Articles
പ്രവാസികളോട് മാത്രം അകത്തിരിക്കാന്‍ പറയുന്നത്
കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ താത്പര്യത്തിന് പുറത്താണ് പ്രവാസികള്‍. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? അതിനെക്കുറിച്ച് ഇനിയെങ്കിലും പ്രവാസികള്‍ ചിന്തിക്കണം. അത് കൊവിഡ് വിഷയത്തോടുള്ള പ്രതികരണം എന്ന രീതിയില്‍ മാത്രമല്ല. മറിച്ച് ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാഹചര്യത്തിന്റെയും പ്രവാസികള്‍ തൊഴില്‍ നഷ്ടം കാരണം നാട്ടില്‍ തിരിച്ചെത്തുന്നതിന്റെയും കൂടി പശ്ചാത്തലത്തിലാണ്.

മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി, മക്കളെ ചുംബിച്ച്, പ്രിയപ്പെട്ടവളെ ചേര്‍ത്ത് പിടിച്ച് യാത്ര പറഞ്ഞിറങ്ങിയ നൂറുകണക്കിന് പ്രവാസികള്‍. അവരെ കാത്തിരിക്കുന്നുണ്ട് പല പ്രവാസി കുടുംബങ്ങള്‍ ഇപ്പോഴും. കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ ഇനി ഒരിക്കലും തിരിച്ച് വരില്ല എന്നറിഞ്ഞിട്ടും കാത്തിരിക്കുന്നവരാണ് പ്രവാസി കുടുംബങ്ങള്‍. അത്തരം ജീവിതാനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് പ്രവാസികള്‍ വേദനകളുടെ തുരുത്തായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും അവരുടെ പ്രശ്നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കണ്ണില്‍ മുഖ്യവിഷയമായി മാറാത്തത് എന്തുകൊണ്ടാണ്? ഇത്തരം വിഷയങ്ങള്‍ നേരത്തേ പലരും ചര്‍ച്ച ചെയ്തതാണെങ്കിലും വീണ്ടും അത് മുന്നോട്ടുവെക്കാന്‍ കാരണമായത് പുതിയ കൊവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തിലാണ്.
രണ്ട് ഡോസ് വാക്സീന്‍, ചിലര്‍ നാല് ഡോസ്, കൂടാതെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവരാണ് പ്രവാസികള്‍. ഇത്തരക്കാരായ പ്രവാസികള്‍ നാട്ടിലെത്തിയാല്‍ ഏഴ് ദിവസത്തെ ഗാര്‍ഹിക സമ്പര്‍ക്ക വിലക്കും പിന്നെ ഏഴ് ദിവസത്തെ നിരീക്ഷണവും വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് തികച്ചും വിവേചനപരമാണ്. ഈ തീരുമാനത്തിന്റെ മാനദണ്ഡമെന്താണ്?
നാട്ടില്‍ ചിലര്‍ താടിക്ക് താഴെ മാസ്‌ക് വെച്ചും ചിലര്‍ മാസ്‌ക് ധരിക്കാതെയും ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന കാലമാണിത്. ഈ സമയത്താണ് പ്രവാസികള്‍ക്ക് വേണ്ടി മാത്രം ഈ സമ്പര്‍ക്ക വിലക്ക് വരുന്നത് എന്നോര്‍ക്കണം. മെഡിക്കല്‍ സയന്‍സ് പ്രകാരം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരാണ് ഒമിക്രോണ്‍ വ്യാപനം ഉണ്ടാക്കുന്നത് എന്നതായിരിക്കാം ഇതിനെ സാധൂകരിക്കുന്നത്. എന്നാല്‍ യു കെ അടക്കം ഒമിക്രോണ്‍ അപകടകാരിയല്ല എന്ന് മനസ്സിലാക്കി സമ്പര്‍ക്ക വിലക്ക് മാറ്റിയിട്ടുണ്ട്. എന്നു മാത്രമല്ല, ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരെയും പരിശോധനക്കയക്കണമെന്നാണ് ചട്ടം. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത് ഗുരുതര രോഗമുള്ളവര്‍, 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവരാണ് അതിജാഗ്രത ആവശ്യമുള്ളവര്‍. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര നടത്തുന്നവര്‍ക്കും കൊവിഡ് പരിശോധന ആവശ്യമില്ല. എന്നാല്‍ അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യത്തില്‍ നിലവിലെ നിര്‍ദേശങ്ങള്‍ തുടരും എന്നാണ് പറയുന്നത്. അതായത് പത്ത് ദിവസത്തെ എമര്‍ജന്‍സി അവധിക്ക് എത്തുന്ന പ്രവാസികളെ വീട്ടില്‍ അടച്ചിട്ട് പരിഹാരം കാണണമെന്ന്! കൊവിഡിന്റെ രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഇത്രമാത്രം അപകടാവസ്ഥ ഉണ്ടാക്കിയത് തിരഞ്ഞെടുപ്പ് റാലികളും സമ്മേളനങ്ങളുമാണ് എന്നത് ആരും മറന്നു കാണില്ല. തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ താത്പര്യത്തിന് പുറത്താണ് പ്രവാസികള്‍. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? അതിനെക്കുറിച്ച് ഇനിയെങ്കിലും പ്രവാസികള്‍ ചിന്തിക്കണം. അത് കൊവിഡ് വിഷയത്തോടുള്ള പ്രതികരണം എന്ന രീതിയില്‍ മാത്രമല്ല. മറിച്ച് ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാഹചര്യത്തിന്റെയും പ്രവാസികള്‍ തൊഴില്‍ നഷ്ടം കാരണം നാട്ടില്‍ തിരിച്ചെത്തുന്നതിന്റെയും കൂടി പശ്ചാത്തലത്തിലാണ്.
ഒന്നും രണ്ടും കൊവിഡ് തരംഗങ്ങളില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത് ആറ് ലക്ഷത്തില്‍ കൂടുതല്‍ പ്രവാസികളാണ്. അവരില്‍ പലര്‍ക്കും സ്വന്തമായി തുടങ്ങിയ പല സംരംഭങ്ങളും നഷ്ടമായതിന്റെ അനുഭവമാണ് പറയാനുള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും പല കാരണത്താല്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ ധാരാളമാണ്. എന്നാല്‍ അടുത്ത കാലത്തായി നോര്‍ക്ക പ്രഖ്യാപിച്ച പല പദ്ധതികളും പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അത് എത്രമാത്രം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നത് മറ്റൊരു വിഷയമാണ്.
അതിനൊക്കെ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ഇപ്പോഴും പ്രവാസികള്‍ക്ക് ഒരു പൊതുസമൂഹമായി രൂപപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണങ്ങള്‍ പരിശോധിക്കുമ്പോഴാണ് പ്രവാസികളോടുള്ള അവഗണനയുടെ രാഷ്ട്രീയ തലങ്ങള്‍ എന്തൊക്കെയാണ് എന്ന് മനസ്സിലാകുക.
രാഷ്ട്രീയ വിധേയത്വം
ഗള്‍ഫ് രാജ്യങ്ങളിലെ വലിയ വിഭാഗം പ്രവാസികളും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. അതിനെ ഒരിക്കലും മാറ്റിയെടുക്കാന്‍ കഴിയില്ല. അതേസമയം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ എത്രമാത്രം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നത് ചിന്തിക്കേണ്ടതുണ്ട്. ഏത് പാര്‍ട്ടി ഭരിക്കുമ്പോഴും ആ സര്‍ക്കാറിന്റെ പ്രവാസിവിരുദ്ധ നിലപാടുകളെ തിരുത്താന്‍ പ്രവാസി സംഘടനകള്‍ക്ക് കഴിയുന്നില്ല. ഇതാണ് പ്രവാസികളോടുള്ള പല രീതിയിലുള്ള അവഗണനകള്‍ക്ക് തുടര്‍ച്ച ഉണ്ടാക്കുന്നത്. അതിനെ തിരുത്താന്‍ പ്രവാസികള്‍ക്ക് അവരുടെ രാഷ്ട്രീയത്തില്‍ വിശ്വസിച്ചു കൊണ്ട് തന്നെ തങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ ഒന്നിക്കാന്‍ കഴിയണം. ഇന്നത്തെ പോലെ പ്രവാസികള്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളിലും വലിയ ജനസമൂഹമായി ജീവിക്കാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടുണ്ടായിരിക്കും. എന്നിട്ടും പ്രവാസികള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒന്ന് കൂട്ടമായി സംഘടിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം, ഈ രാഷ്ട്രീയ വിധേയത്വമാണ്.
