Connect with us

Kerala

പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി

ചില തദ്ദേശ സ്ഥാപനങ്ങള്‍ വന്‍ തുകയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഇതുകാരണം പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന പ്രവര്‍ത്തനം പലയിടത്തും തടസ്സപ്പെടുകയാണെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പൊളിക്കാനുള്ള പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് 5000 കോടി രൂപയുടെ പുതിയ സ്‌കൂള്‍ കെട്ടിടങ്ങളാണ് പൊതു വിദ്യാലയങ്ങളില്‍ നിര്‍മിച്ചതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പുതിയ സ്‌കൂള്‍ കെട്ടിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പലയിടത്തും പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ അതേപടി നിലനില്‍ക്കുകയാണ്. പല സ്‌കൂളുകളിലും 100 കൊല്ലത്തിലധികം പഴക്കമുള്ള ഇത്തരം കെട്ടിടങ്ങള്‍ നിലവിലുണ്ട്. നിയമപ്രകാരം കെട്ടിടങ്ങള്‍ പൊളിക്കാന്‍ ലേലം പിടിച്ച കോണ്‍ട്രാക്ടര്‍മാര്‍ പൊളിച്ച് സാമഗ്രികള്‍ കൊണ്ടുപോവുകയാണ് പതിവ്. എന്നാല്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വന്‍ തുകയാണ് ഇതിന് ഫീസായി നിശ്ചയിച്ചിരിക്കുന്നതെന്നും ഇത് കാരണം പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന പ്രവര്‍ത്തനം പലയിടത്തും തടസ്സപ്പെടുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇക്കാര്യം ഗൗരവമായി കണ്ടുകൊണ്ട് ന്യായമായും നിയമപരമായും ചെയ്യേണ്ട കാര്യങ്ങള്‍ അടിയന്തരമായി ചെയ്ത് പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഇല്ലെങ്കില്‍ കെട്ടിടങ്ങള്‍ നിലംപൊത്തുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ ഇക്കാര്യത്തില്‍ ചുമതലപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഈ വിഷയത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രദേശത്തെ ജനങ്ങളും ജാഗ്രത കാണിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

 

Latest