Articles
നീറ്റ്: നിഗൂഢതകള്‍ നിറഞ്ഞ ദേശീയ പരീക്ഷ
ജാഗ്രതയോടെ പഠിച്ചു പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ് യഥാര്‍ഥത്തില്‍ നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി അമ്മാനമാടുന്നത്. അതുകൊണ്ട്് തന്നെയാണ് പ്രശ്‌നം പരിഗണിക്കുന്ന സുപ്രീം കോടതി ഇന്നലെ നീറ്റ് പരീക്ഷക്ക് വിശ്വാസ്യതയോ പവിത്രതയോ ഇല്ല എന്ന നിരീക്ഷണം നടത്തിയത്. അതിനര്‍ഥം നിഗൂഢമായ താത്പര്യങ്ങളോടെ, കൃത്രിമങ്ങള്‍ അരങ്ങേറിയ ഈ പരീക്ഷാഫലം സാധുവല്ല എന്ന് തന്നെയല്ലേ?

അസംഭവ്യങ്ങള്‍ നിരന്തരം സംഭവിക്കുന്നതിന് സാക്ഷ്യം വഹിച്ച് നിത്യവും ഞെട്ടാന്‍ വിധിക്കപ്പെട്ടവരാണ് ഇന്ത്യക്കാര്‍. വാഴ്ത്തപ്പെടുന്ന ദേശീയ പരീക്ഷകള്‍ പല സന്ദര്‍ഭങ്ങളിലും ഞെട്ടലിന്റെ ആക്കം വര്‍ധിപ്പിക്കാറുണ്ട്. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ ആരംഭിച്ച നാള്‍ മുതല്‍ തന്നെ പരീക്ഷാ ക്രമക്കേടുകള്‍ക്ക് ദേശീയമാനം കൈവന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ അരങ്ങേറിയത് ഒരു ദേശീയ പരീക്ഷയില്‍ ഒരിക്കലും സംഭവിക്കരുതാത്ത കാര്യങ്ങള്‍. ഇത്തവണ ദേശീയ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവര്‍ 67 പേര്‍. ഒരിക്കലും അങ്ങനെ സംഭവിക്കില്ല. പ്രഥമദൃഷ്ട്യാ ക്രമക്കേടാണതെന്ന് വിലയിരുത്താന്‍ മറ്റൊന്നും ആവശ്യമില്ല.
ആകെ മാര്‍ക്ക് 720. അതില്‍ 718/719 നേടിയവര്‍ അനവധി. പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പര്‍ പല സെന്ററുകളിലും ഒരേസമയം ചോര്‍ന്നു. അതെങ്ങനെ എന്ന ചോദ്യത്തിന് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. അത്ഭുതകരം എന്നു പറയട്ടെ, ഒന്നാം റാങ്ക് കരസ്ഥമാക്കിയ 67 അംഗ വിദ്യാര്‍ഥിപ്പടയില്‍ ആറ് പേര്‍ ഹരിയാനയിലെ ഒരു പ്രത്യേക സെന്ററില്‍ പരീക്ഷ എഴുതിയവര്‍. അത് മറ്റൊരു അസംഭവ്യത. അതിലേറെ വിചിത്രമായ കാര്യം അവരില്‍ ആറ് പേര്‍ക്കും സര്‍നെയിം ഉണ്ടായിരുന്നില്ല എന്നതാണ്. എല്ലാവര്‍ക്കും സ്വന്തം ജനിതക നാമം മാത്രം. കുടുംബ പേരോ മാതാപിതാക്കളുടെ പേരോ ചേര്‍ക്കാത്ത ആറ് പേര്‍ ഒന്നാം റാങ്ക് നേടി അത്ഭുതം പ്രവര്‍ത്തിച്ചു. ദൈവത്തിന് സ്‌തോത്രം!
കൃത്രിമത്വത്തിന് പുതുവഴികള്‍
എം ബി ബി എസിന് രാജ്യത്ത് ആകെ 1,08,940 സീറ്റുകള്‍ ആണുള്ളത്. അതിനായി പരീക്ഷ എഴുതിയത് 23 ലക്ഷം വിദ്യാര്‍ഥികള്‍. അവരില്‍ 13.16 ലക്ഷം വിദ്യാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ യോഗ്യരായി കയറിക്കൂടി. ക്വാളിഫിക്കേഷന്‍ സ്‌കോര്‍ ഇത്തവണ ജനറല്‍ കാറ്റഗറിയില്‍ 720ല്‍ നിന്ന് 164 മാത്രമായി കുറച്ചത് വഴിയാണ് ഇത്രയുമേറെ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പ്രവേശന റാങ്ക് ലിസ്റ്റില്‍ വന്നത്. എന്തിന് യോഗ്യതാ സൂചിക ഇത്രയും താഴ്ത്തി എന്നതില്‍ സംശയം നേരത്തേ ഉയര്‍ന്നിരുന്നു. ക്രമക്കേടുകള്‍ക്ക് ഏറ്റവും സൗകര്യം എണ്ണത്തിലെ ഗണ്യമായ വര്‍ധനയാണെന്ന കാര്യം ശ്രദ്ധിക്കണം. കഴിഞ്ഞ വര്‍ഷം 600 മാര്‍ക്കിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ലഭിച്ചിട്ടില്ല എന്നിരിക്കെയാണ് യോഗ്യതാ മാര്‍ക്കിലെ ഈ താഴ്ത്തല്‍. എന്നാല്‍, കട്ട് ഓഫ് മാര്‍ക്ക് ഇത്തവണ 660 ആയി ഉയര്‍ത്തുകയും ചെയ്തു.
