International
ശനിയുടെ ഉപഗ്രഹമായ മിമാസില്‍ സമുദ്രമുണ്ടാകാമെന്ന് പഠനം
കൂറ്റന്‍ മഞ്ഞു പാളിക്കടിയില്‍ വലിയൊരു സമുദ്രത്തെ മിമാസ് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

ന്യൂഡല്‍ഹി| ശനിയുടെ ഉപഗ്രഹമായ മിമാസില്‍ ഏതാണ്ട് 20 മൈല്‍ കനത്തില്‍ മഞ്ഞു മൂടിക്കിടക്കുന്നു എന്നാണ് കരുതപ്പെടുന്നത്. ആ കൂറ്റന്‍ മഞ്ഞു പാളിക്കടിയില്‍ വലിയൊരു സമുദ്രത്തെ മിമാസ് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഏതാണ്ട് 246 മൈല്‍ മാത്രം വിസ്തൃതിയുള്ള ശനിയോട് ഏറ്റവും അടുത്തുകിടക്കുന്ന ഉപഗ്രഹമാണ് മിമാസ്. ലഭ്യമായ ചിത്രങ്ങളില്‍ നിന്നും മിമാസില്‍ ജലം ദ്രവരൂപത്തിലുണ്ട് എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഈ മഞ്ഞു പാളിക്ക് താഴെ വെള്ളമുണ്ടാകുമെന്നാണ് കൊളറാഡോ സൗത്ത്വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ വെളിപ്പെടുത്തല്‍.
2014ല്‍ നാസയുടെ കാസിനി ബഹിരാകാശ പേടകം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മിമാസിന്റെ ഉപരിതലത്തിന് അടിയില്‍ വെള്ളമുണ്ടാകാമെന്ന നിഗമനം ഉണ്ടാവുന്നത്. മിമാസിന്റെ വലിപ്പവും നിര്‍മിക്കപ്പെട്ട രീതിയുമെല്ലാം വെച്ച് ഉള്‍ഭാഗത്തെ ചൂട് കണക്കുകൂട്ടിയിരുന്നു. പുതിയ പഠന പ്രകാരം വെള്ളത്തിന് ഒഴുകാന്‍ വേണ്ട താപനില ഈ ശനിയുടെ ഉപഗ്രഹത്തിന്റെ ഉള്‍ഭാഗത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന നല്‍കുന്നത്.
സ്പെയിന്റെ വിസ്തീര്‍ണത്തേക്കാള്‍ കുറവ് വലിപ്പം മാത്രമാണ് ശനി 1 എന്ന് വിളിക്കുന്ന മിമാസിനുള്ളൂ. മിമാസിനെ പോലുള്ള ചെറിയ കൊടും തണുപ്പുള്ള ഉപഗ്രഹങ്ങളില്‍ ജലം ദ്രവരൂപത്തിലുണ്ടാവാനുള്ള സാധ്യത നേരത്തെ ഗവേഷകര്‍ കണ്ടിരുന്നില്ല. എന്നാല്‍ 2014ലെ കാസിനി ബഹിരാകാശ പേടകമാണ് കാസിനിയുടെ മധ്യഭാഗം ഭ്രമണത്തിനിടെ ഉലയുന്നുവെന്ന് കണ്ടെത്തിയത്. ഈയൊരു സൂചനയാണ് മഞ്ഞുപാളികള്‍ക്കടിയില്‍ എന്തോ അജ്ഞാതമായ കാര്യം സംഭവിക്കുന്നുണ്ടെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.
കാസിനി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 20 മൈല്‍ കനമുള്ള മഞ്ഞുപാളിക്കുള്ളില്‍ സമുദ്രത്തെ തന്നെ മിമാസ് ഒളിപ്പിച്ചിട്ടുണ്ടാകാമെന്നാണ് ഇകാറസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മിമാസിന് സമാനമായ കൊടും തണുപ്പുള്ള അന്തരീക്ഷമുള്ള നിരവധി ഉപഗ്രഹങ്ങള്‍ നമ്മുടെ സൗരയൂഥത്തിലുണ്ട്.