Connect with us

cover story

തലമുറകള്‍ താണ്ടിയെത്തുന്നു ഓണപ്പാട്ടുകാര്‍

"ഓണപ്പാട്ടുകാര്‍' എന്ന കവിത പിറന്നിട്ട് എഴുപതാണ്ട് പൂർത്തിയാകുന്ന വേളയാണിത്. ഈ ഓണക്കാലത്ത് ആ കവിത വീണ്ടും വായനക്കെടുക്കുകയാണിവിടെ. സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനം കൂടി കടന്നെത്തുമ്പോള്‍ പുതു ഭാവുകത്വം കൊണ്ടു മലയാള കാവ്യാസ്വാദനത്തെ അധ്യാപനം ചെയ്ത കവിയുടെ ഓര്‍മകള്‍ കൂടി ഓണപ്പാട്ടുകാര്‍ക്കൊപ്പം കടന്നെത്തുന്നു.

Published

|

Last Updated

അരിമയിലോണപ്പൊട്ടുകള്‍ പാടി-
പ്പെരുവഴിതാണ്ടും കേവല,
രെപ്പൊഴു-
മരവയര്‍ പട്ടിണിപെട്ടവര്‍ കീറി-
പ്പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍;

വീണ്ടുമൊരു ഓണക്കാലത്തിന്റെ ആഹ്ലാദം അലതല്ലുകയായി. സമത്വത്തെക്കുറിച്ചുള്ള അന്തര്‍ധാരയാണ് ഓണത്തിനു വര്‍ണാഭ ചാര്‍ത്തുന്നത്. മാനുഷരെല്ലാരുമൊന്നുപോലെ വാണ മാവേലി നാടിന്റെ ഓര്‍മകള്‍.

ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു ചവിട്ടിയകറ്റപ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങളിലായിരുന്നു ഓണത്തിന് ഒട്ടനേകം അര്‍ഥങ്ങള്‍ വിടര്‍ന്നത്. മാവേലി മന്നനെ വരവേല്‍ക്കാന്‍ തീര്‍ക്കുന്ന പൂക്കളങ്ങള്‍ പോലെ, നിറംകെട്ട ജീവിതങ്ങള്‍ ആണ്ടിലൊരിക്കല്‍ അന്തരംഗത്തില്‍ ആഹ്ലാദത്തിന്റെ മാരിവില്ലൊളിവീശി നില്‍ക്കുന്ന ഓണക്കാലം.

മനുഷ്യമനസ്സിലെ ഓണസങ്കല്‍പ്പത്തെ ആഴത്തില്‍ വരച്ചുകാട്ടിയ വൈലോപ്പിള്ളിയുടെ “ഓണപ്പാട്ടുകാര്‍’ എന്ന കവിതക്ക് കാലമേറെ കഴിയുംതോറും കരുത്തേറി വരികയാണ്. 1952 ലാണ് ആ തൂലികത്തുമ്പില്‍ നിന്ന് ഓണപ്പാട്ടുകാര്‍ പിറവിയെടുത്തത്. ആ കാവ്യ ഭാവനക്ക് ഈ ഓണക്കാലത്ത് ഏഴ് പതിറ്റാണ് പൂര്‍ത്തിയാകുന്നു.
70 വയസ്സായ വരികള്‍ക്കിടയില്‍ സഞ്ചരിക്കുമ്പോള്‍ ഓണക്കാലത്തിന്റെ അര്‍ഥതലങ്ങള്‍ ഏറെ മാറിമറിയുന്നതു കാണാം. ജന്മിയുടെ പത്തായപ്പുരകള്‍ നിറയ്ക്കാന്‍ പാടത്തും പറമ്പിലും വിയര്‍പ്പുതൂകിയവരുടെ ജീവിതയാത്രയുടെ പെരുവഴികളില്‍ വഴിയമ്പലമായി ഓണത്തിന്റെ സാന്ത്വനമുണ്ടായിരുന്നു. കോഴി കൂവന്നതു മുതല്‍ അസ്തമയം വരെ അധ്വാനിച്ചിട്ടും അരവയര്‍മാത്രം നിറയുമായിരുന്ന അക്കാലത്ത് അടിയാളന് നാണം മറയ്ക്കാന്‍ കീറിപ്പഴകിയ കൂറമാത്രം. കാഴ്ചക്കുലകള്‍ക്കു പകരമായിക്കിട്ടിയ ഒരു തോര്‍ത്തുമുണ്ടില്‍ ഓണപ്പുടവയുടെ മഹാഭാഗ്യം ആഘോഷിച്ച മനുഷ്യര്‍ക്ക് ഓണം ഒരു സാന്ത്വനം മാത്രമായിരുന്നില്ല; ഒരാണ്ട് മുഴുവന്‍ ഉള്ളില്‍ സൂക്ഷിക്കാനുള്ള പ്രതീക്ഷയുടെ കനലാഴിയായിരുന്നു.

നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ-
മാളിയൊരോണപ്പൊന്‍കിരണങ്ങള്‍.

നഷ്ടപ്പെട്ടുപോയ മാവേലിനാട് മടങ്ങി വരാതിരിക്കില്ലെന്ന അത്യുജ്ജ്വലമായ കാത്തിരിപ്പിലാണ് ഓണസ്മൃതികള്‍ വേരാഴ്ത്തി നില്‍ക്കുന്നത്. ചൂഷണമുക്തമായ മാവേലി നാടിന്റെ ഹര്‍ഷത്തിലേക്കാണ് ഓണപ്പാട്ടുകാര്‍ കൊട്ടിപ്പാടിയെത്തുന്നത്. ഓരോ കാലത്തും മാനവരാശി സമത്വത്തെക്കുറിച്ചുള്ള പുതിയ പാട്ടുകള്‍ക്കായി കാതോര്‍ത്തു നില്‍ക്കുകയാണ്. കടന്നുപോയ എത്രയോ മനുഷ്യായുസ്സുകള്‍ ഓണത്തിന്റെ ശക്തിയും കരുത്തും ഉള്ളില്‍ ആവാഹിച്ചു. ഓണം കാണിച്ചുതന്ന വെളിച്ചമായിരുന്നു തിക്തമായ അവരുടെ യാത്രകളെ ലക്ഷ്യങ്ങളിലേക്ക് നയിച്ചത്. പൂപ്പാട്ടുകള്‍ പാടിയും പൂക്കൂടകള്‍ കഴുത്തില്‍ ഞാത്തിയും വര്‍ണപ്പൂക്കള്‍ തേടിപ്പോയ ബാല്യം തലനരച്ചു തിരിഞ്ഞു നോക്കുമ്പോള്‍, അതേ ആഹ്ലാദാരവങ്ങളോടെ ഊർജദായകമായി ഓണം മുന്നില്‍ നില്‍ക്കുന്നു.

പല ദേശത്തില്‍,
പല വേഷത്തില്‍
പലപല ഭാഷയില്‍, ഞങ്ങള്‍ കഥിപ്പൂ
പാരിതിലാദിയിലുദയംകൊണ്ടു പൊ-
ലിഞ്ഞൊരു പൊന്നോണത്തിന്‍ ചരിതം.

സമത്വം വിളയാടുന്ന മാനവ സമൂഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പൂക്കാലം തീര്‍ക്കുന്നത് കേരളക്കരയില്‍ മാത്രമല്ലെന്ന് ഓണപ്പാട്ടുകാര്‍ ഓര്‍മപ്പെടുത്തുന്നു. ഭൂഖണ്ഡങ്ങളിലെവിടെയും വിമോചന പ്രതീക്ഷകളെ അടവെച്ചിരിക്കുന്ന മാനവ സമൂഹങ്ങള്‍ക്കിടയിലെങ്ങും പല പേരുകളിൽ ഓണക്കാലം പ്രതീക്ഷയുടെ പൊന്‍കിരണം വിടര്‍ത്തി നില്‍ക്കുന്നു.
മഞ്ഞുമൂടിയ കുന്നിന്‍പുറങ്ങളിലും മരുപ്രദേശങ്ങളിലും പീഠഭൂമികളിലും സമതലങ്ങളിലും വനനീലിമയിലും …എവിടെയും അധിവസിക്കുന്ന മനുഷ്യരില്‍ ഓണക്കാലത്തിന്റെ സമത്വ ദര്‍ശനം പരിലസിക്കുന്നുണ്ട്. മാവേലി നാട് ഇനിയും പുനര്‍ജനിക്കുമെന്നു കിനാവുകാണുന്ന മനുഷ്യരുടെ മഹാപ്രവാഹങ്ങള്‍ എല്ലാ ദേശങ്ങളിലും സംസ്‌കാരങ്ങളിലും ആരവം മുഴക്കി നില്‍ക്കുന്നു.
എല്ലാ പ്രതിലോമ ദുര്‍ഗങ്ങളോടും പൊരുതി മുന്നേറി പുതിയ കുഞ്ഞുങ്ങള്‍ക്കു പ്രതീക്ഷയോടെ കാത്തുവെച്ച ആഘോഷമാണത്. എണ്ണിയാലൊടുങ്ങാത്ത ഭാഷകളില്‍ എണ്ണമറ്റ ഭൂഭാഗങ്ങളില്‍ മനുഷ്യര്‍ തലമുറകളിലേക്ക് പകരാന്‍ കാത്തുവെക്കുന്നത് ഇത്തരം വിമോചന സ്വപ്‌നങ്ങള്‍ തന്നെയാണ്.