ഗ്രേസ് മാര്‍ക്ക് മറ്റൊരു തട്ടിപ്പ്
ചോദ്യക്കടലാസുകള്‍ ചോര്‍ന്നതായി ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നുവന്നു. ചോദ്യപേപ്പര്‍ മാറ്റി നല്‍കിയ സംഭവം രാജസ്ഥാനില്‍ നിന്ന് റിപോര്‍ട്ട് ചെയ്തു. എത്ര അശ്രദ്ധമായും ഗൗരവമില്ലാതെയുമാണ് ഈ പരീക്ഷാ നടത്തിപ്പിന് ഏജന്‍സി നേതൃത്വം നല്‍കിയത് എന്നുള്ളതിന്റെ തെളിവായിരുന്നു അവ.
എന്നു മാത്രമല്ല, ഹാളിനുള്ളില്‍ ചോദ്യപേപ്പര്‍ നല്‍കിയതില്‍ വന്ന കാലതാമസം മൂലം പലയിടങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചില്ല എന്ന പരാതിയും വ്യാപകമായിരുന്നു. ആ പ്രശ്‌നം ചൂണ്ടിക്കാട്ടി കേസ് ഫയല്‍ ചെയ്ത 1,563 വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കാനാണ് തീരുമാനിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സുപ്രധാനമായ ഒരു മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ എഴുതാനുള്ള സമയം നഷ്ടപ്പെട്ടതിന്റെ പേരില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കാന്‍ തീരുമാനിക്കുന്നത്. അതിന്റെ മറവില്‍ കുറച്ചുപേര്‍ക്കെങ്കിലും ഉദാരമായി മാര്‍ക്ക് ദാനം നല്‍കാനാണ് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി ഒരുമ്പെട്ടത്. കൂടുതല്‍ പേര്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയത് അത്തരം ഒരു ഗ്രേസ് മാര്‍ക്കിന്റെ ആനുകൂല്യത്തില്‍ ആയിരുന്നു എന്ന വിചിത്ര ന്യായവും അവര്‍ മുന്നോട്ടുവെച്ചു. ഇതുപോലെ ഒരു പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് എന്ന ഒരു വ്യവസ്ഥ തന്നെയില്ല. പക്ഷേ അതും കൃത്രിമങ്ങള്‍ അരങ്ങേറാന്‍ മുന്‍കൂര്‍ പ്ലാന്‍ ചെയ്തത് ആണെന്ന് കരുതേണ്ടി വരും. എത്ര ലാഘവത്തോടെയാണ് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി ദേശീയ പരീക്ഷാ നടത്തിപ്പ് കൈകാര്യം ചെയ്തത് എന്നത് ഇതില്‍ നിന്ന് സുവ്യക്തമാണ്.
ഹരിയാനയിലെ ഒരു സെന്ററില്‍ പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്ക് നേടാന്‍ സാധിച്ചതിന് പിന്നിലെ രഹസ്യം എന്താണെന്ന് ഇപ്പോള്‍ പരസ്യമായിക്കഴിഞ്ഞു എന്ന് പറയാം. മേല്‍പ്പറഞ്ഞ വസ്തുതകളെല്ലാം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ പരീക്ഷാ ഫലത്തിന് അംഗീകാരം നല്‍കണമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ജാഗ്രതയോടെ പഠിച്ചു പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ് യഥാര്‍ഥത്തില്‍ നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി അമ്മാനമാടുന്നത്. അതുകൊണ്ട്് തന്നെയാണ് പ്രശ്‌നം പരിഗണിക്കുന്ന സുപ്രീം കോടതി ഇന്നലെ നീറ്റ് പരീക്ഷക്ക് വിശ്വാസ്യതയോ പവിത്രതയോ ഇല്ല എന്ന നിരീക്ഷണം നടത്തിയത്. അതിനര്‍ഥം നിഗൂഢമായ താത്പര്യങ്ങളോടെ, കൃത്രിമങ്ങള്‍ അരങ്ങേറിയ ഈ പരീക്ഷാഫലം സാധുവല്ല എന്ന് തന്നെയല്ലേ?
