Connect with us

Kareem Kakkad

വ്യതിരിക്തത കൊണ്ടുവന്ന ഒരാൾ

ഉത്തരവാദിത്വങ്ങൾ സ്വയമേവ തലയിലേറ്റി നടത്തുന്ന ആളായിരുന്നു കരീം.

Published

|

Last Updated

2006ലാണ് സിറാജ് പത്രത്തിന്റെ പ്രഥമ ഗൾഫ് എഡിഷൻ ദുബൈയിൽ നിന്ന് പുറത്തിറങ്ങുന്നത്. ദശാബ്ദങ്ങൾക്ക് ശേഷം ഒന്നാം എഡിഷൻ കടലിനക്കരെ നിന്ന് എന്നത് മാധ്യമ ചരിത്രത്തിൽ തന്നെ പ്രത്യേകമായ ഒന്നായിരുന്നു. ഇതിനുവേണ്ടിയുള്ള അണിയറപ്രവർത്തനങ്ങളും ചർച്ചകളും വളരെ കാലം മുന്പേ ആരംഭിച്ചിരുന്നു. ആ പ്രവർത്തനങ്ങളിൽ പ്രചോദനമായതിലൊന്ന് കേന്ദ്ര ഓഫീസിൽ കരീം കക്കാട് ചുമതലയിൽ ഉണ്ടായിരുന്നു എന്നതാണ്. ആ കുതിപ്പിൽ കേരളത്തിൽ നാല് എഡിഷനുകൾ വേറെയും പിറന്നു.

പ്രവർത്തനങ്ങൾക്ക് പുതുമോടി നൽകുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേക താത്്പര്യമായിരുന്നു. ഓഫീസ് സംവിധാനങ്ങൾ മുതൽ പത്രത്തിന്റെ രൂപകൽപ്പന വരെയുള്ള കാര്യങ്ങളിൽ വ്യതിരിക്തതയും വ്യത്യസ്തതയും കൊണ്ടുവരാൻ വലിയ താത്്പര്യം കാണിക്കുകയും അതിനു വേണ്ടി നിരന്തരം അന്വേഷണങ്ങൾ നടത്തി പുതിയ സങ്കേതങ്ങളെ കണ്ടെത്തുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രവർത്തനത്തിലെ പ്രത്യേകയാണ്. ഒരുവേള അത്തരം മാറ്റങ്ങളോട് താദാത്്മ്യം പ്രാപിക്കാൻ സഹപ്രവർത്തകർ മടിക്കുകയും ചെലവാകുന്ന തുക കണ്ടെത്തുക പ്രയാസമാകുകയുമൊക്കെയാകുമ്പോൾ റിസ്‌കെടുക്കാൻ തയ്യാറാകാതിരിക്കലാണ് മിക്കവാറും ചെയ്യാറുള്ളത്. അത്തരം വേളകളിലടക്കം ഉത്തരവാദിത്വങ്ങൾ സ്വയമേവ തലയിലേറ്റി നടത്തുന്ന ആളായിരുന്നു കരീം. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ഇത്തരം ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുന്നതിന് അദ്ദേഹം താത്്പര്യം കാണിച്ചു. പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തുന്ന ചിന്തകളിൽ വ്യാപൃതനായിരിക്കും അദ്ദേഹം എപ്പോഴും.