ഞങ്ങടെ പാട്ടിനു കൂട്ടുകുടംതുടി
കിണ്ണം തമ്പുരുവോടക്കുഴലും
ഞങ്ങടെ പാട്ടില്‍ തേനും പാലും
തെങ്ങിളനീരും നറുമുന്തിരിയും

ശുഭപ്രതീക്ഷയുടെ ഓണപ്പാട്ടുകള്‍ പാടി മുന്നേറുന്ന മനുഷ്യ ചരിത്രത്തിനു പക്കമേളമൊരുക്കുന്നതു ദൈനംദിന ജീവിതത്തില്‍ ഏറ്റുമുട്ടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ കൊണ്ടാണ്. എല്ലാ പ്രതിരോധങ്ങളേയും അനുഗുണമാക്കി അപരന്റെ ശബ്ദം ആസ്വാദ്യകരമായിമാറുന്ന നാളുകളിലേക്കുള്ള അനന്തമായ യാത്രയാണത്. പോരാട്ടങ്ങളെ കരുത്താക്കിമാറ്റുന്ന മനുഷ്യന്റെ യാത്രയില്‍ നൈരാശ്യത്തിനു സ്ഥാനമില്ല. അന്നന്നു വന്നുചേരുന്ന തിരിച്ചടികളെ ആയുധമാക്കിമാറ്റുന്ന മാന്ത്രിക വിദ്യയാണ് വരും നാളുകളെ പ്രതീക്ഷാ നിര്‍ഭരമാക്കുന്നതെന്ന് ഓണപ്പാട്ടുകാര്‍ പാടിക്കൊണ്ടിരിക്കുന്നു.

പണ്ടു ചരിത്രമുദിക്കും മുമ്പു,
മതങ്ങള്‍ കരഞ്ഞു പിറക്കുംമുമ്പൊ-
രുമന്നവര്‍ മന്നന്‍ വാണിതു
തന്‍കുട വാനിനു കീഴിലൊതുങ്ങീ വിശ്വം.

പ്രാകൃതാവസ്ഥയില്‍ നിന്നുള്ള മനുഷ്യ പരിണാമത്തിന്റെ ചരിത്രം നിരന്തരമായ പോരാട്ടത്തിന്റേതായിരുന്നുവെന്നു ഓണപ്പാട്ടുകാര്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. വിപരീതങ്ങള്‍ നിരന്തരം പോരടിച്ചു പുതിയതു സൃഷ്ടിക്കുന്നു. ജീവിതത്തിന്റെ വഴികളെ പ്രകാശമാക്കുന്നതില്‍ സ്വപ്നങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും വലിയ പങ്കുണ്ട്. ചരിത്രത്തെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടുമാത്രമേ പ്രതീക്ഷയുടെ വിത്തുകള്‍ വിതയ്ക്കാനും വിളവെടുക്കാനും കഴിയൂ എന്ന് ഓണപ്പാട്ടുകാര്‍ കുറിക്കുന്നു. തലമുറകളുടെ സ്മൃതിയില്‍ ഉണര്‍ന്നു കിടക്കുന്ന മാവേലി നാട് വരാനിരിക്കുന്ന വസന്തത്തിന്റെ വിളനിലമാകുന്നത് അങ്ങനെയാണ്.

പൂക്കളമൊന്നില്‍ പൂനിരപോലൊരു
ഗായക സംഘമുതിര്‍ക്കും പാട്ടില്‍
ശ്ലാഘ്യതരം പല ബന്ധുരമാം സ്വര-
രാഗവിശേഷമിണങ്ങും പോലെ.

