Connect with us

തെളിയോളം

നാളെ മുതൽ ഒന്നും നീട്ടിവെക്കില്ല

എത്ര കൂടുതൽ നേരം നാം കാത്തിരിക്കുന്നോ അത്രയും അത് ആരംഭിക്കാൻ ബുദ്ധിമുട്ടാകും, കൂടുതൽ കുറ്റബോധം വാരിക്കൂട്ടുകയും ചെയ്യേണ്ടി വരും എന്നതാണ് ഓർക്കേണ്ടത്. യഥാർഥ രഹസ്യം ഇതാണ്: പ്രചോദനം പ്രവൃത്തിക്ക് മുമ്പല്ല, ശേഷമാണ് വരുന്നത്. ഒരു കാര്യം നിങ്ങൾ ചെയ്യാൻ ആരംഭിച്ചാൽ ശരിക്കും അതിനായി തയ്യാറായിക്കഴിഞ്ഞ ഫീൽ തന്നെ ആയിരിക്കും.

Published

|

Last Updated

“ഈ ആഴ്ച മാറ്റിവെക്കുന്നത് നിർത്താൻ ഞാൻ പദ്ധതിയിട്ടിരുന്നു… പക്ഷേ, അടുത്ത ആഴ്ച അത് തുടങ്ങുമെന്നാണ് ഞാൻ കരുതുന്നത്.’ എന്ന ഒരു നർമവചനമുണ്ട്. സി ഇ ഒ മാർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അധ്യാപകർ, തൊഴിലാളികൾ തുടങ്ങിയ ആർക്കിടയിലും വിവേചനം കാണിക്കാത്ത ഭൂമിയിലെ ഏറ്റവും ജനാധിപത്യപരമായ ശീലമായ നീട്ടിവെക്കലിനെക്കുറിച്ചാണിത്. ഏതൊരാളും എപ്പോഴെങ്കിലും, ഒരു അടിയന്തര ജോലിയെ നോക്കി ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും “ഇത് എന്തായാലും എന്റെ ശ്രദ്ധ അർഹിക്കുന്ന പ്രധാന കാര്യമാണ്… നാളെ തന്നെ ഒന്ന് ഒരുങ്ങി ചെയ്യണം’. “മാനസിക തയ്യാറെടുപ്പ് ‘ എന്ന പേരിൽ എന്തും വൈകിപ്പിക്കുക എന്ന ഏറ്റവും രസകരമായ ഈ ഏർപ്പാട് നമുക്കൊക്കെ ഉണ്ടായിരിക്കും.

ചിലർക്ക് ചിലത് ആരംഭിക്കാൻ മറ്റു ചിലത് ആവശ്യമായിരിക്കും, തികഞ്ഞ മാനസികാവസ്ഥ, നല്ല സമയം, ദിവസം, കാലാവസ്ഥ ഇങ്ങനെ. യഥാർഥത്തിൽ, നീട്ടിവെക്കൽ മടിയല്ല; അത് ബുദ്ധിപരമായ കാലതാമസമാണ്. നമ്മുടെ മസ്തിഷ്കം നമുക്ക് നൽകുന്ന മധുരമുള്ള ഒരു ഇടപാട്: “നിങ്ങൾക്ക് ഇപ്പോൾ അസ്വസ്ഥത ഒഴിവാക്കാനും പിന്നീട് ഒരു പ്രതിസന്ധിയെ നേരിടാനും കഴിയും.’ എന്ന് യുക്തിസഹമായി തോന്നിപ്പിക്കുന്ന ഒരു തരം കടുംബുദ്ധി. എന്നാൽ, എന്തായിരിക്കും സംഭവിക്കുക?! രണ്ടാഴ്ചക്കുള്ളിൽ തീർക്കാൻ നമുക്ക് ഒരു പ്രോജക്റ്റ് ഉണ്ട്. ആസ്വദിച്ചു ഭക്ഷണം കഴിച്ചും, സമാധാനപരമായി ഉറങ്ങിയും ആദ്യത്തെ 13 ദിവസം സ്ക്രോൾ ചെയ്യുന്നു, 14ാം ദിവസം, പരിഭ്രാന്തിയോടെ കിടന്ന് പിടയുന്നു. അന്ന് പ്രിന്റർ മുതൽ ഓഫീസിലെ സ്റ്റാപ്ളർ പോലും നമ്മുടെ ശത്രുവായി മാറുന്നു. പുലർച്ചെ രണ്ട് മണിക്ക് ടൈപ്പിംഗ് മെഷീനിൽ ഇരുന്ന് “എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ?’ എന്ന് തലതല്ലുന്നു.