എന്തിന് ദേശീയ പ്രവേശന പരീക്ഷ?
രാജ്യത്തെ മുഴുവന്‍ ജനങ്ങളും സുപ്രധാനമായ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധിച്ച് ആമഗ്നരായിരിക്കുന്ന ജൂണ്‍ നാലിന് തന്നെ നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിക്ക് പിന്നിലെ ചാണക്യ തന്ത്രം എന്തെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു. നീറ്റ് പരീക്ഷാ നടത്തിപ്പിലെ തട്ടിപ്പുകള്‍ രാജ്യം അറിയാതിരിക്കാനുള്ള സുവര്‍ണ ദിനമായി അവര്‍ അതിനെ ഉപയോഗിച്ചു എന്നതല്ലേ സത്യം.
പക്ഷേ, വസ്തുതകള്‍ ഓരോന്നോരോന്നായി പുറത്തുവന്നുകഴിഞ്ഞു. ഗ്രേസ് മാര്‍ക്ക് നല്‍കിയ നടപടിക്കെതിരായി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ മറ്റൊരു കേസ് ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രേസ് മാര്‍ക്കിന്റെ മാനദണ്ഡം എന്തായിരുന്നു എന്ന ചോദ്യമാണ് ഹൈക്കോടതി നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചോദിച്ചിട്ടുള്ളത്. ഗ്രേസ് മാര്‍ക്കിന്റെ മറവില്‍ ഏജന്‍സി വരുത്തിയ തട്ടിപ്പുകള്‍ എന്തൊക്കെ എന്നറിയാനിരിക്കുന്നതേയുള്ളൂ.
എന്തിനാണ് മെഡിക്കല്‍ പ്രവേശനത്തിന് ഒരു ദേശീയ പരീക്ഷ എന്ന ചോദ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന, വിവിധ സംസ്ഥാനങ്ങള്‍ അടങ്ങിയ, ഇന്ത്യ പോലെ ഒരു രാജ്യത്ത് മെഡിക്കല്‍ പ്രവേശനം കേന്ദ്രീകൃതമാക്കണം എന്നത് എത്രത്തോളം അപ്രായോഗികവും അതാര്യവുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ പരീക്ഷാ റിസല്‍ട്ട്. കാലങ്ങളായി സംസ്ഥാനങ്ങളിലെ വ്യത്യസ്ത മെഡിക്കല്‍ ബോര്‍ഡുകള്‍/ പ്രവേശന കമ്മീഷണര്‍മാര്‍ നടത്തിവന്ന സാമാന്യം മെച്ചപ്പെട്ട പ്രവേശന പരീക്ഷാ നടപടികളെ ഒരൊറ്റ കേന്ദ്രത്തിന് കീഴിലാക്കിയത് തന്നെ “വ്യാപം’ അഴിമതി പോലെയുള്ള ദേശീയ തട്ടിപ്പുകള്‍ക്ക് കളമൊരുക്കാന്‍ ആയിരുന്നു എന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. 23 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഒരു പരീക്ഷ എങ്ങനെയാണ് കുറ്റമറ്റ രീതിയില്‍ നടത്താനാകുക?
പരീക്ഷാ മാഫിയ ശിക്ഷിക്കപ്പെടണം
പരീക്ഷാ ലോബികള്‍, വിശേഷിച്ചും വടക്കന്‍ സംസ്ഥാനങ്ങളില്‍, ഒരു മാഫിയാ സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്നു എന്നത് മധ്യപ്രദേശിലെ “വ്യാപം’ അഴിമതി തന്നെ കാണിച്ചു തന്നതാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍, സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളുടെയും കൂടി അടിസ്ഥാനത്തില്‍, നീറ്റ് പരീക്ഷ ഉടനടി നിര്‍ത്തലാക്കേണ്ടതാണ്. സംസ്ഥാനങ്ങളില്‍ നേരത്തേ നിലവില്‍ ഉണ്ടായിരുന്നത് പോലെ സംസ്ഥാനതല പ്രവേശന പരീക്ഷാ കമ്മീഷനുകള്‍ പ്രവേശന പരീക്ഷകള്‍ നടത്തട്ടെ. അക്കാദമികമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത് എത്രയും വേഗം ഒഴിവാക്കുക എന്നതായിരിക്കണം ജനാധിപത്യ സമീപനം. പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ “ഒരു രാജ്യം ഒരു പരീക്ഷ’ തുടങ്ങിയ കപടവും വ്യാജവും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തകര്‍ക്കാന്‍ ഇടവരരുത്. ഇപ്പോള്‍ ഇത്രയും വലിയ മാനത്തില്‍ പരീക്ഷാ തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എന്‍ ടി എ എന്ന ഏജന്‍സിയെ പിരിച്ചു വിടുകയും വേണം.