പൂക്കളങ്ങളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന തുമ്പയും കാക്കപ്പൂവും അരിപ്പൂവും മുക്കുറ്റിയുമെല്ലാം പോര്‍ക്കളങ്ങളില്‍ അണിനിരക്കുന്ന നാനാതരം മനുഷ്യരാണ്. നാനാത്വത്തിന്റെ ഏകത്വമാണ് ആ പൂക്കളങ്ങളില്‍ കൈകോര്‍ത്തു നില്‍ക്കുന്നത്. ആ പൂക്കളത്തിന്റെ അര്‍ഥമാണ് വിമോചനം. എല്ലാ വിധ ചൂഷണങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും മനുഷ്യന് വിമോചനം സാധ്യമാകുമെന്ന് മനുഷ്യരുടെ സംഘശക്തി വിളിച്ചോതുന്നു. കാലത്തിന്റെയും ചരിത്രത്തിന്റെയും ഇന്നോളമുള്ള പുരോഗതിയില്‍ മനുഷ്യരുടെ സംഘബോധവും അധ്വാനവും തന്നെയാണ് സംഘഗാനമായി പിറവികൊള്ളുന്നത്. ആ ഐക്യബോധത്തിന്റെ ആലാപനമാണ് ഓണപ്പാട്ടുകാര്‍ നിരന്തരം നിര്‍വഹിക്കുന്നത്.

അലിഖിതമായൊരു ധര്‍മം പാലി-
ച്ചുന്നത വിസ്തൃത ചിന്താകർമ-
പ്പൊലിമയിലന്നു പരസ്പരമൊത്തു പു-
ണര്‍ന്നു മനുഷ്യര്‍ മഹാസത്വന്മാര്‍!

മാവേലി നാട്ടില്‍ ഒരുമയുടെ സംഗീതം തുടികൊട്ടിപ്പാടിയിരുന്നുവെങ്കില്‍, വര്‍ത്തമാനത്തിന്റെ എല്ലാ തിന്മകളേയും അതിജീവിച്ച് വരുമൊരു നാളില്‍ മധുരോദാരമായി മനുഷ്യര്‍ സംഘമായി ആലപിക്കുന്ന ഒരു സിംഫണി പിറക്കുക തന്നെ ചെയ്യും.
മാനവരാശിയുടെ വളര്‍ച്ചയെ തടയുന്നതും പൂരോഗതിയെ അപായപ്പെടുത്തുന്നതുമായ എല്ലാ വിഷലിപ്ത വാദഗതികളേയും മുറിച്ചുകടന്ന് മാനവികതയുടെ പുതിയ സഞ്ചാര പഥങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ മനുഷ്യ രാശിക്കു സാധ്യമാണെന്ന പ്രഖ്യാപനമാണ് ഓണപ്പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ആവിധമായിരമാണ്ടു വസന്ത-
പരാഗമണിഞ്ഞു പറക്കെ,പ്പെട്ടെ-
ന്നാഴി വളര്‍ന്നു മഹീതല മഹിമ-
കളാകെ വിഴുങ്ങി മടങ്ങീപോലും

