Connect with us

ഇന്തോനേഷ്യയിലെ നേപ്പാളില്‍

കുത്തനെയുള്ള മലമുകളിലേക്ക് മോട്ടോർ സൈക്കിളിൽ ഭാണ്ഡവുമേറ്റി കൃഷിപ്പണിക്ക് പോകുന്ന പ്രായമായവർ, വളഞ്ഞ് പുളഞ്ഞ് കഷ്ടിച്ചൊരു വാഹനത്തിന് മാത്രം പോകാൻ കഴിയുന്ന കല്ല് പാകിയ വഴികളിലൂടെ ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന ചെറിയവരും വലിയവരുമായ ഗ്രാമവാസികൾ, സാഹസികത ഈ ഗ്രാമക്കാരുടെ കൂടെപ്പിറപ്പാണ്.

Published

|

Last Updated

ണ്ണടപ്പിക്കുന്ന ചൂടുള്ള സുരകാർത്തയിൽ നിന്നാണ് മഗ്ലാംഗ് പ്രവിശ്യയിലെ നേപ്പാൾ വാൻ ജാവയിലേക്ക് വണ്ടി കയറുന്നത്. രണ്ട് തവണയാണ് നേപ്പാൾ വാൻ ജാവ സന്ദർശിച്ചത്. മലഞ്ചെരുവിൽ അടുക്കിവെച്ച വീടുകളും കൃഷിസ്ഥലങ്ങളും കൊണ്ട് വിരുന്നൊരുക്കി വിസ്മയിപ്പിക്കുന്ന കോടപുതച്ച ഹരിതാഭഭംഗിയുടെ പേരാണ് നേപ്പാൾ വാൻ ജാവ (ജാവയിലെ നേപ്പാൾ എന്നർഥം). ജാവാദ്വീപിന്റെ ഒരു ഭാഗത്തുനിന്നും നേരിട്ട് പൊതുഗതാഗത സൗകര്യമില്ലാത്ത സമുദ്രനിരപ്പിൽ നിന്ന് 3300 അടിയിലേറെ ഉയരത്തിലുള്ള ഒറ്റപ്പെട്ട പ്രദേശമാണിത്. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ ഏറ്റവും മുകളിലേക്ക്് എത്തിപ്പെടാൻ കഴിയൂ. സജീവമായ സുമ്പിംഗ് അഗ്നിപർവതത്തിന്റെ താഴ്്വാരത്തിലാണ് ഈ കൊച്ചു ഗ്രാമം എന്നതാണ് മറ്റൊരു പ്രത്യേകത.

നേപ്പാൾ എന്ന പേര് വരാനുള്ള കാരണം സംസാരിച്ച നാട്ടുകാർക്കാർക്കും അറിയില്ലായിരുന്നു. കോട നിറഞ്ഞ മലകളും ചെങ്കുത്തായ കയറ്റങ്ങളിൽ തൊട്ടടുത്തായി ചിട്ടയോടെ നിർമിച്ച കൊച്ചു കൊച്ചു വീടുകളും മലഞ്ചെരിവുകളിൽ നിരനിരയായി നട്ടുവളർത്തുന്ന കൃഷിത്തോട്ടങ്ങളുമൊക്കെയാകും ഈ പേരിന് കാരണമെന്ന് തിരികെയിറങ്ങും വഴി സ്വയം ഊഹിച്ചു. പക്ഷേ, എനിക്കേറെ കൗതുകം തോന്നിയ കാഴ്ച ഇതൊന്നുമല്ലായിരുന്നു. ചക്രങ്ങളിൽ ഉരുണ്ട് കയറുന്ന സാഹസിക ജീവിതങ്ങളിലായിരുന്നു എന്റെ കണ്ണ് നട്ടത്.

കുത്തനെയുള്ള മലമുകളിലേക്ക് മോട്ടോർ സൈക്കിളിൽ ഭാണ്ഡവുമേറ്റി കൃഷിപ്പണിക്ക് പോകുന്ന പ്രായമായവർ, വളഞ്ഞ് പുളഞ്ഞ് കഷ്ടിച്ചൊരു വാഹനത്തിന് മാത്രം പോകാൻ കഴിയുന്ന കല്ല് പാകിയ വഴികളിലൂടെ ടൂറിസ്റ്റുകളെ കൊണ്ട് പോകുന്ന ചെറിയവരും വലിയവരുമായ ഗ്രാമവാസികൾ, സാഹസികത ഈ ഗ്രാമക്കാർക്ക് കൂടെപ്പിറപ്പായത് പോലെ. കാർ പാർക്കിംഗിൽ നിന്ന് ഗ്രാമത്തിന്റെ പകുതി നടന്ന് കയറിയപ്പോഴേക്ക് കാല് കുഴഞ്ഞ് തുടങ്ങി. പതിനായിരം ഇന്തോനേഷ്യൻ റുപ്പിയ കൊടുത്ത് ആദ്യം കണ്ട ബൈക്കിൽ കയറി മറ്റൊരു പോയിന്റിൽ ഇറങ്ങി. അവിടം വരെ മാത്രമേ റോഡ് ഉണ്ടായിരുന്നുള്ളൂ.

