National
ഓപ്പറേഷന്‍ കാലനേമി; 14 വ്യാജ സന്യാസിമാര്‍ കൂടി പിടിയില്‍
സംസ്ഥാനത്ത് 5500 ലധികം പേരെ പോലീസ് ചോദ്യം ചെയ്തതായും ഇതില്‍ 1182 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഐജി നിലേഷ് ആനന്ദ് ഭരാനെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഡെറാഡൂണ്‍ | വ്യാജ സന്യാസിമാരെ പിടികൂടാനുള്ള ഉത്തരാഖണ്ഡ് പോലീസിന്റെ പദ്ധതിയായ ഓപ്പറേഷന്‍ കാലനേമിയില്‍ 14 പേര്‍ കൂടി പിടിയിലായി. പിടിയിലായവരില്‍ ബംഗ്ലാദേശികളും ഉള്‍പ്പെടും. സംസ്ഥാനത്ത് 5500 ലധികം പേരെ പോലീസ് ചോദ്യം ചെയ്തതായും ഇതില്‍ 1182 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഐജി നിലേഷ് ആനന്ദ് ഭരാനെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മത വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടി.
ഈ വര്‍ഷം ജൂലൈയിലാണ് ഉത്തരാഖണ്ഡ് പോലീസ് ഓപ്പറേഷന്‍ കാലനേമി ആരംഭിച്ചത്. ആഗസ്റ്റില്‍ സംസ്ഥാനത്ത് 4000 പേരെ ചോദ്യം ചെയ്യുകയും 300 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഹരിദ്വാറില്‍ 2,704 പേരെ ചോദ്യം ചെയ്തു. അവരില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഡെറാഡൂണില്‍ മാത്രം 922 പേരെയാണ് ചോദ്യം ചെയ്തത്. ഇതില്‍ അഞ്ച് പേര്‍ വ്യാജന്‍മാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ ഒരാള്‍ വ്യാജ രേഖകളുടെ സഹായത്തോടെ കഴിഞ്ഞ എട്ട് വര്‍ഷമായി ഡോ. അമിത് കുമാര്‍ എന്ന പേരില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരനാണെന്ന് കണ്ടെത്തി. കശ്മീരിലെ അനന്ത്നാഗിലും ഒരാള്‍ പിടിയിലായിട്ടുണ്ട്.