അത്തരം പ്രവർത്തനങ്ങൾക്ക് ഒരുപാട് ഉദാഹരണങ്ങളുണ്ട്, എസ് എസ് എഫിന്റെ സാഹിത്യോത്സവ്, രിസാല വാരികയുടെ പ്രവർത്തനത്തിൽ, രിസാല സർഗവേദി എന്ന കൂട്ടായ്മയുടെ രൂപവത്്കരണത്തിൽ തുടങ്ങിയവയിലൊക്കെ അത് കാണാനാകും. സാഹിത്യോത്സവ് ഇന്നു കാണുന്ന മികവിലേക്ക് എത്തുന്നതിനും ജനപ്രീതിയുള്ള, അടുക്കും ചിട്ടയോടും കൂടിയ കലാമാമാങ്കമായി മാറ്റിയെടുക്കുന്നതിനും അദ്ദേഹം ഉറക്കമൊഴിച്ചത് പാഴായില്ല എന്നത് ഇന്ന് അത് എത്തിനിൽക്കുന്ന പടവുകൾ സാക്ഷിയാകുന്നു. പുതുതായി പല മത്സര ഇനങ്ങളും ഉൾപ്പെടുത്തുകയും അതിന്റെ രൂപരേഖകൾ നടത്തുകയും ചെയ്ത അദ്ദേഹം ഇതുവരെ നടന്ന എല്ലാ സംസ്ഥാന സാഹിത്യോത്സവുകളിലും സാന്നിധ്യമറിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് രിസാല സർഗ വേദി ആരംഭിച്ചത്. സർഗശേഷിയുള്ള കുട്ടികളെ സംഘടിപ്പിച്ചു നാടൊട്ടുക്കും ലൈവ് പരിപാടികളും മദ്ഹ് ഗാനങ്ങളുടെ ഓഡിയോ ആൽബങ്ങൾ പുറത്തിറക്കിയും സംഘടനാ രംഗത്തെ സക്രിയമാക്കിയതിൽ കരീം കക്കാടായിരുന്നു പിന്നിൽ.

ഒരു മരണവും ആകസ്മികമല്ല. സ്രഷ്ടാവ് നിശ്ചയിച്ചു വിധിച്ച സമയമേ മനുഷ്യൻ ഭൂമിയിൽ കഴിയാൻ സാധിക്കൂ. പക്ഷേ, കരീമിന്റെ നിര്യാണ വാർത്ത അറിയുമ്പോൾ അതുൾക്കൊള്ളാൻ പാടുപെടുകയായിരുന്നു. ജീവിതത്തിന്റെ മുഴുസമയവും പ്രസ്ഥാനത്തെ നെഞ്ചേറ്റുകയും ആത്മബന്ധം സ്ഥാപിക്കുകയും ചെയ്ത് മനസ്സുകളെ കീഴടക്കിയ ഒരു വ്യക്തിത്വത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ ആർക്കും വേഗത്തിൽ സാധിക്കില്ലല്ലോ. അദ്ദേഹത്തെ നേരിട്ട് അറിഞ്ഞവർ മാത്രമല്ല മറ്റുള്ളവർക്ക് കൂടി കണ്ണീർ നനവ് പകരുന്നതായിരുന്നു. സ്‌നേഹജനങ്ങൾ ഇത്രമാത്രം നൊമ്പരപ്പെട്ട ഒരു വിയോഗം ഈയടുത്തായി എന്റെ അനുഭവത്തിൽ ഇല്ല.

പ്രാസ്ഥാനികവഴിയിൽ കരീം കക്കാടിന്റെ പ്രവർത്തന സാന്നിധ്യം പതിറ്റാണ്ടുകളുടെതായി ഉണ്ട്. ആ പ്രവർത്തനങ്ങളിൽ പുതിയ ആശയങ്ങൾ മുന്നോട്ട് വെക്കാൻ അദ്ദേഹത്തിനായി. ജീവിത പ്രതിസന്ധികളും നടന്ന വഴികളിലെ വെല്ലുവിളികളും ചില ഘട്ടങ്ങളിൽ പ്രതിസന്ധിയായി രൂപപ്പെട്ടെങ്കിലും അവയെല്ലാം വകഞ്ഞു മാറ്റി നേരത്തേ പോലെ സജീവമാകാൻ അദ്ദേഹം ശ്രമിച്ചു.
ജീവിതകാലത്തെ നല്ല പ്രവർത്തനങ്ങൾ കൊണ്ട് ഇത്രമേൽ സ്വാധീനിക്കപ്പെടുന്നു എന്നതിന് ഉദാഹരണം കൂടിയാണ് കരീം കക്കാട്. ആ വിയോഗം അറിഞ്ഞതുമുതൽ നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള ആളുകൾ അനുസ്മരണങ്ങളിലും പ്രാർഥനകളിലും കഴിയുന്നത് അതുകൊണ്ട് കൂടിയാണ്.

---- facebook comment plugin here -----

Latest