മനുഷ്യ സമൂഹത്തിന്റെ സഞ്ചാരപാതകളില്‍ നൂറ്റാണ്ടിന്റെ ദുരന്തങ്ങള്‍ വന്നുപതിച്ചിട്ടുണ്ട്. വര്‍ത്തമാനത്തില്‍ സൂക്ഷ്മാണുവിന്റെ രൂപത്തില്‍ വന്നു ലോകത്തെ അമ്പരപ്പിച്ച മഹാമാരി പോലെ ഓരോ ഇടവേളകളിലും പ്ലേഗും കോളറയുമെല്ലാമായി മൃത്യുവിന്റെ രാക്ഷസത്തിരമാലകള്‍ ആര്‍ത്തലച്ചിട്ടുണ്ട്. രാഷ്ട്രീയ പരിണാമങ്ങളും അധിനിവേശങ്ങളും ഇത്തരം സുനാമിത്തിരകളായി പുരോഗമനത്തെ കടപുഴക്കിക്കളഞ്ഞിട്ടുണ്ട്. രക്തമഹിമയില്‍ തീപടര്‍ത്തിക്കൊണ്ട് ഏകാധിപതികള്‍ പിറന്നിട്ടുണ്ട്. അധികാരത്തിന്റെ അത്യുന്നതങ്ങളില്‍ കയറിയിരുന്ന് പകയുടെയും വിധ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും ആയുധങ്ങള്‍ പ്രയോഗിച്ച ദുഷ്ടജന്മങ്ങളുണ്ട്. ആര്യാധിനിവേശംകൊണ്ടു ചിന്നഭിന്നമായിപ്പോയ തദ്ദേശീയ മനുഷ്യരുടെ മണ്ണിന്റെ മണമുള്ള സ്വത്വമുണ്ട്. അതെല്ലാം കവര്‍ന്നെടുക്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ പരിക്കേറ്റ ഏടുകളില്‍ ചിലപ്പോള്‍ ഹിറ്റ്്ലറായും മുസോളനിയായും അവര്‍ രക്തം തുപ്പി നില്‍ക്കുന്നുണ്ട്. എല്ലാ നന്മകള്‍ക്കും മാനവികതക്കും മുകളിലാണ് ദുരന്ത സ്മൃതികള്‍ വന്നു കാലടി വെക്കുന്നതെന്ന് ഓണപ്പാട്ടുകാർ നമ്മെ ഓര്‍മപ്പെടുത്തുന്നു.

അപരപുരാതനന്‍ ചൊല്‍വൂ, വാമന-
നാദിമദേവന്‍ വന്നു മഹീശനെ
യര്‍ഥനചെയ്തു ചതിച്ചു ചവിട്ടി-
യിരുട്ടിലണച്ചു മുടിച്ചാനെന്നും.

പ്രതീക്ഷയുടെ എല്ലാ തുരുത്തുകളേയും മുക്കിക്കളയാന്‍ പാകത്തിനു വിദ്വേഷത്തിന്റെ വിഷമാരി പെയ്ത ചരിത്രപാഠങ്ങളില്‍ നിന്ന് ആയുധമണിഞ്ഞാണ് മാനവ സമൂഹം മുന്നോട്ടു പോകുന്നത്. മനുഷ്യര്‍ തീര്‍ക്കുന്ന പുതിയ ലോകങ്ങളില്‍ വിദ്വേഷത്തിന്റെ പാഷാണം കലര്‍ത്തി കരിച്ചുകളയാന്‍ ചാരക്കണ്ണുമായി ഛിദ്രവാസനകള്‍ കാത്തിരിക്കുന്നുണ്ട്. അവര്‍ പ്രച്ഛന്ന വാമന രൂപങ്ങളായി വന്നു നന്മയുടെ ഉന്നത ശിരസ്സില്‍ കാൽവെച്ചു ചവിട്ടിത്താഴ്്ത്തിക്കളയാന്‍ ശേഷിയുള്ള മഹാ സംഘങ്ങളാണ്. അന്ന് ഭിക്ഷാംദേഹിയായി വന്നു മൂന്നടി മണ്ണാണു മാവേലി മന്നനോട് യാചിച്ചതെങ്കില്‍ ഇന്നവരുടെ തന്ത്രങ്ങള്‍ മാറിമറിയുന്നു. മാനവ ഹൃദയത്തിലെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യബോധത്തിന്റെയും കരകളേയാണ് അവര്‍ അളന്നെടുത്തു കൊണ്ടുപോകുന്നത്.

പൊരുളറിവീല, യുഗങ്ങള്‍ കഴിഞ്ഞു
ചരിത്രം കുഞ്ഞിക്കണ്ണു തുറക്കെ,-
ദ്ധരയുടെ ശിരസിലസിച്ചു നരപോല്‍
ദേവ പുരോഹിത ദുഷ്പ്രഭു വര്‍ഗം!

