National
ഐഎസ്‌ഐക്കായി സിം കാര്‍ഡുകളും രഹസ്യ വിവരങ്ങളും കൈമാറി; നേപ്പാളി പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍
യുഎസ് വീസയും മാധ്യമ സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണ് ഇയാളെ ഐഎസ്‌ഐ വലയിലാക്കിയത്.

ന്യൂഡല്‍ഹി | പാക്കിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ സിം കാര്‍ഡുകളും രഹസ്യവിവരങ്ങളും കൈമാറിയ നേപ്പാളി പൗരന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി.നേപ്പാളിലെ ബിര്‍ഗഞ്ച് സ്വദേശിയായ പ്രഭാത് കുമാര്‍ ചൗരസ്യ (43)യെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ പ്രദേശത്ത് നിന്ന് ഡല്‍ഹി പോലീസ് പിടികൂടിയത്.യുഎസ് വീസയും മാധ്യമ സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണ് ഇയാളെ ഐഎസ്‌ഐ വലയിലാക്കിയത്.
യുഎസ് വീസയ്ക്കും ജോലി അവസരത്തിനും പകരമായി, ഇന്ത്യന്‍ സിം കാര്‍ഡുകള്‍ നല്‍കാമെന്നും ഡിആര്‍ഡിഒ, ആര്‍മി യൂണിറ്റുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാമെന്നും ഇയാള്‍ സമ്മതിക്കുകയായിരുന്നു.ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വകാര്യ ടെലികോം കമ്പനികളുടെ 16 സിം കാര്‍ഡുകള്‍ ചൗരസ്യ വാങ്ങിയിരുന്നു. തുടര്‍ന്ന് അവ നേപ്പാളിലേക്ക് അയച്ചു, അവിടെ നിന്ന് സിമ്മുകള്‍ ഐഎസ്‌ഐ പ്രവര്‍ത്തകര്‍ക്ക് കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സ്‌പെഷ്യല്‍ സെല്‍) അമിത് കൗശിക് പ്രസ്താവനയില്‍ പറഞ്ഞു.
ഇവയില്‍ 11 സിമ്മുകള്‍ ഉപയോഗിച്ച് ലാഹോര്‍, ബഹവല്‍പൂര്‍, പാക്കിസ്ഥാനിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വാട്ട്സ്ആപ്പ് സജീവമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിട്ടും സോഷ്യല്‍ മീഡിയ വഴി ചാരവൃത്തി ചെയ്യുന്നതിനുമാണ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിഎസ്സി ബിരുദവും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്് ചൗരസ്യ. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവായും ഏരിയ സെയില്‍സ് മാനേജരായും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്.
2017ല്‍ ഇയാള്‍ കാഠ്മണ്ഡുവില്‍ ഒരു ലോജിസ്റ്റിക് കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് തകര്‍ന്നു. ഇതേതുടര്‍ന്ന് ഇയാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.2024 ല്‍ കാഠ്മണ്ഡുവില്‍ വച്ച് ഒരു നേപ്പാളി ഇടനിലക്കാരന്‍ വഴിയാണ് ഇയാള്‍ ഐഎസ്ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള ആഗ്രഹത്താല്‍ ഇയാള്‍ സിം കാര്‍ഡുകള്‍ നല്‍കാമെന്നും പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നുവെന്നും ഡിസിപി കൗശിക് പറഞ്ഞു.