local body election 2025
ഇ വി എം മാത്രമല്ല തീപ്പെട്ടിയും മെഴുകുതിരിയും അരക്കും ബൂത്തിലേക്ക്
സീൽ ചെയ്യാനുള്ള അരക്കാണ് ബൂത്തുകളിലേക്കുള്ള മറ്റൊരു പ്രധാന ഇനം.
കണ്ണൂർ | സുഗമമായ തദ്ദേശതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലേക്കും എത്തുക ഇ വി എമ്മുകൾ മാത്രല്ല. തീപ്പെട്ടിയും മെഴുകുതിരിയും അരക്കും ചരടും ഉൾപ്പെടെയുള്ള സാധനങ്ങൾ. ഇവ ഓരോന്നും കൃത്യമായി എണ്ണി തുണിസഞ്ചിയിലാക്കി അതാത് ബൂത്തുകളിലെ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകും.പെൻസിൽ, മൊട്ടുസൂചി, പശ, വെള്ള ചരട്, ബ്ലേഡ്, വോട്ടർ പട്ടികയിൽ അടയാളം ചെയ്യാൻ ചുവന്ന മഷിയുള്ള പേന എന്നിങ്ങനെ 25 ഇനം സ്റ്റേഷനറി ഇനങ്ങൾ ഓരോ ബൂത്തിലേക്കും നൽകുന്നുണ്ട്.
സീൽ ചെയ്യാനുള്ള അരക്കാണ് ബൂത്തുകളിലേക്കുള്ള മറ്റൊരു പ്രധാന ഇനം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, മോക് പോൾ നടത്തിയതിനുശേഷം വോട്ടിംഗ്യന്ത്രങ്ങൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രീൻ പേപ്പർ സീൽ, സ്ട്രിപ്പ് സീൽ, സ്‌പെഷ്യൽ ടാഗ്,കൺട്രോൾ യൂണിറ്റിന്റെ അഡ്രസ് ടാഗ്, വോട്ടർ പട്ടികയുടെ മാർക്ക്ഡ് കോപ്പി ഉൾപ്പെടെ എട്ട് ഇനങ്ങളാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ടുള്ളത്. കൂടാതെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഡിറ്റാച്ചബിൾ മെമ്മറി മൊഡ്യുളും വോട്ടർമാരുടെ വിരലിൽ അടയാളപ്പെടുത്താനുള്ള മഷിയും ബൂത്തുകളിലേക്കുനൽകും.
പ്രിസൈഡിംഗ് ഓഫീസർക്ക് മെറ്റൽ, റബ്ബർ ഉൾപ്പെടെ നാലിനം സീലുകൾ, ടെൻഡർ വോട്ടുകൾ രേഖപ്പെടുത്താനുള്ള ലിസ്റ്റ്, ചലഞ്ച്ഡ് വോട്ടുകൾ രേഖപ്പെടുത്താനുള്ള ലിസ്റ്റ് തുടങ്ങി വിവിധ ഫോമുകൾ ഉൾകൊള്ളിച്ച 10 ഇനം പേപ്പർ കവറുകൾ. കൂടാതെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപ് പ്രിസൈഡിങ് ഓഫീസർ സത്യപ്രസ്താവന രേഖപ്പെടുത്തുന്ന ഫോം 10 എ ഉൾപ്പെടെ 14 ഫോമുകളും ഓരോ ബൂത്തുകളിലേക്ക് നൽകും. ജില്ലയിലെ 20 വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് ഇവ നാളെ വിതരണം ചെയ്യും.



