National
പുതിയ ആദായനികുതി ബിൽ ലോക്സഭ പാസാക്കി
പുതിയ നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ശ്രമം.

ന്യൂഡൽഹി | ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം വെക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആദായനികുതി (നമ്പർ 2) ബിൽ ലോക്സഭ പാസാക്കി. ബീഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ ‘ഇന്ത്യ’ മുന്നണി എം പിമാർ പ്രതിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷത്തിന്റെ ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.
പുതിയ ബിൽ നികുതി നിയമങ്ങളെ കൂടുതൽ സിമ്പിൾ (S.I.M.P.L.E – Streamlined, Integrated, Minimised, Practical, Learn, Efficient) ആക്കി മാറ്റുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. സ്ട്രീംലൈൻഡ് ഘടനയും ഭാഷയും, സംയോജിതവും സംക്ഷിപ്തവുമായ ഉള്ളടക്കം, വ്യവഹാരങ്ങൾ കുറയ്ക്കുക, പ്രായോഗികവും സുതാര്യവും, പഠിക്കാനും പൊരുത്തപ്പെടാനും എളുപ്പം, കാര്യക്ഷമമായ നികുതി പരിഷ്‌കാരങ്ങൾ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ കരട് ബിൽ ബി ജെ പി നേതാവ് ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സെലക്ട് കമ്മിറ്റിക്ക് കൈമാറിയിരുന്നു. കമ്മിറ്റി മുന്നോട്ടുവെച്ച 285 നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതായി ധനമന്ത്രി അറിയിച്ചു.
പുതിയ ബിൽ നികുതി ഘടനയെ കൂടുതൽ ലളിതമാക്കുകയും വ്യക്തിഗത നികുതിദായകരെയും എം എസ് എം ഇകളെയും അനാവശ്യ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ബൈജയന്ത് പാണ്ഡ പറഞ്ഞു. 1961-ലെ ആദായനികുതി നിയമത്തിന് 4,000-ത്തിലധികം ഭേദഗതികൾ വന്നിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം വാക്കുകളുള്ള ഈ നിയമം വളരെ സങ്കീർണമാണ്. പുതിയ ബിൽ ഇത് ഏകദേശം 50 ശതമാനത്തോളം ലളിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ബില്ലിൽ ഭാഷ ലളിതമാക്കുന്നതിനൊപ്പം, കിഴിവുകൾ വ്യക്തമാക്കുകയും വ്യവസ്ഥകളിലുടനീളം ക്രോസ്-റഫറൻസിങ് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ഭവന വായ്പകളുമായി ബന്ധപ്പെട്ട പലിശ, സ്റ്റാൻഡേർഡ് ഡിഡക്ഷനുകൾ എന്നിവയിലെ അവ്യക്തതകളും പരിഹരിക്കുന്നുണ്ട്.
പുതിയ നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ശ്രമം.