എത്രയോ കാലങ്ങളായി പ്രവാസികള്‍ ഉന്നയിക്കുന്ന വിഷയമാണ് വിമാന യാത്രയിലെ ചൂഷണം. അത് ഈ കൊവിഡ് കലത്തും തുടരുകയാണ്. ദുബൈയില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 6,500നും 12,500നും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ തിരിച്ച് ദുബൈയില്‍ എത്താന്‍ വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത് 22,100 രൂപ മുതല്‍ 30,650 രൂപ വരെയാണ്. ഈ ചൂഷണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാനോ പരിഹാരം കാണാനോ പ്രവാസി സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഓരോ വര്‍ഷവും സീസണ്‍ കാലത്ത് ഇത് 70,000 രൂപ വരെ എത്താറുണ്ട്. ആ സമയത്ത് ചില എം പിമാര്‍ പാര്‍ലിമെന്റില്‍ വിഷയമവതരിപ്പിച്ച് അവരുടെ ചടങ്ങ് അവസാനിപ്പിക്കും. അതിനപ്പുറം വിഷയത്തെ ഒരു സമരത്തിന്റെ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇക്കാലമത്രയായിട്ടും കഴിഞ്ഞിട്ടില്ല.
കേരളത്തില്‍ നിന്നുള്ള രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങള്‍ക്ക് ഒറ്റക്കെട്ടായി ഈ ചൂഷണം അവസാനിപ്പിക്കാന്‍ വേണ്ടി ശബ്ദിക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം, പ്രവാസികള്‍ക്ക് ഒരു രാഷ്ട്രീയ ശക്തിയായി മാറാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ് എന്താണ് പ്രവാസികളുടെ രാഷ്ട്രീയം എന്നത്.
സത്യത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി രാഷ്ട്രീയം ഉണ്ടോ? ഒറ്റ വാക്കില്‍ ഇല്ല എന്നതാണ് ഉത്തരം. എന്നാല്‍ തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങള്‍ വെറും തൊഴിലിടമാണ് എന്ന യാഥാര്‍ഥ്യത്തില്‍ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയില്‍ പ്രവാസികള്‍ക്ക് ഇടപെടാന്‍ കഴിയണം. അതിനു വേണ്ടി പ്രവാസികള്‍ ശബ്ദിക്കുമ്പോഴും നാട് അതിനെ അത്ര ഗൗരവത്തില്‍ കാണുന്നില്ല. ഇത്രയും കാലത്തെ അനുഭവമതാണ്. പ്രത്യേകിച്ചും പ്രവാസി വോട്ടിന്റെ കാര്യത്തില്‍. അതായത് ജനാധിപത്യ പ്രക്രിയക്ക് പുറത്താണ് പ്രവാസികള്‍ ഇപ്പോഴും.
വോട്ടില്ലാത്തവരുടെ പ്രതിഷേധം
പ്രവാസി വോട്ടിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ കാലത്താണ് അതിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോയത്. എന്നാല്‍ അന്നും ഇന്നും ഇന്ത്യന്‍ ബ്യൂറോക്രസിക്ക് പ്രവാസികളുടെ വോട്ടിംഗ് അധികാരം അലര്‍ജിയാണ്. സുപ്രീം കോടതി വിധി ഉണ്ടായിട്ടും അതിനെ പ്രായോഗികമായി നടപ്പാക്കാന്‍ ആര്‍ക്കും താത്പര്യമില്ല. ഏറ്റവും ഒടുവില്‍ 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള കോടതി വിധി ഉണ്ടായത് പ്രവാസിയായ ഡോ. ശംസീര്‍ വയലിന്റെ ഇടപെടല്‍ വഴിയായിരുന്നു. എന്നാല്‍ അതിനെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് നടപ്പാക്കാന്‍ ഭരണകൂടം തയ്യാറായില്ല. ബോധപൂര്‍വമായ അവഗണനയാണ് ഈ വിഷയത്തിലുണ്ടായത്. ഇത്തരം സമീപനങ്ങള്‍ക്ക് കാരണമെന്താണ്?