എത്രയുഗങ്ങള്‍ കഴിഞ്ഞാലും രൂപഭാവങ്ങള്‍ മാറ്റി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ കവര്‍ന്നെടുക്കലും ചവിട്ടിത്താഴ്്ത്തലും. പ്രകൃതിയുടെ എല്ലാ ധാരയേയും ആ കൂറ്റന്‍ കാലടികള്‍ അളന്നെടുക്കുന്നു. മണ്ണിനേയും കാടിനേയും കുന്നിനേയും പുഴയേയും കടലിനേയും കവര്‍ന്നെടുക്കുന്നു. വികസനക്കുതിപ്പിനെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ആളോഹരി വരുമാനത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് ശതകോടീശ്വരന്‍മാര്‍ നയിക്കുന്ന മഹാഘോഷയാത്രയിലേക്ക് എല്ലാവരേയും ആട്ടിത്തെളിക്കുന്നു. ആഘോഷങ്ങളിലും ആരവങ്ങളിലും ഉന്മാദികളാക്കി അവരുടെ കൈകളില്‍ അപരനെ കൊല്ലാനുള്ള ആയുധങ്ങള്‍ തിരികിക്കൊടുക്കുന്നു. ശത്രുവെന്നു ചാപ്പയടിച്ചവരെ കൊന്നുതള്ളാന്‍ വസ്ത്രവും ഭക്ഷണവും അടയാളമാക്കുന്നു. കലാപങ്ങള്‍ അടങ്ങുമ്പോള്‍ ബുള്‍ഡോസര്‍ ഉരുട്ടി “ശത്രുവി’ന്റെ കുടിലുകള്‍ അരച്ചുകളയുന്നു.
വളര്‍ച്ചയെല്ലാം മുരടിച്ചു ദാരിദ്ര്യ രേഖക്കു കീഴില്‍ വന്നടിയുന്ന മനുഷ്യര്‍ക്കുമുമ്പില്‍ വളര്‍ച്ചയുടെ ഗണിതങ്ങളും ഗ്രാഫും കൊണ്ടുള്ള ഗിമ്മിക്കുകള്‍ കാട്ടുന്നു. അവിടെയെല്ലാം കാലവും ചരിത്രവും കുഞ്ഞിക്കണ്ണുതുറന്ന് എത്തിനോക്കുന്നുണ്ട്. ഏതു ദുഷ്പ്രഭു വര്‍ഗത്തേയും നിഷ്‌കാസനം ചെയ്യാന്‍ മാത്രം കരുത്തുള്ള ചില പൊടിപ്പുകള്‍ ഈ ഭൂമിയില്‍ മുളപൊട്ടുന്നു എന്നതാണ് ഓണപ്പാട്ടുകാര്‍ നല്‍കുന്ന പ്രതീക്ഷ.

പൃഥ്വിയിലന്നു മനുഷ്യര്‍ നടന്ന
പദങ്ങളിലിപ്പൊഴധോമുഖവാമനര്‍,
ഇത്തിരിവട്ടം മാത്രം കാണ്‍മവര്‍,
ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍,
മൂവടിമണ്ണിനിരന്നു കവര്‍ന്നൂ,
വധിച്ചു, നശിപ്പോ, രല്‍പ്പ സുഖത്തിന്‍
പാവകളി,ച്ചതു തല്ലിയുടച്ചു,
കരഞ്ഞു മയങ്ങിയുറങ്ങിടുന്നോര്‍.

പാരതന്ത്ര്യത്തിന്റെ നാളുകള്‍ കടന്നു മുന്നോട്ടുപോയ ജനത… ജനാധിപത്യത്തിന്റെ ആഘോഷങ്ങള്‍ ഏറെക്കണ്ട ജനത…പുത്തന്‍ പ്രതീക്ഷകളുടെ കൈത്തിരി നാളമേന്തി മുന്നേറിയിരുന്നു. സാമ്രാജ്യാധിനിവേശങ്ങളോടു പൊരുതി സ്വാതന്ത്ര്യത്തിന്റെ ശീതക്കാറ്റു പകര്‍ന്നുതന്ന മഹത്തുക്കള്‍ സഞ്ചരിച്ച വഴികളില്‍ അന്തര്‍മുഖരായ നായകര്‍ വന്നുചേരുന്നു. അവര്‍ പരിമിതമായ അജന്‍ഡകളുടെ കുറ്റിയില്‍ സ്വയം തളച്ചിട്ടിരിക്കുന്നു. അവര്‍ക്കു മാനവികതയുടെ വിശാലമായ ലോകമില്ല. അവനവനിലേക്കു നോക്കി ആത്മരതിയുടെ സൗഭാഗ്യങ്ങളില്‍ മുഴുകിക്കഴിയുന്നവര്‍, പുതിയ ഉള്‍ക്കാഴ്ചകളും ചിന്തകളും അന്യമായ അവര്‍ മാനവ ഹൃദയങ്ങളെ മൂന്നടിവച്ചളന്ന് കവര്‍ന്നെടുക്കാനുള്ള സമയം കാത്തിരിക്കുന്നു. കൊന്നു തള്ളിയും കടിച്ചു കുടഞ്ഞും ദേശത്തിന്റെ ജാതകം അവര്‍ തിരുത്തുന്നു. തത്്കാലം വിശപ്പാറ്റാന്‍ വിത്തിനു വെച്ചതു തിന്നുകളയുന്നു. രാഷ്ട്രതന്ത്രം വികൃതിക്കുട്ടിയുടെ കൈയിലെ കളിപ്പാട്ടം പോലെ ഒടിഞ്ഞു തൂങ്ങുന്നു.

