Kerala
നമ്പര്‍18 ഹോട്ടല്‍ പോക്‌സോ കേസ്: ഒളിവില്‍ പോയ റോയ് വയലാട്ടിനായി വ്യാപക തിരച്ചില്‍
മുന്‍കൂര്‍ ജാമ്യ ഹരജി സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് അറസ്റ്റ് നടപടികളുമായി പോലീസ് മുന്നോട്ട് പോകുന്നത്.
കൊച്ചി | പോക്‌സോ കേസില്‍ ഒളിവിലുള്ള നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി റോയ് വയലാട്ടിന്റെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. റോയ് വയലാട്ട്, കേസിലെ കൂട്ട് പ്രതി ഷൈജു തങ്കച്ചന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് അറസ്റ്റ് നടപടികളുമായി പോലീസ് മുന്നോട്ട് പോകുന്നത്.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയില്‍ കൊച്ചി പോലീസാണ് റോയ് വയലാട്ട് അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ കേസെടുത്തത്.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.
അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്‌തെന്നാണ് കേസ്. എന്നാല്‍ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.




