local body election 2025
ആര് ജയിച്ചാലും കോളൂറുകാര്‍ക്ക് വേണ്ടത് കല്ലൂര്‍ പുഴക്ക് കുറുകെ പാലം
മഴക്കാലങ്ങളില്‍ പുഴ കരകവിയുന്നതോടെ ഇവരുടെ സഞ്ചാരവും നിലക്കും.
സുല്‍ത്താന്‍ ബത്തേരി | ആര് വിജയിച്ചാലും സുരക്ഷിതമായി സഞ്ചരിക്കാനുളള പാലം വേണമെന്നാണ് നൂല്‍പ്പുഴ കോളൂര്‍ നിവാസികള്‍ക്ക് പറയാനുള്ളത്. കാളിച്ചിറ ഭാഗത്ത് കല്ലൂര്‍ പുഴക്ക് കുറുകെയാണ് നാട്ടുകാര്‍ പാലം ആവശ്യപ്പെടുന്നത്. നിലവില്‍ ഈ ഭാഗത്ത് തടിപ്പാലങ്ങളിലൂടെയാണ് ജീവന്‍ പണയംവെച്ച് കോളൂര്‍- കാളിച്ചിറ ഭാഗങ്ങളിലുള്ളവര്‍ സഞ്ചരിക്കുന്നത്.
കോളൂര്‍, കരടിമാട്, മുറിയന്‍കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾ മറുകരയായ പണപ്പാടിയിലേക്ക് എത്താനും തിരികെ വരാനും ആശ്രയിക്കുന്നത് പുഴക്കു കുറുകെയുള്ള മരപ്പാലങ്ങളെയാണ്. പ്രദേശവാസികള്‍ നിര്‍മിച്ച ഈ പാലങ്ങളിലൂടെ ജീവന്‍ പണയംവെച്ചാണ് നാട്ടുകാര്‍ അക്കരെ കടക്കുന്നത്.
മഴക്കാലങ്ങളില്‍ പുഴ കരകവിയുന്നതോടെ ഇവരുടെ സഞ്ചാരവും നിലക്കും. ഇതോടെ വീട്ടുസാധനങ്ങള്‍ വാങ്ങാനും കൃഷിആവശ്യങ്ങള്‍ക്കും ആളുകള്‍ക്ക് ഇരുപ്രദേശങ്ങളിലും എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം. മുമ്പ് ഇവിടെ മരപ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ പുഴയില്‍വീണ് മരണവും സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രദേശമുള്‍ക്കൊള്ളുന്ന പണപ്പാടി വാര്‍ഡില്‍ ആര് ജയിച്ചുവന്നാലും സുരക്ഷിതമായി സഞ്ചരിക്കാന്‍ ഒരു പാലം നിര്‍മിക്കണമെന്നാണ് വോട്ടര്‍മാരുടെ ആവശ്യം.
നൂറോളം കുടുംബങ്ങളാണ് കോളൂര്‍ കാളിച്ചിറ പ്രദേശങ്ങളില്‍ താമസിക്കുന്നത്. കാളിച്ചിറ താമസിക്കുന്ന കുടുംബങ്ങളില്‍ ചിലര്‍ക്ക് കാളിച്ചിറ ഭാഗത്ത് വയലും കോളൂർ ഭാഗത്തുള്ളവര്‍ക്ക് കാളിച്ചിറയില്‍ കരഭൂമിയുമുണ്ട്. മഴപെയ്ത് പുഴയില്‍ വെള്ളം കരകവിയുന്നതോടെ കൃഷിയിടങ്ങളിലേക്ക് എത്തണമെങ്കില്‍ നാല് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം. അതിനാല്‍ കോളൂര്‍ ഭാഗത്ത് പുഴക്ക് കുറുകെ കോണ്‍ക്രീറ്റ് നടപ്പാലം വന്നാല്‍ ഉപകാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.


