Connect with us

Ongoing News

പിഴവുകളുണ്ടായി, തുണച്ചത് ഭാഗ്യം: ദിവ്യ ദേശ്മുഖ്

ചില സന്ദര്‍ഭങ്ങളില്‍ മനസ്സ് കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു. വിജയം അനായാസമാകുമായിരുന്നു. എന്നാല്‍, ജി4 നീക്കം പിഴവായി.

Published

|

Last Updated

ചെന്നൈ | ‘യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഈ വിജയം ഭാഗ്യമാണെന്നാണ് കരുതുന്നത്. ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഞാനൊരു ഗ്രാന്‍ഡ് മാസ്റ്റര്‍ ആയിരിക്കുന്നു.’- കൊനേരു ഹംപിയെ പരാജയപ്പെടുത്തി ഫിഡെ ചെസ്സ് വനിതാ ലോകകിരീടം ചൂടിയ ദിവ്യ ദേശ്മുഖിന്റേതാണ് ഈ പ്രതികരണം.

വിജയം ഭാഗ്യമാണെന്ന് പറയുന്നതിനുള്ള വിശദീകരണവും താരം നല്‍കി. മത്സരത്തിന്റെ അവസാന ഘട്ടങ്ങളെ കുറിച്ച് ഞാനിനിയും പഠിക്കേണ്ടതുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മനസ്സ് കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു.വിജയം അനായാസമാകുമായിരുന്നു. ജി4 നീക്കം അതിന് തടസ്സമായി. റൂക്ക് എ3, റൂക്ക് എഫ്3, റൂക്ക് ജി3 എന്നിവയിലൂടെ മുന്നേറണമായിരുന്നു.- 19കാരി പറഞ്ഞു.

ചെറു പ്രായത്തില്‍ തന്നെ ലോകകിരീടം ചൂടാനായത് കൂടുതല്‍ വിജയങ്ങളിലേക്ക് തന്നെ നയിക്കുമെന്നും ദിവ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത് വലിയ വിജയം തന്നെയാണ്. എന്നാല്‍, കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. ഇതൊരു തുടക്കം മാത്രമാണെന്നാണ് കരുതുന്നത്. ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.

ടൈ ബ്രേക്കറിലാണ് ദേശ്മുഖ് വിജയം കരസ്ഥമാക്കിയത്. ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. ഗ്രാന്‍ഡ് മാസ്റ്ററാകുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയാണ് ദിവ്യ ദേശ്മുഖ്. കൊനേരു ഹംപി, ആര്‍ വൈശാലി, ഹരിക ദ്രോണാവാലി എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.