Connect with us

Kerala

ഒമിക്രോണ്‍: സംസ്ഥാനത്ത് കര്‍ഫ്യൂ ഉണ്ടാകില്ല, സ്‌കൂളുകള്‍ അടക്കില്ല; ജാഗ്രത തുടരും

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം. എന്നാല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കാതെ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടെന്നും നിയന്ത്രണങ്ങളുടെ ഭാഗമായി വാരാന്ത്യ കര്‍ഫ്യൂ, രാത്രികാല കര്‍ഫ്യൂ തുടങ്ങിയവ ഏര്‍പ്പെടുത്തേണ്ടെന്നും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിലവില്‍ ഒമിക്രോണ്‍ വ്യാപന ഭീഷണി ഇല്ലെന്നും വിമാനത്താവളങ്ങളിലുള്‍പ്പെടെ കര്‍ശന പരിശോധന തുടരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും എന്നാല്‍, കൊവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധന സമീപ സംസ്ഥാനങ്ങളിലുള്‍പ്പെടെയുള്ള വര്‍ധനയുടെ ഭാഗമാണെന്നും യോഗം വിലയിരുത്തി.

അതേസമയം, പൊതുപരിപാടികളില്‍ ആളുകളുടെ എണ്ണം പരമാവധി കുറക്കാനും ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈന്‍ ആക്കണമെന്ന നിര്‍ദേശവും യോഗം മുന്നോട്ടുവച്ചു. ഇതോടൊപ്പം വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അനിവാര്യമായ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കി പരിമിതപ്പെടുത്തി. നേരത്തെ അടച്ചിട്ട സ്ഥലങ്ങളില്‍ 75 പേര്‍ക്കും തുറസ്സായ സ്ഥാനങ്ങളില്‍ 150 പേര്‍ക്കും പങ്കെടുക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. അതേസമയം, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അടുത്ത അവലോകന യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തുക, പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക, പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കുക, ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതില്‍ ബോധവത്കരണം നടത്തുക, ടെലിമെഡിസിന്‍ സംവിധാനം നല്ലതുപോലെ നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗം മുന്നോട്ടുവച്ചു. 15 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ഈ ആഴ്ച തന്നെ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പു വരുത്തണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.

ഇതോടൊപ്പം നിലവില്‍ തീരുമാനിച്ച കുടുംബശ്രീ തിരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വരെ കേരളത്തില്‍ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് നിരക്ക് ഇപ്പോള്‍ 6,000നും മുകളിലെത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ സൂചന നല്‍കി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആര്‍ നോട്ട് കൂടുതലായ ഒമിക്രോണ്‍ കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വേണമോ എന്ന് അവലോകനയോഗം പുനരാലോചന നടത്തിയത്.

അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 1,80,000 ആയി ഉയര്‍ന്നു. പ്രതിവാര കേസുകളില്‍ 500 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒമിക്രോണിന്റെ തന്നെ മറ്റൊരു വകഭേദമായ ബി എ വണ്‍ ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്്. ഈ സാഹചര്യത്തില്‍ കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവരില്‍ നല്‍കുന്ന കോക്ടെയില്‍ ചികിത്സയുടെ ഫലപ്രാപ്തിയടക്കം പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

Latest