From the print
നവ്യാനുഭവം പകർന്ന് പുതിയ മത്സര ഇനങ്ങൾ
കുട്ടികളുടെ അഭിരുചികൾ കൂടുതൽ വളർത്തിയെടുക്കുകയും പുതുകാലത്തിനനുസരിച്ച് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ഇത്തവണ കൂട്ടിച്ചേർക്കപ്പെട്ട മത്സരങ്ങൾ.

പാലക്കാട് | മത്സാരാർഥികൾക്കും ശ്രോതാക്കൾക്കും നവ്യാനുഭം പകർന്ന് സാഹിത്യോത്സവിലെ പുതിയ മത്സര ഇനങ്ങൾ. കുട്ടികളുടെ അഭിരുചികൾ കൂടുതൽ വളർത്തിയെടുക്കുകയും പുതുകാലത്തിനനുസരിച്ച് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ഇത്തവണ കൂട്ടിച്ചേർക്കപ്പെട്ട മത്സരങ്ങൾ. എ ഐ കവിതാ രചന, എ ഐ പ്രോംപ്റ്റിംഗ്, ഐഡിയതോൺ, പൊളിറ്റിക്കൽ ഡിബേറ്റ്, ഒറിഗാമി, ജേർണൽ ആർട്ട് മുതലായവയാണ് പുതിയ ഇനങ്ങൾ.
എ ഐ കവിതാ രചന, എ ഐ പ്രോംപ്റ്റിംഗ് മത്സരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ക്രിയാത്മകമായ ഉപയോഗത്തിലേക്ക് വഴിയൊരുക്കി. നൽകപ്പെടുന്ന വിഷയത്തിൽ പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്ന മത്സരമാണ് ഐഡിയതോൺ. മത്സരാർഥികളിൽ സംവാദക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊളിറ്റിക്കൽ ഡിബേറ്റ് മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്.
കടലാസുകൾ കൊണ്ട് വിവിധ രൂപങ്ങൾ നിർമിക്കുന്ന ഇനമായ ഒറിഗാമിക്കും നല്ല പ്രതികരണമാണ് മത്സരാർഥികളിൽ നിന്നും ലഭിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ വിവിധങ്ങളായ സൃഷ്ടികൾ പുസ്തക രൂപത്തിൽ ക്രോഡീകരിക്കുന്നതാണ് ജേർണൽ ആർട്ട്. ഈ രണ്ട് മത്സരങ്ങളും ഗേൾസ് വിഭാഗത്തിനാണ് സംവിധാനിച്ചിരിക്കുന്നത്.
പൊളിറ്റിക്കൽ ഡിബേറ്റിൽ കൊല്ലം ജില്ലയിലെ ആസിം, എ ഐ കവിതാ രചനയിൽ കണ്ണൂർ ജില്ലയിലെ റബീഅ്,
എ ഐ പ്രോംപ്റ്റിംഗിൽ കണ്ണൂർ ജില്ലയിലെ നാഫിഅ്, ഐഡിയതോണിൽ പാലക്കാട് ജില്ലയിലെ നവാൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.