Kerala
അച്ചടക്ക നടപടിയെ മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊതുപരിപാടിയില്‍ സജീവമാക്കാന്‍ നീക്കം
പോസ്റ്ററുകളോ പ്രചരണമോ നല്‍കാതെ രഹസ്യമായിട്ടായിരിക്കും ആദ്യഘട്ടത്തില്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുക

പാലക്കാട് | കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിയെ മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിപാടികളില്‍ സജീവമാക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങി.
ഗര്‍ഭച്ഛിദ്രം, വധഭീഷണി, ലൈംഗിക പീഡനം തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ സ്വീകരിച്ച അച്ചടക്ക നടപടിയെ മറികടന്ന് രാഹുലിനെ പൊതുപരിപാടികളില്‍ ഒളിച്ച് എത്തിക്കുന്നതാണ് ഷാഫി-രാഹുല്‍ സംഘത്തിന്റെ നീക്കം. പാര്‍ട്ടി തീരുമാനം മറികടന്ന് രാഹുലിനെ പരിപാടികളില്‍ സജീവമാക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു തട്ടിലാണ്.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കപ്പെടുകയും ചെയ്ത രാഹുലിനെ മുഖ്യധാരയില്‍ എത്തിക്കാനാണ് നീക്കം. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ ആക്രമിക്കപ്പെട്ട വാര്‍ത്തക്കുപിന്നാലെ പോലീസിനെതിരെ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നിരുന്നു.
പാലക്കാട് മണ്ഡലത്തിലും ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും രാഹുലിനെ പരിപാടികളില്‍ പങ്കെടുപ്പിക്കാനാണ് നീക്കം. പോസ്റ്ററുകളോ പ്രചരണമോ നല്‍കാതെ രഹസ്യമായിട്ടായിരിക്കും ആദ്യഘട്ടത്തില്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുക. നിരവധി സ്ത്രീകള്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കുന്ന ചിത്രം രാഹുല്‍ അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കുകയും രാഹുലിനെ ഇല്ലാതാക്കാന്‍ ആരുവിചാരിച്ചാലും കഴിയില്ലെന്ന സന്ദേശം നല്‍കുകയും ചെയ്തു. വി ഡി സതീശനെ ലക്ഷ്യമിട്ടാണ് ഇത്തരം പ്രതികരണങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.