നീട്ടിവെക്കലിന്റെ ശക്തിയെന്തെന്നാൽ, ഒന്നും ചെയ്തിട്ടില്ലാത്തപ്പോഴും അത് നമുക്ക് ഒരു തെറ്റായ നേട്ടബോധം നൽകുന്നുവെന്നതാണ്. ജോലിയെക്കുറിച്ച് ചിന്തിക്കുന്നത് അത് ചെയ്യുന്നതുപോലെ തന്നെ നല്ലതാണെന്ന് അത് നിങ്ങളെ സ്വയം ബോധ്യപ്പെടുത്തുന്നു. സുഖപ്പെടാത്ത ഒരു ചൊറിച്ചിൽ ചുമ്മാ ചൊറിയുന്നത് പോലെ മനഃശാസ്ത്രപരമായ ഒരു വ്യാജ സംതൃപ്തിയാണ് അത് നമുക്ക് നൽകുന്നത്. കുക്കിംഗ് ഷോ കണ്ട് കലോറി കൂടും എന്ന് വിചാരിക്കുന്ന പോലെയാണ് ആസൂത്രണം ചെയ്യാനുള്ള നല്ല സമയത്തിന് കാത്തിരുന്ന് ഒരു കാര്യം ചെയ്യാതെ മാറ്റിവെക്കുന്നത്. ജോലികൾ വൈകിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള പ്രചോദനാത്മക വീഡിയോകൾ കണ്ട് ഇപ്പോൾ ചെയ്യാനുള്ളവ പോലും വൈകിപ്പിക്കുന്ന കോമഡിയാണിത്. സാങ്കേതികവിദ്യ പോലും സൃഷ്ടിപരമായി കാര്യങ്ങൾ മാറ്റിവെക്കാൻ നമ്മെ സഹായിക്കുന്നു.

നമ്മുടെ ഫോണുകളിൽ അലാറങ്ങൾ, ഓർമപ്പെടുത്തലുകൾ, കലണ്ടറുകൾ, ആപ്പുകൾ എന്നിവയുണ്ട് ; എല്ലാം നമ്മെ ക്രമീകരിച്ചിരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എന്നിട്ടും നമ്മൾ ഇപ്പോഴും എല്ലാത്തിലും “സ്‌നൂസ്’ ചെയ്യുന്നു. നമ്മൾ നമ്മുടെ ലക്ഷ്യങ്ങൾ പോലും സ്‌നൂസ് ചെയ്യുകയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ. “മാറ്റിവെക്കൽ ഒരു ക്രെഡിറ്റ് കാർഡ് പോലെയാണ്. ബിൽ കിട്ടുന്നത് വരെ അത് വളരെ രസകരമാണ്.’ എന്ന ഉദ്ധരണി എത്ര അർഥപൂർണമാണ്!. മനഃശാസ്ത്രജ്ഞർ നീട്ടിവെക്കലിന് പറയുന്ന രസകരമായ ഒരു വിശദീകരണം അത് ശുദ്ധമായ അലസതയല്ല, പലപ്പോഴും അത് അപൂർണതയെക്കുറിച്ചുള്ള ഭയമാണ് എന്നാണ്. നമ്മൾ തികഞ്ഞ മാനസികാവസ്ഥ, തികഞ്ഞ സമയം അല്ലെങ്കിൽ തികഞ്ഞ പദ്ധതി എന്നിവക്കായി കാത്തിരിക്കുന്നതിനു കാരണം, ഉള്ളിന്റെ ഉള്ളിൽ നാം പരാജയപ്പെടാൻ ഭയപ്പെടുന്നത് കൊണ്ടാണ്.

എത്ര കൂടുതൽ നേരം നാം കാത്തിരിക്കുന്നുവോ അത്രയും അത് ആരംഭിക്കാൻ ബുദ്ധിമുട്ടാകും, കൂടുതൽ കുറ്റബോധം വാരിക്കൂട്ടുകയും ചെയ്യേണ്ടി വരും എന്നതാണ് ഓർക്കേണ്ടത്. യഥാർഥ രഹസ്യം ഇതാണ്: പ്രചോദനം പ്രവൃത്തിക്ക് മുമ്പല്ല, ശേഷമാണ് വരുന്നത്. ഒരു കാര്യം നിങ്ങൾ ചെയ്യാൻ ആരംഭിച്ചാൽ ശരിക്കും അതിനായി തയ്യാറായിക്കഴിഞ്ഞ ഫീൽ തന്നെ ആയിരിക്കും. ഒരു ചെറിയ ചുവടുവെപ്പ് പോലും എടുക്കുന്ന നിമിഷം, നിങ്ങളുടെ മസ്തിഷ്കം കുറ്റബോധത്തിൽ നിന്ന് വളർച്ചയിലേക്ക് മാറുന്നത് അനുഭവപ്പെടും. ചെയ്യാനുള്ളത് ചെറുതായങ്ങ് തുടങ്ങുക – അഞ്ച് മിനുട്ട് പഠനം, ഒരു ഖണ്ഡിക എഴുത്ത്, ഒരു പുഷ്-അപ്പ്, ഒരു കോൾ. ആ അഞ്ച് മിനുട്ട് നിങ്ങളുടെ ആക്കം വർധിപ്പിക്കുന്നു, ആക്കം ഒരു മാന്ത്രികതയാണ്. നീട്ടിവെക്കലിനുള്ള യഥാർഥ പരിഹാരം ഉത്പാദനക്ഷമതയുടെ ഒരു റോബോട്ട് ആയി മാറുക എന്നതല്ല. നിഷ്ക്രിയത്വത്തേക്കാൾ നല്ലത് അപൂർണതയാണ് എന്ന് മനസ്സിലാക്കുകയാണ്. സുഗമമായ ഒഴികഴിവിനേക്കാൾ പരുക്കൻ തുടക്കമാണ് നല്ലത്. പുരോഗതി, മന്ദഗതിയിലാണെങ്കിലും, ഒരിക്കലും ആരംഭിക്കാത്ത പൂർണതയെ മറികടക്കുന്നു.

 

Latest