Kerala
ഓണം കളറാക്കാൻ സമർഥമായി പ്രവർത്തിച്ചു; ധനമന്ത്രി ബാലഗോപാലിനെ പ്രശംസിച്ച് മന്ത്രി ആർ ബിന്ദു
അങ്ങേയറ്റം കഠിനമായ കാലത്തും കേരളം മുന്നേറുന്നത് വിമർശകരെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു
തിരുവനന്തപുരം | സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിനെയും ധന വകുപ്പിനെയും അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഓണം കളറാക്കാൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സമർഥമായി പ്രവർത്തിച്ച ധനകാര്യ വകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങളെന്ന് മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിലാണ് കുറിച്ചത്.
ഓണക്കാലത്ത് സപ്ലൈകോ വഴി അടക്കം ഇരുപതിനായിരം കോടി രൂപയാണ് സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചതെന്നും രണ്ട് മാസത്തെ ക്ഷേമ പെൻഷനായി 3,200 രൂപ 62 ലക്ഷം പേരുടെ കൈകളിലേക്ക് ഓണത്തിന് 10 ദിവസം മുൻപ് തന്നെ എത്തിയെന്നും മന്ത്രി കുറിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിനും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനുമുൾപ്പെടെ മന്ത്രിമാർക്കെല്ലാം അഭിമാനിക്കാം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും ഒരുമിച്ച് ചേർന്ന് ഈ ഓണം ഗംഭീരമാക്കി.