കാണുക , ദേവകള്‍ തന്‍ പരിഹാസം
പോലെ നിലാവൊളി ചിന്നിയ പാരിന്‍
സാനുതലങ്ങളിലൂടെ നിവര്‍ന്നു
നടന്നു വരുന്നൊരു തേജോരൂപം.

അസഹ്യമായ ഈ കാലത്തും മാവേലിയുടെ സാന്നിധ്യം നല്‍കുന്ന പ്രതീക്ഷയാണ് മനുഷ്യകുലത്തിന്റെ ശക്തിയും കരുത്തും. തിന്മയുമായുള്ള ഓരോ ഏറ്റുമുട്ടലില്‍ നിന്നും ആര്‍ജിക്കുന്ന പ്രതിരോധ ശേഷിയാണ് തിരുവോണത്തിന്റെ സാന്ത്വനമായിത്തീരുന്നത്. അവിടെയാണു മാവേലിമന്നന്റെ തിളങ്ങുന്ന രൂപത്തിന് അനേകം അര്‍ഥങ്ങൾ ഉണ്ടായിത്തീരുന്നത്. ഓണപ്പാട്ടുകാര്‍ ഏഴുപതിറ്റാണ്ടു മുമ്പു കൊട്ടിപ്പാടിയ പാട്ടിന് ഇന്ന് പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പുതിയ അര്‍ഥങ്ങള്‍ പിറക്കുന്നതും അങ്ങനെയാണ്.

ആ വരവിങ്കലുണര്‍ന്നു ചിരിപ്പൂ
പൂവുകള്‍! ഞങ്ങടെ സാക്ഷികളത്രേ
പൂവുകള്‍! പോവുക നാമെതിരേല്‍ക്കുക
നമ്മളൊരുക്കുക നാളെയൊരോണം!

ആ കാലുഷ്യത്തിന്റെ വളക്കൂറിലാണ് മാവേലിക്കു പകരം വാമന ജയന്തി ആഘോഷമാക്കുന്നവരുണ്ടാകുന്നത്. വേഷപ്രച്ഛന്നനായി വന്നു നന്മയെ പാതാളത്തോളം ചവിട്ടിത്താഴ്്ത്തിയ കുടില യുക്തികള്‍ പുതിയ കാലത്തിന്റെ കണക്കുപുസ്തകത്തില്‍ ഹരിച്ചും ഗുണിച്ചും കളിക്കുന്നു. ജനതയുടെ ഹൃദയത്തില്‍ നിന്നു വിമോചനത്തിന്റെ നേര്‍ത്ത സ്വപ്നങ്ങള്‍ പോലും വേരോടെ പിഴുതെറിയാനുള്ള പകയുടെ കരിങ്കടലാണിരമ്പുന്നത്.
അവിടെ പ്രതിരോധത്തിന്റെ വര്‍ണരാജിയായി ഓണപ്പൂക്കളങ്ങള്‍ മാറുകയാണ്. ഓരോ മനുഷ്യനും ഓരോ വര്‍ണപ്പൂവായി അണിചേര്‍ന്ന് സമത്വം തുളുമ്പുന്ന നാളെയുടെ തിരുമുറ്റത്തേക്ക് ആ മന്നനെ എതിരേല്‍ക്കുകയാണ്. അനേകം തലമുറകളിലൂടെ സഞ്ചരിച്ച ആ ഓണപ്പാട്ടുകാര്‍ നമുക്കൊപ്പവും പ്രതിരോധത്തിന്റെ പാട്ടുകള്‍ പാടിത്തിമര്‍ക്കട്ടെ….

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്