Uae
യുഎഇയിൽ പുതിയ അധ്യയന രീതി
പരീക്ഷകൾ കുറയും. അറബി, ഇസ്്ലാമിക് വിഷയങ്ങൾക്ക് കൂടുതൽ സമയം

ദുബൈ|യു എ ഇയിൽ പുതിയ അധ്യയന വർഷം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, വിദ്യാഭ്യാസ മന്ത്രാലയം പാഠ്യപദ്ധതിയിൽ പ്രഖ്യാപിച്ച നിരവധി മാറ്റങ്ങൾ അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സഹായകരമാവുമെന്ന് വിലയിരുത്തൽ. രണ്ടാം സെമസ്റ്ററിന് ശേഷം നടക്കുന്ന കേന്ദ്രീകൃത പരീക്ഷകൾ ഒഴിവാക്കി പകരം സ്‌കൂളുകൾക്ക് സ്വന്തമായി അസസ്‌മെന്റുകൾ നടത്താമെന്നതാണ് പുതിയ മാറ്റത്തിലെ ഒരു പ്രധാന പ്രത്യേകത. ആദ്യത്തെയും മൂന്നാമത്തെയും സെമസ്റ്ററുകളിൽ കേന്ദ്രീകൃത പരീക്ഷകൾ തുടരും.
പൊതുവിദ്യാലയങ്ങളിൽ നാല് മുതൽ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ അറബി, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിലുള്ള കഴിവ് അളക്കാൻ പുതിയ യോഗ്യതാ പരീക്ഷ നടത്തും. ആദ്യഘട്ടത്തിൽ 26,000 വിദ്യാർഥികളെയാണ് ഇതിൽ ഉൾപ്പെടുത്തുക. കിന്റർഗാർട്ടൻ, സൈക്കിൾ-1 വിദ്യാർഥികൾക്ക് അറബി, ഇസ്്ലാമിക് വിഷയങ്ങളിൽ കൂടുതൽ സമയം അനുവദിക്കുമെന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആദ്യമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതുമാണ് മറ്റൊരു പ്രധാന തീരുമാനം. വിദ്യാർഥികളെ എ ഐ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. 1,000 അധ്യാപകർക്ക് ഇതിനുള്ള പരിശീലനം നൽകുന്നുണ്ട്.
കായിക ടൂർണമെന്റുകൾ, പി ഇ ക്ലാസുകൾ, ആരോഗ്യപരമായ ഭക്ഷണക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ കായിക, ആരോഗ്യ പരിപാടികൾക്കും തുടക്കമിടും.
പൊതുവിദ്യാഭ്യാസത്തിനും മുന്തിയ പരിഗണയാണ് സർക്കാർ നൽകുന്നത്. പുതിയ അധ്യയന വർഷത്തിൽ ഒൻപത് പുതിയ സ്‌കൂളുകൾ തുറക്കും. ഇതോടെ 25,000 വിദ്യാർഥികൾക്ക് കൂടി പഠന സൗകര്യമൊരുങ്ങും. ഇവിടെ 800-ലധികം പുതിയ അധ്യാപകരെയും നിയമിക്കും. അതോടൊപ്പം 460 സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. കൂടാതെ, 5,500 ബസുകളും 10 ദശലക്ഷം പാഠപുസ്തകങ്ങളും 47,000 ലാപ്‌ടോപ്പുകളും വിതരണം ചെയ്യുകയും ചെയ്തു.