Kerala
ആലപ്പുഴ തോട്ടപ്പള്ളിയില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് സംശയം
പീഡനശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ആലപ്പുഴ | തോട്ടപ്പള്ളിയില്‍ ഹംലത്ത് എന്ന മധ്യവയസ്‌കയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം. പീഡനശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഹംലത്തിന്റെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ മോഷണത്തിനു വേണ്ടിയല്ല കൊലപാതകമെന്നാണ് പോലീസ് നിഗമനം.
കൃത്യമായ ആസൂത്രണം നടത്തിയാണ് ഹംലത്തിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് വിലയിരുത്തുന്നത്. ശ്വാസംമുട്ടിയാണ് ഹംലത്ത് മരിച്ചതെന്നാണ് പ്രാഥമിക പരിശോധനാ ഫലത്തില്‍ നിന്ന് വ്യക്തമായത്. ദേഹത്ത് മുറിവേറ്റ പാടുകളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍, ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്.
അര്‍ധരാത്രിയോടടുത്താണ് സംഭവമുണ്ടായതെന്നാണ് കരുതുന്നത്. വീട്ടിലേക്കുള്ള വൈദ്യുതി ലൈനുകള്‍ മുറിച്ചുമാറ്റിയ നിലയിലാണ്. വീടിനകത്ത് മുളകുപൊടി വിതറി തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.