National
മുല്ലപ്പെരിയാര്‍ ഡാം സൈറ്റിലെ മരംമുറി: നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി
അണക്കെട്ടില്‍ ഗ്രൗട്ടിങ് നടത്തുന്നതിന് മുന്നോടിയായി ആര്‍ ഒ വി (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) പഠനം നടത്തണമെന്ന് തമിഴ്‌നാടിനോട് കോടതി.

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ച് സുപ്രീം കോടതി. അണക്കെട്ടില്‍ ഗ്രൗട്ടിങ് നടത്തുന്നതിന് മുന്നോടിയായി ആര്‍ ഒ വി (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) പഠനം നടത്തണമെന്ന് തമിഴ്‌നാടിനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്.
തമിഴ്‌നാട് നല്‍കിയ അപേക്ഷയില്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയതായി കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും അഭിഭാഷകന്‍ ജി പ്രകാശുമാണ് കേരളത്തിനു വേണ്ടി ഹാജരായത്.
അണക്കെട്ടുമായി ബന്ധപ്പെട്ട് സൂപ്പര്‍വൈസറി കമ്മിറ്റി നല്‍കിയ ശിപാര്‍ശകള്‍ പാലിക്കാന്‍ തമിഴ്‌നാടിനോടും കേരളത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഇരു സംസ്ഥാനങ്ങളും പരമോന്നത കോടതിയെ അറിയിച്ചു.