International
ജെൻസി പ്രക്ഷോഭത്തിൽ കാലിടറി; നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജി വെച്ചു
പ്രക്ഷോഭകർ നേപ്പാൾ പാർലിമെൻ്റ് മന്ദിരത്തിന് തീയിട്ടു

കാഠ്മണ്ഡു | നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജി വെച്ചു. സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിന്റെ രാജിക്ക് വഴിയൊരുക്കിയത്. പ്രക്ഷോഭകർ നേപ്പാൾ പാർലിമെൻ്റ് മന്ദിരത്തിന് തീയിട്ടു. സോഷ്യൽ മീഡിയ നിരോധനം തിങ്കളാഴ്ച പിൻവലിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം ശക്തമായി തുടരുകയായിരുന്നു. പ്രതിഷേധകർ മുൻ പ്രധാനമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ വീടുകൾ അഗ്നിക്കിരയാക്കി. ഇതിനെത്തുടർന്ന് കാഠ്മണ്ഡുവിലും മറ്റ് പ്രധാന നഗരങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കുകയും, സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു.
നേപ്പാളിലെ ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദേവുബ, പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ, ആഭ്യന്തര മന്ത്രി രമേശ് ലേഖക്, നേപ്പാൾ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് പുഷ്പ കമൽ ദഹൽ എന്നിവരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. നിലവിലെ വിദേശകാര്യ മന്ത്രിയായ അർസു ദേവുബ റാണയുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ സ്കൂളും അഗ്നിക്കിരയായി. സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുള്ള പ്രതിഷേധമായാണ് തിങ്കളാഴ്ചത്തെ പ്രകടനങ്ങൾ ആരംഭിച്ചതെങ്കിലും, അഴിമതിക്കെതിരെയും രാഷ്ട്രീയ പാർട്ടികളോടുള്ള അതൃപ്തിയും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കി.

നേപ്പാളിലെ കാഠ്മണ്ഡുവിൽ കർഫ്യൂ ഉത്തരവുകൾ ലംഘിച്ച് പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുന്നു.
കർഫ്യൂ നിലനിൽക്കുന്നുണ്ടെങ്കിലും, ചൊവ്വാഴ്ചയും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. “സർക്കാരിലെ കൊലപാതകികളെ ശിക്ഷിക്കുക, കുട്ടികളെ കൊല്ലുന്നത് നിർത്തുക” എന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി്യായിരുന്നു പ്രതിഷേധം. അതേസമയം, പോലീസ് ഉച്ചഭാഷിണിയിലൂടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിരോധനമേർപ്പെടുത്തിയത്. പുതിയ നിയമങ്ങൾ പാലിക്കാത്തതിനാലും സർക്കാർ മേൽനോട്ടത്തിന് വിധേയമാകാത്തതിനാലുമായിരുന്നു ഈ നടപടി.
സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ തിങ്കളാഴ്ച പതിനായിരക്കണക്കിന് ആളുകളാണ് കാഠ്മണ്ഡുവിൽ പ്രകടനം നടത്തിയത്. പാർലമെന്റ് മന്ദിരം വളഞ്ഞ പ്രതിഷേധകർക്ക് നേരെ പോലീസ് വെടിയുതിർക്കുകയും, 19 പേർ കൊല്ലപ്പെടുകയും ചെയ്തു. 1995-നും 2010-നും ഇടയിൽ ജനിച്ചവരെ പൊതുവെ സൂചിപ്പിക്കുന്ന ‘ജെൻ സെഡ്’ എന്ന യുവതലമുറയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.
കെ.പി. ശർമ്മ ഒലിയുടെ രാജിക്ക് പിന്നാലെ സർക്കാർ രൂപീകരണത്തിന് ഊന്നൽ നൽകുമെന്ന് പ്രധാന രാഷ്ട്രീയ കക്ഷികൾ അറിയിച്ചു. രാജ്യത്ത് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.