Kerala
എന്‍ എം വിജയന്‍ മരിച്ച സംഭവം: ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാംപ്രതി, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ രണ്ടാംപ്രതി, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവര്‍ മൂന്നും നാലും പ്രതികള്‍ എന്നിങ്ങനെയാണ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നല്‍കിയിട്ടുള്ളത്.

വയനാട്| എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാംപ്രതി, മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ രണ്ടാംപ്രതി, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവര്‍ മൂന്നും നാലും പ്രതികള്‍ എന്നിങ്ങനെയാണ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നല്‍കിയിട്ടുള്ളത്. ബേങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് എന്‍എം വിജയന്‍ ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. കേസില്‍ നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
എന്‍ എം വിജയന്‍ വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാര്‍ട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി വിജയന്‍ പറയുന്നത്. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബേങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തില്‍ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎല്‍എ ആണെന്ന് ആരോപിക്കുന്ന കത്തില്‍, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്.