ശരിക്കും യഥാർഥ ഗ്രാമക്കാഴ്ചകളുടെ തുടക്കം അവിടെയായിരുന്നു. കോട മൂടി നിൽക്കുന്ന അഗ്‌നിപർവതം, തണുത്ത കാറ്റ്, ഒരു പ്ലേറ്റിന് നടുക്ക് ചോറും കറികളും വിളമ്പിയ പോലെ ചുറ്റും ചെറിയ കുന്നുകൾ, കുത്തനെയൊഴുകുന്ന കൊച്ചരുവികൾ, ചെരുവുകളിലൊക്കെയും കൃഷിപ്പണിക്കാർ. ഉള്ളിയും കാബേജും കോളിഫ്ലവറും പപ്പായയും തക്കാളിയും ഉരുളക്കിഴങ്ങും മുളകുകളും തുടങ്ങി യഥേഷ്ടം പച്ചക്കറികൾ വിളയുന്നൊരു മണ്ണ്. ജാവയിൽ മറ്റെവിടെയും ഇത്രയേറെ വിഭവങ്ങൾ കൃഷി ചെയ്യുന്നതായി കണ്ടിട്ടില്ല. റോഡരികുകളിൽ കഴുകി വൃത്തിയാക്കി വെച്ച കാരറ്റ് കെട്ടുകൾ കണ്ടപ്പോൾ ഒന്ന് വാങ്ങിക്കഴിച്ചു. നല്ല മധുരം. അഞ്ചെണ്ണത്തിന് നാട്ടിലെ ഇരുപത്തിയഞ്ച് രൂപയേ വരൂ. നിത്യോപയോഗ ഇനമെന്നോണം ഉള്ളിയുടെ വിലയും തിരക്കി. മുപ്പതിനായിരം മുതൽ നാൽപ്പതിനായിരം വരെയാണ്. മുപ്പതിനായിരത്തിൽ (നാട്ടിലെ നൂറ്റി അൻപത് രൂപ) കുറഞ്ഞ് ജാവയിൽ മറ്റെവിടെയും കിട്ടില്ലെന്നത് മറ്റൊരു സത്യം.

ഒരു മണിയായിട്ടും സൂര്യനും വെയിലുമില്ലായിരുന്നു. മല കയറാമെന്ന് തന്നെ വെച്ചു. എഴുപതിലേറെ വയസ്സ് തോന്നിക്കുന്ന കർഷകർ മലയിറങ്ങി വരുന്ന കാഴ്ച കൂടുതൽ ഊർജം തന്നു. ഒരഗ്നി പർവതത്തിന്റെ മുകളിലെത്തുക എന്ന മോഹവും എന്നെ മുന്നോട്ട് തള്ളിക്കയറ്റി. പക്ഷേ, ഒരൊറ്റ വാക്കിൽ ആ മോഹം ഒലിച്ചിറങ്ങിപ്പോയി. അര മണിക്കൂർ കയറിയ ശേഷം കണ്ട, ക്ലൈംബിംഗ് കഴിഞ്ഞ് തിരികെ വരുന്നൊരു ഇന്തോ സുഹൃത്തിനോട് ഇനിയെത്ര ദൂരം കാണുമെന്ന ചോദ്യത്തിന് അവൻ തന്ന രണ്ട് മറുപടികളായിരുന്നു അത്. ഒന്ന്, നല്ല കോടയാണ്, കയറിയാലും കൂടുതൽ കാഴ്ചയൊന്നും പ്രതീക്ഷ വേണ്ട. ഒന്നൊന്നര മണിക്കൂർ കൂടി നടക്കണം മുകളിലെത്താൻ…

തൊട്ടടുത്ത് കണ്ടൊരു ഏറുമാടത്തിൽ കുറച്ച് സമയം വിശ്രമിച്ചു. അവസാനത്തേതിന് തൊട്ടുമ്പുമ്പുള്ള പെട്ടിക്കടയിൽ നിന്ന് ഒരു ഇന്തോമീ ഗോറെങ്ങും ഗ്രീൻ ടീയും കുടിച്ച് ശരീരം ചൂടാക്കി തിരികെയിറങ്ങാൻ തുടങ്ങി. മുസ്്ലിംകൾ തിങ്ങിപ്പാർക്കുന്ന ഈ മലഞ്ചെരുവിലെ ഒരു ഭാഗത്ത് നിന്ന് ബുർദയും ത്വലഅൽ ബദ്‌റുവും കേൾക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട ദിശയിലേക്ക് വഴിതിരിച്ചു. ഒരു കൊച്ചു മുറിയിൽ പ്രവർത്തിക്കുന്ന മദ്്റസ ആയിരുന്നു അത്. ആറ് വയസ്സിന് താഴെ മാത്രം പ്രായമുള്ള കുട്ടികളാണ് ബുർദ പാടുന്നത്. അവരോടൊപ്പം ഒരൽപ്പം ബുർദ ചൊല്ലി വീഡിയോ എടുത്ത് വീണ്ടും താഴോട്ട്. റോഡിലെത്തിയ ശേഷം കാറ് കയറി ചുരമിറങ്ങുമ്പോഴും മനോഹരമായ മലമുകളിൽ താമസിക്കുന്ന അതിമനോഹരമായി ചിരിക്കുന്ന ഉരുണ്ട മുഖങ്ങൾ മനസ്സിൽ മായാതെ നിന്നു.

Content Highlights:
Nepal Van Jawa is a picturesque mountain village located over 3,300 feet above sea level at the foothills of Mount Sumbing in Java, Indonesia. Famous for its step-farmed hills, crisp climate, and warm hospitality, it offers unique vistas accessible mostly via two-wheelers. The travelog captures its mist-covered landscapes, thriving vegetable farms, and the resilient local lifestyle.

 

---- facebook comment plugin here -----

Latest