Kerala
വി ഡി സതീശന്റെ നിലപാട് തള്ളി രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭയില്‍ എത്തിക്കാന്‍ നീക്കം
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ നിന്ന് അവധിയെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം

തിരുവനന്തപുരം | ലൈംഗികാരോപണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഷന്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ ശക്തിപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകളെ തള്ളിയാണ് ഒരു വിഭാഗം രാഹുലിനെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയത്.
ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ രാഹുലിനെ സസ്‌പെന്റ് ചെയ്തപ്പോള്‍, പാര്‍ലിമെന്ററി പര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു നേതാക്കള്‍പറഞ്ഞത്. എന്നാല്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ശേഷം പാര്‍ട്ടിയില്‍ രാഹുലിന് അനുകൂലമായി നിലപാടു മാറുകയായിരുന്നു. രാഹുലിനെതിരായി നടപടി ആവശ്യപ്പെട്ട വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതോടെ നിശ്ശബ്ദരായി. രാഹുലിനു പകരം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കം കടുത്ത ഗ്രൂപ്പ് പോരുമൂലം അസാധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. നേരത്തെ രാഹുലിനെതിരെ ശക്തമായി നിലപാടെടുത്ത നേതാക്കള്‍ പോലും രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നതരത്തില്‍ നിലപാട് തിരുത്തുകയും ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ നിന്ന് അവധിയെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിവിധ വിഷയങ്ങള്‍ ഉണ്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്താല്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിരോധത്തില്‍ ആവുന്ന സാഹചര്യമുണ്ടാവുമെന്നാണ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സഭാ സമ്മേളനത്തിന് തൊട്ടു മുന്‍പ് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
രാഹുല്‍ നിയമസഭയില്‍ എത്തണമെന്നും പാര്‍ട്ടി സംരക്ഷണം ഒരുക്കണമെന്നുമുള്ള ആവശ്യവുമായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാഹുല്‍ സഭയില്‍ വരുന്നത് വിലക്കാനാകില്ലെന്നതായിരുന്നു കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ച നിലപാട്. ഇതിനോട് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യോജിക്കുന്നു. ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഇപ്പോഴും സഭയിലുണ്ടെന്നും രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കിയിട്ടില്ലല്ലോ എന്നുമുള്ള ന്യായങ്ങള്‍ ഉന്നയിച്ചാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും സഭയിലേക്കുള്ള രാഹുലിന്റെ വരവിനെ പിന്തുണയ്ക്കുന്നത്.
രാഹുലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രണത്തിന് വിധേയമാവുകയാണ് വി ഡി സതീശന്‍. നടപടി പാര്‍ട്ടിയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയെന്നാണ് വി ഡി സതീശന്‍ അവകാശപ്പെട്ടിരുന്നത്. നടപടിക്കു വിധേയനായ രാഹുല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ശക്തനായി നയമസഭയില്‍ എത്തുന്നത് വി ഡി സതീശന് കനത്ത ആഘാതമായിരിക്കും.