Connect with us

Kerala

വയനാട്ടിലും നോറോ വൈറസ് സ്ഥിരീകരിച്ചു

പൂക്കോട് നവോദയ സ്കൂൾ വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്

Published

|

Last Updated

കൽപ്പറ്റ  | വയനാട്ടിലെ പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു.  98 കുട്ടികളിൽ ഛർദിയും വയറുവേദനയും  അനുഭവപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ  ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഒരു വിദ്യാർഥിയുടെ സ്റ്റൂൾ സാമ്പിളിൽ നോറോ വൈറസ് സ്ഥിരീകരിച്ചത്. നവോദയ സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ കഴിഞ്ഞ 10 ദിവസങ്ങളിലായി വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിദഗ്ദ സംഘം സ്ഥലം സന്ദർശിച്ച് വിദ്യാർഥികളുടെ മലം പരിശോധനയ്ക്കയച്ചത്.

5 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ ഒരെണ്ണമാണ് പോസിറ്റീവ് ഫലം ലഭിച്ചത്. സമാന ലക്ഷണങ്ങൾ ഉള്ളതിനാൽ മറ്റ് കുട്ടികൾക്കും നോറോ വൈറസ് ഇൻഫക്ഷൻ തന്നെയെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിഗമനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ദിനീഷ് പി വ്യക്തമാക്കി.

വയനാട് ജില്ലയിൽ 2021 നവംബർ മാസത്തിലാണ് ഇതിന് മുമ്പ് ഇത് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പരിശോധനാ ഫലം വരുന്നതിന് മുമ്പ് തന്നെ നോറോ വൈറസ് ബാധയാണ് എന്ന രീതിയിൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമായി നടത്തി വരുന്നുണ്ട്.