന്നും പറഞ്ഞ രാജ്‌നാഥ് സിംഗ് തീവ്രവാദത്തോട് സന്ധിയില്ലെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കിയതെന്നും വ്യക്തമാക്കി.