Connect with us

Kerala

നീറ്റ് പി ജി പരീക്ഷ: സെന്ററുകള്‍ അനുവദിച്ചതിലെ അപാകതകള്‍ പരിഹരിക്കും; കേരള എം പിമാര്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രമന്ത്രി

എം പിമാരായ ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കാണ് മന്ത്രിയുടെ ഉറപ്പ്.

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് പി ജി പരീക്ഷയുടെ സെന്ററുകള്‍ അനുവദിച്ചതിലെ അപാകതകള്‍ പരിശോധിച്ചു പരിഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്ക് ഉറപ്പു നല്‍കി. വിഷയത്തില്‍ മന്ത്രിയെ നേരില്‍ കണ്ട് എം പിമാര്‍ നിവേദനം നല്‍കുകയായിരുന്നു. എം പിമാരായ ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. രാജ്യത്തുടനീളമുള്ള നീറ്റ് പി ജി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ വ്യാപകമായ ആശയക്കുഴപ്പവും ദുരിതവും സൃഷ്ടിച്ചിട്ടുള്ള ഗുരുതരമായ പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ ബി ഇ എം എസ്) നീറ്റ് പി ജി പരീക്ഷ 2025-ന്റെ സെന്ററുകള്‍ അനുവദിച്ചുള്ള സ്ലിപ്പുകള്‍ നല്‍കിയതില്‍ കേരളത്തില്‍ നിന്ന് പരീക്ഷ എഴുതുന്നവര്‍ക്ക് സംസ്ഥാനത്തിന് വെളിയില്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലെ ആന്ധ്രപ്രദേശ് ഉള്‍പ്പടെ മറ്റു സംസ്ഥാനങ്ങളിലാണ് സെന്ററുകള്‍ അനുവദിച്ചിരിക്കുന്നത്.

കൂടാതെ ചില വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്ലിപ്പില്‍ പരീക്ഷാ കേന്ദ്രത്തിന്റെ പേര് പരാമര്‍ശിക്കുന്നതിനു പകരം ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനത്തിന്റെ പേര് മാത്രമേ കാണിച്ചിട്ടുള്ളൂവെന്നും എം പിമാര്‍ മന്ത്രിയെ അറിയിച്ചു.