പ്രധാനമായും രണ്ട് കാരണങ്ങള്‍ കാണാം. പ്രവാസികള്‍ക്ക് എന്തിനാണ് വോട്ട് എന്നതാണ് ഒന്നാമത്തേത്. തൊഴില്‍ ചെയ്യാന്‍ നാടുവിട്ടവര്‍ ജോലി ചെയ്യുക. അതിനപ്പുറം അവര്‍ നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളില്‍ എന്തിന് ഇടപെടണം. ഈ മനോഭാവം ശക്തമായി നിലനില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ക്കിടയിലാണ്. അന്യരാജ്യങ്ങളില്‍ പോയി ജോലി ചെയ്ത് കുടുംബത്തെ പുലര്‍ത്തുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. മറ്റൊന്ന് രാഷ്ട്രീയക്കാരുടെ സമീപനമാണ്. പ്രവാസികള്‍ക്ക് ജനാധിപത്യത്തില്‍ ഇടപെടാന്‍ കഴിഞ്ഞു എന്നിരിക്കട്ടെ. അങ്ങനെ വന്നാല്‍, വ്യവസ്ഥാപിത പാര്‍ട്ടികളുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന പ്രവാസ ലോകത്തെ പല സംഘടനകളും തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയാം. എന്നു മാത്രമല്ല, പ്രവാസികള്‍ക്ക് അവര്‍ തൊഴില്‍ ജീവിതം നയിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വോട്ട് ചെയ്യാന്‍ കഴിയുന്നതോടെ അവര്‍ ഒരു രാഷ്ട്രീയ സമൂഹമായി മാറുകയാണ്. ഇത് തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും ചോദിച്ചു വാങ്ങാനുള്ള രാഷ്ട്രീയ സംഘാടനത്തിലേക്ക് പ്രവാസി സമൂഹത്തെ ശക്തിപ്പെടുത്തും. അതോടു കൂടി ഇന്നലെ വരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും തങ്ങളുടെ ഉപകരണമാക്കി വെച്ച പ്രവാസി സംഘടനകള്‍ സ്വന്തം അവകാശബോധത്തിലേക്ക് ഉയരും. ഈ ചിന്താഗതിയെ പ്രവാസികള്‍ തന്നെ തള്ളിക്കളയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ വിശദീകരണം ആവശ്യമുണ്ട്.
ഒന്നാമതായി നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പല പ്രിവിലേജുകളും അനുഭവിക്കുന്നുണ്ട്. അത് രാഷ്ട്രീയത്തിന് പുറത്ത് മറ്റ് സാമ്പത്തിക രംഗത്തും കൂടി നിലനില്‍ക്കുന്നതാണ്. അത്തരക്കാരെ സംബന്ധിച്ച് പ്രവാസി വോട്ട് എന്നത് അത്ര ഗൗരവത്തില്‍ പരിഗണിക്കേണ്ട വിഷയമല്ല. അങ്ങനെ പരിഗണിക്കപ്പെടുമായിരുന്നെങ്കില്‍ പ്രവാസികളുടെ വോട്ടവകാശം ഇത്രമാത്രം അനിശ്ചിതാവസ്ഥയില്‍ ആകുമായിരുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവാസി വോട്ടിന്റെ കാര്യത്തില്‍ പൊതുവേദി ഉണ്ടാക്കി പ്രവര്‍ത്തിച്ചെങ്കില്‍ എന്നേ നടപ്പില്‍ വന്നേനെ. അത് നടക്കില്ല എന്നിടത്താണ് ഒരു പ്രവാസി തന്നെ നിയമപരമായ ഇടപെടലിലൂടെ അതിന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ടത്. ഇത്തരമൊരവസ്ഥയില്‍ നിന്ന് വേണം ഇപ്പോഴും തുടരുന്ന പ്രവാസി അവഗണനയുടെ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടത്.
അത്തരമൊരവസ്ഥയിലാണ് നാട്ടില്‍ ആഘോഷങ്ങളിലും ഉദ്ഘാടന മാമാങ്കത്തിലും ജനങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ പ്രവാസികളോട് അകത്തിരിക്കാന്‍ പറയുന്നത്.